വരുന്നൂ ഐസോണ്‍......,..........

2013 നവംബര്‍ മാസം നമുക്ക് ഒരു ആകാശക്കാഴ്ച കാണാന്‍ കഴിഞ്ഞേക്കും. ഇത്തവണ സൂര്യന്‍റെ  അതിഥിയായി എത്തുന്നത് ഒരു ധൂമകേതുവാണ്  . Comet ISON എന്നു പേരിട്ടിരിക്കുന്ന ഒരു ധൂമകേതു. 2012 സെപ്തംബറിലാണ് ഈ ധൂമകേതുവിനെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. സഞ്ചരിച്ചു സഞ്ചരിച്ച് ഇപ്പോള്‍ വ്യാഴത്തിന്‍റെ  അടുത്തുകൂടിയാണ് ISON ന്റെ സഞ്ചാരം. നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ ഇപ്പോള്‍ വ്യാഴത്തിനടുത്തായി ഈ വാല്‍നക്ഷത്രത്തെ കണ്ടെത്താം! ഇപ്പോഴുള്ള അറിവുകള്‍ വച്ച് ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ വലിപ്പം ഈ ധൂമകേതുവിന് ഉണ്ടാകാം. 'നൂറ്റാണ്ടിന്‍റെ  ധൂമകേതു'  എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നതു തന്നെ. ആ വിശേഷണം അത്ര അതിശയോക്തി കലര്‍ന്നതൊന്നും അല്ല. സൂര്യനടുത്തേക്കുള്ള യാത്രയ്ക്കിടയില്‍ സൂര്യന്റെ ഗുരുത്വാകര്‍ഷണസ്വാധീനം കൊണ്ട് പല കഷണങ്ങളായി വേര്‍പെട്ടുപോകാതിരുന്നാല്‍ 'നൂറ്റാണ്ടിന്‍റെ  ധൂമകേതു'  എന്ന വിശേഷണം അര്‍ത്ഥപൂര്‍ണം തന്നെയാകും. അങ്ങനെയായാല്‍ നവംബര്‍ മാസത്തില്‍ പകല്‍പോലും കാണാന്‍ കഴിയുന്നത്ര വെളിച്ചം വിതറാന്‍ ISON നു കഴിയും. സൂര്യന്‍റെ  അന്തരീക്ഷത്തിലൂടെയാണത്രേ ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരപാത!


മഞ്ഞുനിറഞ്ഞ ഒരു വസ്തു സൂര്യനിലേക്കടുക്കുമ്പോള്‍ തന്നെ അതിലെ മഞ്ഞുരുകം. ആ ഉരുകിയ മഞ്ഞ് സൂര്യനില്‍ നിന്നും എതിര്‍ദിശയില്‍ പാഞ്ഞുപോകുമ്പോള്‍ ഒരു വലിയ വാല്‍ രൂപപ്പെടും. ഭൂമിയില്‍ നിന്നും ഏറെ ആസ്വാദ്യതതയോടെ കാണാവുന്ന ഒരു വാല്‍. നവംബര്‍ 28നാണ് സൂര്യന്റെ അന്തരീക്ഷത്തില്‍ ഈ മഞ്ഞുമല പ്രവേശിക്കുന്നത്. എന്തായാലും അന്നുവരെ നമുക്കു കാത്തിരിക്കാം.റഷ്യയിലെ രണ്ടു ശാസ്ത്രജ്ഞരാണ് ഈ ധൂമകേതുവിനെ കഴിഞ്ഞ സെപ്തംബറില്‍ കണ്ടെത്തുന്നത്. International Scientific Optical Network എന്ന സര്‍വേ പ്രോഗ്രാമിന്‍റെ ഭാഗമായി കണ്ടെത്തിയ C/2012 S1 എന്ന ഈ ധൂമകേതുവിന്  അതേ പേരുതന്നെ നല്‍കി ആദരിക്കാന്‍ അവര്‍ മറന്നില്ല. അങ്ങനെയാണ് ISON എന്ന പേര് ധൂമകേതുവിന്  ലഭിക്കുന്നത്. എന്തായാലും ഈ വാല്‍നക്ഷത്രത്തെ നഗ്നനേത്രങ്ങളാല്‍ കാണണമെങ്കില്‍ സെപ്തംബര്‍ മാസം അവസാനം വരെ കാത്തിരിക്കേണ്ടിവരും. നവംബര്‍ മാസം പകുതിയോടെ മികച്ച രീതിയില്‍ ദൃശ്യമാകും എന്നു തന്നെയാണ് പ്രതീക്ഷ. പക്ഷേ ഇതെല്ലാം സംഭവിക്കണമെങ്കില്‍ വാല്‍നക്ഷത്രം അതേപടി തന്നെ നിലനില്‍ക്കണം. സൂര്യന്റെ ഗുരുത്വാകര്‍ഷണ സ്വാധീനത്താല്‍ വല്ല 'വേലിയേറ്റവും' സംഭവിച്ച് ചിന്നിച്ചിതറിപ്പോയാല്‍പ്പിന്നെ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുകയും ചെയ്യും. അതിനുള്ള സാധ്യത ഒട്ടും തന്നെ തള്ളിക്കളയേണ്ടതില്ല എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങനെ ആയാല്‍പ്പോലും മറ്റൊരു കാഴ്ച നമുക്കു ലഭിക്കും. ഒരു ബെനോക്കുലറിലൂടെയോ ടെലിസ്കോപ്പിലൂടെയോ നോക്കിയാല്‍ മാല പോലെ കിടക്കുന്ന ധൂമകേതുവിനെ  കാണാനുള്ള അവസരം!


നവനീത് കൃഷ്ണന്‍ || ആസ്ട്രോ കേരള

No comments:

Post a Comment