ചിരുതക്കുട്ടിയുടെ മാഷിനു പുരസ്കാരത്തിന്‍റെ നിറവ്.ആസ്ട്രോയ്ക്ക് അഭിമാന നിമിഷം

 


ബാലസാഹിത്യകൃതികളുടെ പ്രോത്സാഹനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ ചൊവ്വാഴ്ച തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സുനില്‍ ഗംഗോപാദ്ധ്യായ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.മലയാളത്തില്‍നിന്ന് ആസ്ട്രോ കേരളയുടെ പ്രസിഡണ്ട് പ്രൊഫ്‌.കെ. പാപ്പൂട്ടി അര്‍ഹനായി.


ബാലസാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഏര്‍പ്പെടുത്തിയത്. ഓരോ ഭാഷയ്ക്കും വേണ്ടി ഏര്‍പ്പെടുത്തിയ കമ്മിറ്റി തിരഞ്ഞെടുക്കുന്ന പത്ത് കൃതികളില്‍നിന്ന് ഒന്നുവീതം തിരഞ്ഞെടുക്കുകയായിരുന്നു.
പാപ്പൂട്ടി മാഷുടെ 'ചിരുതക്കുട്ടിയും മാഷും' എന്ന ശാസ്ത്ര നോവലിനാണ് പുരസ്കാരം. കേരളത്തില്‍നിന്നു ബാലസാഹിത്യ വിഭാഗത്തില്‍ നാനൂറിലധികം കൃതികള്‍ ലഭിച്ചതായി സുനില്‍ ഗംഗോപാദ്ധ്യായ പറഞ്ഞു.വര്‍ഷങ്ങളായി ശാസ്ത്രകേരളത്തിലൂടെയും മറ്റും മലയാളികള്‍ക്ക് പരിചിതമാണ് ചിരുതക്കുട്ടിയുടെ നിഷ്ക്കളങ്കമായ കൌതുകങ്ങളും ചോദ്യങ്ങളും. ശാസ്ത്ര - സാമൂഹ്യ രംഗങ്ങളിലെ ഗൌരവമാര്‍ന്ന വിഷയങ്ങളും സംശയങ്ങളും ഒക്കെ ലളിതവും രസകരവുമായ രീതിയില്‍ അവതരിപ്പിക്കുന്നതിലെ പാപ്പൂട്ടി മാഷുടെ എഴുത്തിന്‍റെ അസാമാന്യമായ പാടവമാണ് ചിരുതക്കുട്ടിയുടെ നിഷ്ക്കളങ്കമായ വാക്കുകളിലൂടെ കാണാന്‍ കഴിയുക.വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഭൌതികശാസ്ത്ര വിഭാഗം തലവനായും സംസ്ഥാന സര്‍വ വിജ്ഞാനകോശ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടറായും ഒക്കെ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗം,ശാസ്ത്രകേരളം മാസികയുടെ എഡിറ്റര്‍,ആസ്ട്രോ കേരളയുടെ പ്രസിഡണ്ട് എന്നീ ചുമതലകളും അദ്ദേഹം നിര്‍വഹിക്കുന്നു.പാപ്പൂട്ടി മാഷുടെ ഈ പുരസ്കാര നേട്ടത്തില്‍ ഏറ്റവും അഭിമാനിക്കുന്നത് ആസ്ട്രോ തന്നെ. ശാസ്ത്രപ്രചാരണ രംഗത്ത് പ്രത്യേകിച്ച് കുട്ടികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പുരസ്കാരലബ്ധി ഊര്‍ജം പകരുമെന്നതില്‍ സംശയമില്ല. പ്രിയപ്പെട്ട പാപ്പൂട്ടി മാഷിനു ഈ വേളയില്‍ മുഴുവന്‍ ആസ്ട്രോ കുടുംബത്തിന്‍റെയും ആശംസകള്‍. മാഷുടെ ഈ മെയില്‍ വിലാസം : pappootty@gmail.com
No comments:

Post a Comment