തവിട്ടുകുള്ളന്‍ പിടിയില്‍!

നമ്മളോട് വളരെ അടുത്തായി വെറും 7.2 പ്രകാശവര്‍ഷം അകലെ ഇതുവരെ കണ്ണില്‍ പെടാതെ ഒളിച്ചുകഴിഞ്ഞിരുന്ന ഒരു ചങ്ങാതിയാണ് നാസയുടെ Wide-field Infrared Survey Explorer (WISE)-ന്റെയും Spitzer Space Telescope-ന്റെയും സംയുക്തമായ റെയ്ഡില്‍ പിടിക്കപ്പെട്ടത്. ഇതുവരെ കണ്ടത്തപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും തണുത്ത നക്ഷത്രമാണ് ഇത്. തവിട്ടുകുള്ളന്‍ (Brown dwarf) എന്ന വിഭാഗത്തില്‍ പെടുന്ന ഈ നക്ഷത്രത്തില്‍ -48 നും -13 നും ഇടയ്ക്ക് ഡിഗ്രി സെല്‍സ്യസ് മാത്രമാണ് താപനില. (സൂര്യന് ഉപരിതലത്തില്‍ പോലും ഏതാണ്ട് 6000 ഡിഗ്രി ഉണ്ടെന്നോര്‍ക്കണം)
[caption id="attachment_1964" align="aligncenter" width="300"]നമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരും  ഒപ്പം അവര്‍ കണ്ടുപിടിക്കപ്പെട്ട വര്‍ഷവും. നമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരും ഒപ്പം അവര്‍ കണ്ടുപിടിക്കപ്പെട്ട വര്‍ഷവും.[/caption]


നക്ഷത്രം എന്നു വിളിക്കുന്നു എന്നേയുള്ളു. സത്യത്തില്‍ നക്ഷത്രമാവാനുള്ള പീയെസ്സി പരീക്ഷയുടെ കാലാവധി കഴിഞ്ഞ വെയ്റ്റിങ് ലിസ്റ്റിലെ അംഗങ്ങളാണ് തവിട്ടു കുള്ളന്‍മാര്‍, പരാജയപ്പെട്ട നക്ഷത്രങ്ങള്‍. വമ്പന്‍ വാതകപടലങ്ങളില്‍ പല ഭാഗങ്ങളില്‍ ഗുരുത്വം കാരണം ഒത്തുകൂടുന്ന പദാര്‍ത്ഥങ്ങള്‍ മര്‍ദ്ദവും താപവും കൂടി ഒടുവില്‍ ഒരു നിശ്ചിത താപനില കഴിയുമ്പോള്‍ Nuclear fusion വഴി ഹൈ‍ഡ്രജന്‍ ആറ്റങ്ങളെ കൂട്ടി യോജിപ്പിച്ച് ഹീലിയം ആക്കി മാറ്റാന്‍ തുടങ്ങുമ്പോഴാണ് ഒരു നക്ഷത്രം രൂപം കൊള്ളുന്നത്. ഒരു നിശ്ചിത അളവ് പദാര്‍ത്ഥങ്ങള്‍ ഒത്തുകൂടി അപേക്ഷിച്ചാല്‍ മാത്രമേ Nuclear fusion തുടങ്ങാനുള്ള ലൈസന്‍സ് ഗുരുത്വബലം നല്‍കുകയുള്ളു. അല്ലാത്തപക്ഷം ഫ്യൂഷന്‍ തുടങ്ങാന്‍ കഴിയാതെ നിസ്സഹായരായി, വളരെ നേര്‍ത്ത അളവിലുള്ള ഊര്‍ജ്ജം മാത്രം പുറപ്പെടുവിച്ച് അങ്ങനെ കഴിഞ്ഞുകൂടേണ്ടിവരും. അങ്ങനെ സ്റ്റാറാവാനുള്ള ആഗ്രഹം ഉള്ളിലടക്കി കഴിയുന്ന ഹതാശരാണ് തവിട്ടുകുള്ളന്‍മാര്‍. ഇവര്‍ പക്ഷേ ന്യൂനപക്ഷമൊന്നും അല്ല കേട്ടോ, നക്ഷത്രങ്ങളുടെ അത്രയും തന്നെയുണ്ട് അവര്‍ എണ്ണത്തില്‍. അക്കൂട്ടത്തില്‍ നമ്മളോട് ഏറ്റവും അടുത്തുള്ളതും ഏറ്റവും തണുത്തതുമാണ് ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. ഇത്രയും കുറഞ്ഞ താപനില കാരണമാണ് ഇത്ര അടുത്തുണ്ടായിട്ടും ഇയാള്‍ ഇത്ര നാളും കണ്ണില്‍ പെടാതെ പോയത്. ഇതിന് WISE J0855-0714 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 


വൈശാഖന്‍ തമ്പി/ആസ്ട്രോ കേരള


No comments:

Post a Comment