കാള്‍ സാഗനെ സ്മരിക്കുമ്പോള്‍....,.........

സൌരയൂഥത്തിന് പുറത്ത് ബുദ്ധിയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്കു എന്ത് തോന്നും? "അനന്തമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവികള്‍ ഒറ്റക്കല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിക്കും".....എങ്കില്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയും ജീവനില്ല എന്നറിഞ്ഞാലോ? "ഈ മഹാ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നതില്‍ ഞാനഭിമാനിക്കും".....ഒരു പത്ര സമ്മേളനത്തില്‍ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനോട്  ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ്‌ മേല്‍ കൊടുത്തത്.അനന്തമായ ഈ പ്രപഞ്ചത്തിലെവിടെയെങ്കിലും ബൌധിക ജീവിതമുണ്ടോ എന്ന അന്വേഷണത്തിന് തുടക്കം കുറിച്ച കാള്‍ സാഗനായിരുന്നു ആ ശാസ്ത്രജ്ഞന്‍. SETI (Search for Extra terrestrial Intelligence ), voyeger , poineer എന്നീ ദൌത്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭക്ക് ഉത്തമ ഉദാഹരണങ്ങളാണ്.


     1934 നവംബര്‍ 9 നാണ് കാള്‍ എഡ്വേര്‍ഡ് സാഗന്‍ ജനിച്ചത്. റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ  സാം സാഗന്‍, റേച്ചല്‍ മോളി ഗ്രബര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. കരോള്‍ എന്ന ഒരു സഹോദരിയും അദേഹത്തിനു ഉണ്ടായിരുന്നു. കാള്‍ സാഗനും പിതാവും സഹോദരിയും മതപരമായ വിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ കടുത്ത  ദൈവ വിശ്വാസിയും ആരാധനാലയങ്ങളിലെ സ്ഥിര സന്ദര്‍ശകയുമായിരുന്നു.സാഗന്‍റെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക് എന്താണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാകുന്നുണ്ട്. അതിങ്ങനെയാണ്: "എന്റെ മാതാപിതാക്കള്‍ ശാസ്ത്രജ്ഞാരായിരുന്നില്ല. അവര്‍ക്ക് സയന്‍സിനെ കുറിച്ച് ഒന്നും അറിയുകപോലുമില്ലയിരുന്നു. പക്ഷെ അവര്‍ എന്നെ സന്ദേഹിയും അത്ഭുതം കൊള്ളാന്‍ കഴിവുള്ളവനുമാക്കി. ശാസ്ത്രാന്വേഷണത്തിന്‍റെ  രണ്ടു അടിസ്ഥാന പാഠങ്ങള്‍ അവര്‍ എന്നെ പഠിപ്പിച്ചു".


സാഗന്‍റെ  അഞ്ചാമത്തെ വയസ്സില്‍ അമ്മ ലൈബ്രറിയില്‍ അംഗത്വം വാങ്ങിക്കൊടുത്തു.ആദ്യം മുതല്‍ക്കേ അവന്‍റെ താല്പര്യങ്ങള്‍ നക്ഷത്രങ്ങളിലായിരുന്നു.നക്ഷത്രങ്ങളെക്കുറിച്ചുള്ള അത്ഭുതകരമായ സത്യം ആദ്യമായി പറഞ്ഞുകൊടുത്തത് അവിടത്തെ ലൈബ്രേറിയനായിരുന്നു. നക്ഷത്രങ്ങള്‍ സൂര്യന്മാരാണെന്നും വളരെയകലെയായിരിക്കുന്നതിനാല്‍ ചെറുതായി തോന്നുകയാനെന്നുമുള്ള കാര്യം കൊച്ചു സാഗനെ അത്ഭുത പരതന്ത്രനാക്കി. ആ അറിവ് അനിര്‍വചനീയമായ ഒരനുഭവമായിരുന്നു എന്ന് സാഗന്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്.
1960 ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഫെല്ലോ ആയി ചേര്‍ന്നു. 1962 മുതല്‍ 1968 വരെ പ്രസിദ്ധമായ സ്മിത്സോണിയന്‍ ആസ്ട്രോ ഫിസിക്കല്‍ ലബോറട്ടറിയില്‍ ജോലി ചെയ്തു. 1971 കോര്‍ണല്‍ സര്‍വകലാശാലയില്‍  പ്രൊഫസ്സറായി ചേര്‍ന്നു. അവിടത്തെ ഗ്രഹ പഠന ഗവേഷണ ശാലയുടെ ഡയറക്ടറുമായി. 1972 മുതല്‍ 1981 വരെ കൊര്‍ണലിലെ റേഡിയോ ഫിസിക്സ് ഗവേഷണ കേന്ദ്രത്തിന്റെ അസോഷ്യറ്റ്   ഡയറക്ടര്‍ ആയിരുന്നു. 1950 ല്‍ തന്നെ നാസയുടെ ഉപദേശകനായിരുന്നു. അപ്പോളോ പ്രോജക്ടിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ഈ സമയത്തെല്ലാം തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അതിന്‍റെ ഉല്പന്നങ്ങളായിരുന്നു വോയെജേര്‍ ദൌത്യങ്ങള്‍.. സാഗന്‍റെ മറ്റൊരു പ്രസിദ്ധമായ കണ്ടെത്തലായിരുന്നു ശുക്രനിലെ ഉയര്‍ന്ന താപനില. 1960 ല്‍ തന്നെ ശുക്രനില്‍ 500 c വരെ ഉയര്‍ന്ന താപനിലയുണ്ടാകാമെന്ന്  അദ്ദേഹം നിരീക്ഷിച്ചു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ ദ്രവജലസാനിധ്യവും ആദ്യമായി പ്രവചിച്ചത് സാഗനായിരുന്നു. വ്യാഴത്തിന്റെ അന്തരീക്ഷത്തിലും ജൈവ തന്മാത്രകള്‍ കണ്ടേക്കാം  എന്നും അദ്ദേഹം പറഞ്ഞു.

