ജി.എസ്.എല്‍.വി. ഡി കുതിച്ചുയരാന്‍ തയ്യാര്‍!

ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. ഡി 5 ന്‍റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്നെന്നതാണ് ജി.എസ്.എല്‍.വി. ഡി 5 ന്റെ വിക്ഷേപണം ശ്രദ്ധേയമാക്കുന്നത്. അത്യന്താധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 14 നെയാണ് ജി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ വിക്ഷേപിക്കുക. 

[caption id="attachment_1877" align="alignleft" width="300"]ജി എസ് എല്‍ വിയുടെ പഥം ജി എസ് എല്‍ വിയുടെ പഥം[/caption]

രണ്ടാംഘട്ട എന്‍ജിനിലെ പ്രൊപ്പലന്‍റ് ടാങ്കിലുണ്ടായ ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്തില്‍ നടത്താനിരുന്ന ജി.എസ്.എല്‍.വി. വിക്ഷേപണം ഐ.എസ്.ആര്‍.ഒ.യ്ക്ക് മാറ്റിവെക്കേണ്ടി വന്നിരുന്നു. ആഗസ്ത് 19 ന് ഉച്ചതിരിഞ്ഞ് 4.50 ന് നടക്കാനിരുന്ന വിക്ഷേപണത്തിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ചോര്‍ച്ച കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററില്‍ പുതുതായി നിര്‍മിച്ച പ്രൊപ്പലന്‍റ് ടാങ്കാണ് ഇക്കുറി രണ്ടാംഘട്ട എന്‍ജിനില്‍ ഉപയോഗിക്കുന്നത്. നിര്‍ണായകമായ ക്രയോജനിക് എന്‍ജിന് കേടുപാടുകളൊന്നുംതന്നെ പറ്റിയിരുന്നില്ല.കൂടുതല്‍ ഭാരവും വലുപ്പവുമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനാവും എന്നതാണ് പി.എസ്.എല്‍.വിയെ അപേക്ഷിച്ച് ജി.എസ്.എല്‍.വി.യുടെ മുഖ്യസവിശേഷത.

ദൗത്യം വിജയമായാല്‍ രണ്ടാം ചൊവ്വാദൗത്യത്തിന് ജി.എസ്.എല്‍.വി.യായിരിക്കും ഉപയോഗിക്കുകയെന്ന് ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി. ഇക്കഴിഞ്ഞ നവംബറില്‍ നടന്ന ആദ്യ ചൊവ്വാ ദൗത്യത്തിന് പി.എസ്.എല്‍.വി.യാണുപയോഗിച്ചത്..അടുത്ത ചൊവ്വാ ദൗത്യത്തില്‍ ചൊവ്വയിലിറങ്ങുന്ന ലാന്‍ഡര്‍ കൂടിയുണ്ടാവുമെന്ന് ഐ.എസ്.ആര്‍.ഒ. പറഞ്ഞു.

2010 ഏപ്രിലില്‍ ഇത്തരത്തിലുള്ള തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജി.എസ്.എല്‍.വി. വിക്ഷേപണം പരാജയമായിരുന്നു. അതേവര്‍ഷം ഡിസംബറില്‍ റഷ്യ നിര്‍മിത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് നടത്തിയ വിക്ഷേപണവും പരാജയപ്പെട്ടത് ഐ.എസ്.ആര്‍.ഒ.യ്ക്ക് വന്‍ തിരിച്ചടിയായിരുന്നു.

No comments:

Post a Comment