നക്ഷത്രങ്ങളുടെ ജനനം;ഹെര്‍ഷല്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ പുതിയ കണ്ടെത്തലുകള്‍ പുറത്തു വന്നുമഹാവിസ്ഫോടനത്തിനു ശേഷം നക്ഷത്രങ്ങള്‍ രൂപം കൊണ്ടു തുടങ്ങിയതിന്‍റെ നിരക്ക്  നാം മനസ്സിലാക്കിയതിലും വേഗത്തില്‍ ആയിരുന്നു എന്നു പുതിയ കണ്ടെത്തല്‍. യൂറോപ്പിയന്‍ സ്പേസ് ഏജന്‍സിയുടെ ഹെര്‍ഷല്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ ഉള്ള 'സ്പൈര്‍' (SPIRE - Spectral and Photometric Imaging Receiver) ക്യാമറ ഉപയോഗിച്ചു പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. പ്രപഞ്ചോല്‍പ്പത്തിക്ക് ശേഷമുള്ള നൂറു കോടി വര്‍ഷങ്ങളില്‍ നക്ഷത്രങ്ങളും ഗാലക്സികളും മറ്റും രൂപം കൊണ്ടതിനെ പറ്റി കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ ഈ പഠന ഫലങ്ങള്‍ കൊണ്ടു കഴിയും.

ഹെര്‍ഷല്‍ ദൂരദര്‍ശിനി ഉപയോഗിച്ചു  പ്രപഞ്ചത്തിന്‍റെ ആദ്യ  കാലത്ത് രൂപം കൊണ്ട ഖഗോള വസ്തുക്കളെ നിരീക്ഷിക്കാനും പഠിക്കാനും  ഉദ്ദേശിച്ചു ഹെര്‍മെസ്  (HerMES -Herschel Multi-tiered Extragalactic Survey) എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രപഞ്ചോല്‍പ്പത്തിക്ക്    ശേഷമുള്ള നാളുകളിലെ സംഭവ വികാസങ്ങളെ കുറിച്ചു വിശദമായ ഒരു മാപ്പിംഗ് ആണ് ഈ പദ്ധതിയിലൂടെ ചെയ്യുക.വര്‍ണ രാജിയിലെ ഇന്‍ഫ്രാ റെഡ് മേഖലയില്‍ മാത്രം ദൃശ്യമായ,തീരെ മങ്ങിയ ചില ഗാലക്സികളെ നിരീക്ഷണത്തിനു വിധേയമാക്കിയ ഹെര്‍ഷല്‍ അവയില്‍ ഇപ്പോഴും തുടരുന്ന  നക്ഷത്ര രൂപീകരണവും  പഠനവിധേയമാക്കി.സാധാരണ നിരീക്ഷണങ്ങളില്‍ ഇവ ദൃശ്യമാകാറു കൂടിയില്ല.  -232 ഡിഗ്രി ആണ് ഇത്തരം ഗാലക്സികളിലെ താപനില. സപ്തര്‍ഷി മണ്ഡല (Ursa Major) നക്ഷത്ര രാശിയിലെ ഇത്തരത്തിലുള്ള എഴുപതോളം ഗാലക്സികളെയാണ് ഇപ്പോള്‍ ഹെര്‍ഷല്‍ നിരീക്ഷിക്കുന്നത്.ഏതാണ്ട് 13  ബില്ല്യണ്‍ (13  ശതകോടി) വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപം കൊണ്ടവയാണ് ഇവ.

നക്ഷത്രങ്ങള്‍  രൂപം കൊള്ളുന്നതിനു വേണ്ടുന്ന വാതക പടലങ്ങളും മറ്റു അസംസ്കൃത ഘടകങ്ങളും രാസ-ഭൌതിക സാഹചര്യങ്ങളും വേണ്ടതിലും കൂടുതല്‍ ഈ ഗാലക്സികളില്‍ ഉണ്ട് എന്നാണ് പുതിയ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.ജ്യോതിശാസ്ത്രഞ്ജര്‍ ഇതു വരെ മനസ്സിലാക്കിയിരുന്നതിലും വേഗത്തിലുള്ള തോതിലാണ് നക്ഷത്ര-ഗാലക്സി രൂപീകരണം നടന്നിട്ടുള്ളത്.ഈ അറിവ് പ്രാഗ് ഗാലക്സികളെ കുറിച്ചും ആദ്യ കാലത്ത് രൂപം കൊണ്ട പോപ്പുലേഷന്‍-3 നക്ഷത്രങ്ങളെ കുറിച്ചും വിശദാംശങ്ങള്‍ നല്‍കുന്നു.ഇതു പ്രപഞ്ച വിജ്ഞാനീയത്തില്‍ പുതിയ വഴിത്തിരിവാകും.

ഇംഗ്ലണ്ടിലെ സസ്സക്സ്  സര്‍വകലാശാലയിലെ പ്രൊഫ.സെബാസ്റ്റ്യന്‍ ഒളിവര്‍ ആണ് ഹെര്‍മെസ് പ്രോജക്ടിന് നേതൃത്വം നല്‍കുന്നത്.റോയല്‍ ആസ്ട്രോണമിക്കല്‍ സൊ സയിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെര്‍മെസ് ടീമിന്‍റെ പഠനഫലങ്ങള്‍,ഇരുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയവ പ്രത്യേക ജേര്‍ണലുകളായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

v s/AASTRO/Sussex Astronomy Centre

No comments:

Post a Comment