ആസ്ട്രോ കേരളയുടെ ശാസ്ത്ര പ്രഭാഷണ പരമ്പരയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി

ആസ്ട്രോ കേരള തിരുവനന്തപുരം ജില്ലാ ചാപ്റ്റര്‍  മാസം തോറും നടത്തി വരുന്ന ശാസ്ത്ര പ്രഭാഷണ പരിപാടിയുടെ പുതിയ ലക്കവും ലോക ബഹിരാകാശ വാരാഘോഷ പരിപാടികളും വിഖ്യാത ശാസ്ത്രകാരന്‍ ഡോ.എം.പി.പരമേശ്വരന്‍ ഉത്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിയദര്‍ശിനി പ്ലാനറ്റേറിയം ഡയറക്ടര്‍ ശ്രീ.അരുള്‍ ജറാള്‍ഡ് പ്രകാശ്‌ അധ്യക്ഷനായി.

'ജ്യോതിശാസ്ത്രവും ശാസ്ത്ര പരിണാമവും  സമൂഹത്തില്‍' എന്ന വിഷയത്തെ അധികരിച്ച് ഡോ.എം.പി പരമേശ്വരന്‍ പ്രഭാഷണം നടത്തി.യുക്തിചിന്തയും പുരോഗമന ചിന്താഗതികളും ശാസ്ത്രത്തിന്‍റെ വികാസത്തോടൊപ്പം വളര്‍ന്നു വന്ന പരിണാമ വഴികള്‍ - അവ സാമൂഹിക പുരോഗതിയേയും ചിന്താഗതികളെയും സ്വാധീനിച്ച രീതി തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.ശാസ്ത്ര - ജ്യോതിശാസ്ത്ര രംഗത്തെ അപൂര്‍വവും രസകരവുമായ സംഭവ വികാസങ്ങള്‍ , ശാസ്ത്രഞ്ജര്‍ , നിര്‍ണായക സ്വാധീനം ഉളവാക്കാന്‍ കഴിഞ്ഞ  വിവിധ പുസ്തകങ്ങള്‍ തുടങ്ങി നിരവധി അറിവുകളാല്‍ സമ്പുഷ്ടമായിരുന്നു എം പി യുടെ ഭാഷണം.

പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍,സ്കൂള്‍ - കോളേജ്‌ അദ്ധ്യാപകര്‍, ആസ്ട്രോ ഭാരവാഹികള്‍,അംഗങ്ങള്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം ജീവനക്കാര്‍ - ഉദ്യോഗസ്ഥര്‍,മാധ്യമ പ്രവര്‍ത്തകര്‍,ശാസ്ത്ര - ജ്യോതിശാസ്ത്ര തല്പരര്‍  തുടങ്ങി വിവിധ തുറകളില്‍ പെട്ട നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 

ആസ്ട്രോ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ശ്രീ.കൃഷ്ണവാര്യര്‍ സ്വാഗതവും പ്ലാനറ്റേറിയം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീമതി ശ്രീലത നന്ദിയും രേഖപ്പെടുത്തി. പ്രഭാഷണങ്ങളുടെ പൂര്‍ണ വീഡിയോ രൂപം ഉടന്‍ തന്നെ യൂ ടൂബില്‍ ലഭ്യമാക്കും. ജ്യോതിശാസ്ത്രം,ഭൌതികശാസ്ത്രം,ഗണിതം,ബഹിരാകാശ രംഗം,ശാസ്ത്ര ചരിത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസ്സുകള്‍ നയിക്കും. സംവാദങ്ങള്‍ക്കുള്ള അവസരവും ഉണ്ട്. എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ലോക ബഹിരാകാശ വാരഘോഷങ്ങളുടെ ഭാഗമായി ആസ്ട്രോ സംസ്ഥാനത്തുടനീളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947378136 / 9846608238

 

വി എസ് || ആസ്ട്രോ

No comments:

Post a Comment