ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ അത്യപൂര്‍വ ഗാലക്‌സി കണ്ടെത്തി; സംഘത്തില്‍ നാല് മലയാളികളും

സാബു ജോസ് || ആസ്ട്രോ വയനാട്
പൂനെയിലെ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിലെ (IUCAA) ശാസ്ത്രജ്ഞനായ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഏറെ അപൂര്‍വതകളുള്ള ഗാലക്‌സി  (2MASX J 23453268 0449256)  കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും നീളം കൂടിയ  റേഡിയോ ജെറ്റുകളുള്ള സര്‍പ്പിള ഗാലക്‌സിയാണിത് (Spiral Galaxy). ഭൂമിയില്‍ നിന്ന് 112 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഈ ഗാലക്‌സിയില്‍ നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്.
സാധാരണഗതിയില്‍ സ്‌പൈറല്‍ ഗാലക്‌സികളില്‍ നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് വളരെ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളു. ഗാലക്‌സികളുടെ മധ്യത്തിലുള്ള തമോദ്വാരങ്ങള്‍(Black holes) ചുറ്റുപാടുനിന്നും ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍, കാന്തിക വലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്ക് തെറിക്കുന്ന ഇലക്‌ട്രോണുകളാണ് റേഡിയോ ജെറ്റുകള്‍ എന്ന പ്രതിഭാസത്തിന് പിന്നില്‍. സ്‌പൈറല്‍ ഗാലക്‌സികളില്‍ സാധാരണ ഗതിയില്‍ കുറഞ്ഞ പിണ്ഡമുള്ള തമോദ്വാരങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഈ ഗാലക്‌സിയുടെ വര്‍ണരാജി വിശകലനത്തില്‍(spectroscopy) നിന്നും മനസിലാക്കാനായത് ഇതിന്റെ കേന്ദ്രത്തില്‍ 20കോടി സൗരപിണ്ഡത്തിന് തുല്യമായ പിണ്ഡമുള്ള ഒരു തമോദ്വാരം ഉണ്ടെന്നാണ്!
സാധാരണ ഗാലക്‌സികളിലുള്ളതുപോലെ ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം (Cenral Bulge) ഇതിന്റെ കേന്ദ്രത്തില്‍ ഇല്ല എന്നുള്ളത് ഈ ഗാലക്‌സിയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോബള്‍ജ്(psuedo bulge) ഗണത്തില്‍പെടുന്ന സ്‌പൈറല്‍ ഗാലക്‌സിയാണ്. ഒരു സ്യൂഡോബള്‍ജ് ഗാലക്‌സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോദ്വാരം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഇതുകൂടാതെ  ഈ ഗാലക്‌സിയുടെ കറക്കവേഗതയും(430km/s) സാധാരണ ഗാലക്‌സികളെക്കാള്‍  വളരെ കൂടുതലാണ്.
പൂനെയിലുള്ള ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപ്പിന്റെയും(GMRT), ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ േഫാര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവലി ഒബ്‌സര്‍വേറ്ററിയുടെയും(IGO) സഹായത്തോടുകൂടിയായിരുന്നു ഈ കണ്ടുപിടുത്തം.  ഗവേഷണ സംഘത്തിലെ നാല്‌പേര്‍ മലയാളികളാണ്. ഐയുക്കയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോആയ ഡോ. എം വിവേക്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോ ആയ ഡോ. വി വിനു, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകനായ ഡോ. ജോ ജേക്കബ്, വയനാട് മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലെ അധ്യാപകനായ കെ ജി ബിജു എന്നിവരാണ് ഗവേഷണ സംഘത്തിലെ മലയാളികള്‍.ശ്രീ.ബിജു ആസ്ട്രോ കേരളയുടെ വയനാട്ടിലെ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയും കൂടിയാണ്.
ശാസ്ത്രസംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപ്പ്(GMRT)
മീറ്റര്‍ വേവ് ലെങ്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് ജിഎംആര്‍ടി. പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നാരായണന്‍ഗോണ്‍ഗ്രാമത്തിലാണ് ജിഎംആര്‍ടി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാഭാഗത്ത്‌നിന്നുമുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ ജിഎംആര്‍ടിയുടെ സഹായത്തോടെ ഗാലക്‌സികളെ കുറിച്ചും സൗരപ്രതിഭാസത്തെ കുറിച്ചുമുമെല്ലാമുള്ള പഠനങ്ങള്‍ നടത്തുന്നുണ്ട്.