  ശീതയുദ്ധം നിലനിന്നിരുന്ന കാലത്ത് വരാന്‍ പോകുന്ന ന്യൂക്ലിയര്‍ യുദ്ധത്തിനെതിരെ പ്രചരണം നടത്തി. ഇനിയൊരു ആണവ യുദ്ധം വന്നാല്‍ അതുണ്ടാക്കാവുന്ന ഭീതിതമായ അവസ്ഥയെ വിശദീകരിക്കുന്ന പുസ്തകമായിരുന്നു  A Path Where No Man Thought: Nuclear Winter and the End of the Arms Race. കാള്‍ സാഗനെ ഏറെ ശ്രദ്ധേയനാക്കിയത് 1980 ല്‍ ടെലിവിഷന്‍  പരമ്പരയായി പുറത്തു വന്ന കോസ്മോസ് ആണ്. ജീവന്റെ ഉല്‍ഭവത്തെയും അതില്‍ നമ്മുടെ സ്ഥാനത്തെയും വിശദീകരിക്കുന്ന ഈ ശാസ്ത്ര പരമ്പര ആ കാലത്ത് ലോകത്തൊട്ടാകെ 500 മില്യനിലേറെ  പ്രേക്ഷകര്‍ കണ്ടു. ഇതോടൊപ്പം വളരെ ജനപ്രീതിയാര്‍ജിച്ച  പുലിട്സര്‍ അവാര്‍ഡ് നേടിയ The Dragons of Eden : Speculations on the Evolution of Human Intelligence , 1998 ല്‍ സിനിമയാക്കപ്പെട്ട Contact എന്നിവയും സാഗന്റെ സംഭാവനകളില്‍ പെട്ടതാണ്.     അവസാന നാളുകളില്‍ കാള്‍ സാഗന്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള NEO (Near Earth Objects )കളെ കുറിച്ചുള്ള പഠനത്തിനാണ് നേതൃത്വം നല്‍കിയിരുന്നത്.     കാള്‍ സാഗന്‍ വെറുമൊരു ശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല. ലോകത്തെ കുറിച്ചും മനുഷ്യ  രാശിയുടെ   ഭാവിയെ കുറിച്ചും അദ്ദേഹം ഏറെ വ്യാകുലനായിരുന്നു. പ്രസിഡന്‍റ് റൊണാള്‍ഡ് റീഗന്റെ ആണവായുധ പന്തയതിന്റെയും നക്ഷത്ര യുദ്ധ പദ്ധതിയുടെയും നിത്യ വിമര്‍ശകനായിരുന്നു അദ്ദേഹം. വിയത്നാം യുദ്ധത്തില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ വ്യോമസേനാ  ശാസ്ത്രോപദേശക സമിതിയില്‍ നിന്നും രാജി വെച്ചു.1996 ല്‍ ആ ശാസ്ത്രേതിഹാസം ന്യൂമോണിയക്കു കീഴടങ്ങി മരണം വരിച്ചു.


                                                                                                                                                                                                                                              -- ഷാജി
No comments:

Post a Comment