ആസ്ട്രോ ചാന്ദ്രദിന പരിപാടികള്‍ വിപുലം

ആസ്ട്രോ കേരളയുടെ ചാന്ദ്രദിന ആഘോഷങ്ങള്‍ വിപുലമായി നടത്തപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ ഇതോടനുബന്ധിച്ച് നിരവധി സ്ഥലങ്ങളില്‍ ക്ലാസ്സുകള്‍ വാനനിരീക്ഷണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.പേരൂര്‍ക്കട ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്കൂളില്‍ വെച്ചു രാവിലെ 10 മണിക്ക് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഒരു അടിസ്ഥാന ജോതിശാസ്ത്ര ക്ലാസ് നടന്നു. ആസ്ട്രോയുടെ സജീവ അംഗവും ദീര്‍ഘകാലത്തെ അനുഭവപരിചയവും ഉള്ള ശ്രീ. പീ.കെ. രാമചന്ദ്രന്‍ ക്ലാസ് നയിച്ചു. ഒപ്പം അടുത്ത കാലത്ത് വാര്‍ത്താപ്രാധാന്യം നേടിയ ഹിഗ്സ് ബോസോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ഉണ്ടായിരുന്ന സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ചോദ്യോത്തരവേളയും വിവിധ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുന്ന സ്ലൈഡ് പ്രദര്‍ശനവും ഉണ്ടായി.

ഉച്ചയ്ക്ക് രണ്ടു മണിക്ക് പിരപ്പന്‍കോട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു ചാന്ദ്രദിന പ്രത്യേക ജ്യോതിശാസ്ത്ര ക്ലാസ് നടന്നു. ആസ്ട്രോ സംസ്ഥാന സമിതി അംഗം ശ്രീ.കെ.പി.ശ്രീനിവാസന്‍ നല്കിയ ആമുഖത്തെ തുടര്‍ന്നു സെക്രട്ടറി ശ്രീ. വൈശാഖന്‍ തമ്പി 'നമ്മുടെ ചന്ദ്രന്‍' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ ചന്ദ്രന്‍ എന്ന ഉപഗ്രഹത്തിന്റെ ശാസ്ത്രീയവും ചരിത്രപരവുമായ സവിശേഷതകളും, മറ്റ് അടിസ്ഥാന വിവരങ്ങളും ചര്ച്ച ചെയ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനും തുടര്‍ ചര്‍ച്ചകള്‍കും അവസരമുണ്ടായിരുന്നു.

വൈകീട്ട് 6.30 മണിക്ക് കൊഞ്ചിറ യൂ.പി.സ്കൂളില്‍ ആസ്ട്രോയുടെ മേല്‍നോട്ടത്തില്‍ ക്ലാസും വാനനിരീക്ഷണവും നടന്നു. ശ്രീ.പീ.കെ.രാമചന്ദ്രന്‍ കുട്ടികള്‍ക്ക് അടിസ്ഥാന നക്ഷത്ര ഗണങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ് അവതരിപ്പിച്ചു. തുടര്‍ന്നു രാശി, ജന്‍മനാള്‍ തുടങ്ങിയ സങ്കല്‍പ്പങ്ങളെ കുട്ടികള്‍ക്ക് മനസിലാക്കാന്‍ സഹായിക്കുന്ന കളികള്‍ക്ക് ആസ്ട്രോ പ്രവര്‍ത്തകര്‍ നേതൃത്വം നല്കി. തുടര്‍ന്നു നടന്ന വാനനിരീക്ഷണത്തില്‍ കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറോളം ആളുകള്‍ പങ്കെടുത്തു. ചന്ദ്രനെയും ശനിയെയും ടെലിസ്കോപ്പിലൂടെ നോക്കിക്കാണാന്‍ കഴിഞ്ഞു. ആകാശത്തെ ദൃശ്യരാശികളെ ആസ്ട്രോ പ്രവര്‍ത്തകര്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി. 8 മണിയോടെയാണ് പരിപാടി അവസാനിച്ചത്.

No comments:

Post a Comment