019-GMRT- Pune
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റേഡിയോ ദൂരദര്‍ശിനിയായ വിഎല്‍എ(Very Large Array)യുടെ മൂന്നിരട്ടി കളക്ടിങ് ഏരിയയുണ്ട്  ജിഎംആര്‍ടിക്ക്. അനുബന്ധ ഉപകരണങ്ങള്‍ എട്ട് മടങ്ങ് സംവേദനക്ഷമമാണ്. 25 കിലോമീറ്റര്‍ വീതം നീളമുള്ള കരങ്ങളില്‍ 'Y' ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന 30 ഡിഷ് ആന്റിനകള്‍, ഓരോ ആന്റിനയിലുംസ്വതന്ത്രമായി തിരിയുന്ന നാല് വീതം റിസീവറുകള്‍, ഡിഷിന്റെ വ്യാസമാകട്ടെ 45 മീറ്ററുമാണ്. ആറ് വ്യത്യസ്ഥ ഫ്രീക്വന്‍സി ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന (38,153,233,327,610,1420 MHz) ജിഎംആര്‍ടിയുടെ കളക്ടിങ് ഏരിയാ 60750 ച.മീറ്ററാണ്. മുംബയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ(TIFR) ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോഫിസിക്‌സ് (NCRA) ആണ് ദൂരദര്‍ശനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും സവിശേഷ സൃഷ്ടിയായ സ്മാര്‍ട്ട് ( Stretch Mesh Attached to Rope Trussess-SMART) സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റീല്‍ വയറുകളുപയോഗിക്കുന്ന റേഡിയോ ആന്റിനകള്‍ഇന്ത്യയിലെ കാലാവസ്ഥക്ക് തികച്ചും അനുയോജ്യമാണ്.ട്രാന്‍സിയന്‍സ്( അതിവേഗത്തില്‍ അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഖഗോ  ്രപതിഭാസ്‌ക്കങ്ങളെ കുറിച്ചുള്ള പഠനം), ഗാലക്‌സി രൂപീകരണം, പള്‍സാറുകളെയുംന്യൂട്രോണ്‍ താരങ്ങളെയും കുറിച്ചുള്ള പഠനം, റേഡിയോ ഗാലക്‌സികളായ ബ്ലേയ്‌സറുകളെ കുറിച്ചുള്ള പഠനം, സൂപ്പര്‍നോവാ സ്‌ഫോടനം, സൗരപ്രതിഭാസങ്ങള്‍ എന്നിവയെല്ലാം ജിഎംആര്‍ടിയുടെ പരിധിയില്‍ വരും. പൂനെയിലെ  ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്(IUCAA) ജിഎംആര്‍ടിക്ക് സമീപമാണ്.

ഐയുക്ക ഗിരാവലി ഒബ്‌സര്‍വേറ്ററി (IGO)
പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ (IUCAA) നിയന്ത്രണത്തിലുള്ളതും ദൃശ്യപ്രകാശം ആധാരമാക്കി പവര്‍ത്തിക്കുന്നതുമായ (Optical Observatory ) ദൂരദര്‍ശിനിയാണ് ഐയുക്ക ഗിരാവലി ഒബ്‌സര്‍വേറ്ററി(IGO). പൂനെയില്‍ നിന്ന് 80 കി.മീ ദൂരെ പൂനെ-നാസിക് ഹൈവേയിലുള്ള ഗിരാവലി ഗ്രാമത്തിലാണ് ഈ നിരീക്ഷണ കേന്ദ്രമുള്ളത്. ഐയുക്കയിലെ ശാസ്ത്രജ്ഞര്‍ക്കും  ഗവേഷക വിദ്യാര്‍ഥികള്‍ക്കും വിവിധ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ് ഈദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. ഐയുക്ക കാംപസിന് സമീപമാണ് ദൂരദര്‍ശിനിയുള്ളത്. നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയത് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷനാണ്. ഐയുക്കയിലെ ശാസ്ത്രജ്ഞരാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. 2006 ഫെബ്രുവരി 14ന് നിര്‍മാണം പൂര്‍ത്തിയായ ഒബ്‌സര്‍വേറ്ററിയുടെ ഉദ്ഘാടനം 2006 മെയ് 13ന് പ്രൊഫ. യാഷ്പാല്‍ നിര്‍വഹിച്ചു. 2006 നവംബര്‍ മുതല്‍ ഗിരാവലി ഒബ്‌സര്‍വേറ്ററിയില്‍ സ്ഥിരമായി ആകാശ നിരീക്ഷണം നടക്കുന്നുണ്ട്.
200 സെന്റീമീറ്റര്‍ വ്യാസമുള്ള മുഖ്യദര്‍പ്പണമാണ് ഈ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയുടെ പ്രധാന സവിഷേത. സെക്കന്‍ഡറി മീററിന്റെ വ്യാസം 62 സെന്റീമീറ്ററാണ്. ഐയുക്കയില്‍ നിര്‍മിച്ച  ഐയുക്ക ഫെയിന്റ് ഒബ്ജക്ട് സ്‌പേക്‌ട്രോഗ്രാഫ് ആന്‍ഡ് ക്യാമറ(IFOSC)യാണ് ദൂരദര്‍ശിനിയിലെ പ്രധാന അനുബന്ധ ഉപകരണം. വളരെ ഉയര്‍ന്ന ചുമപ്പ്‌നീക്കം (Doppler shifting) പ്രദര്‍ശിപ്പിക്കുന്ന വളരെ മങ്ങിയ ഖഗോള പിണ്ഡങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഈ ഉപകരണത്തിന് കഴിയും. കൂടാതെ 1340x1300 പിക്‌സലുള്ള ഒരു പ്രിന്‍സ്ടണ്‍ സിസിഡി(PI-CCD) ക്യാമറയും ഈ ദൂരദര്‍ശിനിയിലുണ്ട്.


1 comment:

  1. Hearty congratulations for the great research work
    Chandramohan

    ReplyDelete