ഇനി ക്രയോജനിക്‌ ക്ലബ്ബില്‍ ഇന്ത്യയും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍ വി. ഡി-5 ന്‍റെ വിക്ഷേപണവിജയത്തോടെ ക്രയോജനിക് റോക്കറ്റ്‌ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് , ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ഞായറാഴ്ച  വൈകിട്ട് 4.18-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ജി.എസ്.എല്‍ വി 4.35 -ന് അത്യന്താധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ  ജിസാറ്റ് 14-നെ ഭ്രമണപഥത്തിലെത്തിച്ചു. ആന്ധ്രാ തീരത്തുള്ള  ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നാണ് ജി.എസ്.എല്‍ വി.ഡി.-5 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് പുത്തനുണര്‍വും പ്രതീക്ഷയും പകര്‍ന്നുകൊണ്ട് മുന്നോട്ടുകുതിച്ചത്.


00205_55157449.13 മീറ്റര്‍ ഉയരമുള്ള ജി.എസ്.എല്‍.വി. ഡി 5ന് 414.75 ടണ്‍ ഭാരമാണുള്ളത്. കൂടുതല്‍ ഭാരവും വലിപ്പവുമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനാവും എന്നതാണ് പി.എസ്.എല്‍.വി.യെ അപേക്ഷിച്ച് ജി.എസ്.എല്‍.വി.യുടെ മുഖ്യ സവിശേഷത. ജി.എസ്.എല്‍.വി. ഡി 5 ഭ്രമണപഥത്തിലെത്തിച്ച ജി സാറ്റ് 14ന് 1,982 കിലോഗ്രാം ഭാരമുണ്ട്. 6 എക്‌സന്റഡ് സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളും 6 കെ. യു. ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളുമുള്ള ജി സാറ്റ് 14 ടെലി വിദ്യാഭ്യാസ, ടെലിമെഡിസിന്‍ മേഖലകളില്‍ ഇന്ത്യയെ കൂടുതല്‍ മുന്നോട്ടുപോവാന്‍ സഹായിക്കും. 12 വര്‍ഷമാണ് ജി സാറ്റ് 14ന്റെ ആയുസ്സ്.

ഇതുവരെ ഇന്ത്യ വിജയകരമായി നടത്തിയിട്ടുള്ള ജി.എസ്.എല്‍.വി. വിക്ഷേപണങ്ങളെല്ലാം തന്നെ റഷ്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചേക്കുമെന്ന ഭീതിയിലാണ് അമേരിക്ക ഇത് ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചത്. ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് നല്‍കാമെന്ന് സമ്മതിച്ചിരുന്ന റഷ്യയും 1993ല്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി പിന്മാറി. പകരം ക്രയോജനിക് എന്‍ജിന്‍ മുഴുവനായും നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം മറ്റുവഴികളൊന്നുമില്ലാതിരുന്നതിനാല്‍ ഇന്ത്യ സ്വീകരിക്കുകയും ചെയ്തു.


1990കളിലാണ് ഇന്ത്യ ക്രയോജനിക് എന്‍ജിന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള ദൗത്യം തുടങ്ങിയത്.2010 ഏപ്രില്‍ 15ന് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് ജി.എസ്.എല്‍.വി. വിക്ഷേപണം നടത്തിയെങ്കിലും വിജയിച്ചില്ല. ഡിസംബറില്‍ റഷ്യന്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് നടത്തിയ വിക്ഷേപണവും പരാജയപ്പെട്ടതോടെ ഇന്ത്യ ജി.എസ്.എല്‍.വി. ദൗത്യം തത്കാലത്തേക്ക് മാറ്റിവെച്ചു. പിന്നീട്മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2013 ആഗസ്ത് 19നാണ് ഇന്ത്യ വീണ്ടും ജി.എസ്.എല്‍.വി. വിക്ഷേപണത്തിനൊരുങ്ങിയത്. എന്നാല്‍ രണ്ടാംഘട്ട എന്‍ജിനിലെ പ്രൊപ്പല്ലന്റ് ടാങ്കിലുണ്ടായ ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് ഈ വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നു. ആഗസ്ത് 19ന് ഉച്ചതിരിഞ്ഞ് 4.50ന് നടക്കാനിരുന്ന വിക്ഷേപണത്തിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ചോര്‍ച്ച കണ്ടെത്തിയത്. നിര്‍ണായകമായ ക്രയോജനിക് എന്‍ജിന് കേടുപാടൊന്നും പറ്റിയിരുന്നില്ല.

മൂന്നുഘട്ടങ്ങളായാണ് ജി.എസ്.എല്‍.വി.യുടെ വിക്ഷേപണം . ഖര , ദ്രവീകൃത, ക്രയോജനിക് ഘട്ടങ്ങളാണിത്. അവസാന ഘട്ടമായ ക്രയോയില്‍ ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മൈനസ് 185 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓക്‌സിജന്‍ ദ്രാവകാവസ്ഥയിലെത്തുക, ഹൈഡ്രജന്‍ മൈനസ് 256 ഡിഗ്രി സെന്റിഗ്രേഡിലും. അതിശൈത്യം അതിജീവിക്കാന്‍ കഴിയുന്ന വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അതേസമയം എന്‍ജിന്റെ മറ്റേ അറ്റം രണ്ടായിരം ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലും സജ്ജമാക്കേണ്ടതുണ്ടെന്നതാണ് ഈ ഘട്ടം നേരിടുന്ന വെല്ലുവിളി.

No comments:

Post a Comment