വാല്‍നക്ഷത്ര രഹസ്യം തേടി റോസെറ്റ

നമ്മുടെ സൗരയൂഥത്തിന്‍റെ  അങ്ങേയറ്റത്ത്,നെപ്ട്യൂണിനും അപ്പുറത്തുള്ള കൂപ്പര്‍ ബെല്‍റ്റ്‌ മേഖലകളില്‍ നിലകൊള്ളുന്ന ഖഗോള വസ്തുക്കള്‍ ഇടയ്ക്കിടെ അവിടെ നിന്നും യാത്ര ചെയ്തു പലയിടങ്ങളിലും ഹ്രസ്വ സന്ദര്‍ശനങ്ങളും കൂട്ടിയിടികളും ഒക്കെയായി വാര്‍ത്തകളില്‍ നിറയാറുണ്ട്. നക്ഷത്രം എന്ന ഗണത്തില്‍ പെടുന്നവയൊന്നും അല്ലെങ്കിലും അവയ്ക്കുള്ളില്‍ ഉള്ള ഘനീഭവിച്ച ജലകണങ്ങള്‍, പൊടിപടലങ്ങള്‍, കാര്‍ബണ്‍ സംയുക്തങ്ങള്‍ ഇവയൊക്കെ ചേര്‍ന്ന് നിറഞ്ഞ ഈ ചെറു ഗോളങ്ങള്‍, സൂര്യന് അടുത്തുള്ള മേഖലകളിലേക്ക് കടക്കുന്നതോടെ സൂര്യവെളിച്ചത്തില്‍ വെട്ടിത്തിളങ്ങും. ചൂടേറുമ്പോള്‍ ജലവും കാര്‍ബണിക സംയുക്തങ്ങളും ബാഷ്പമായി മാറി നീണ്ട വാലുപോലെയാകും. സൌരയുഥജനനം മുതല്‍ കാര്യമായ രാസ ഭൌതിക മാറ്റങ്ങള്‍ വരാതെ നിലനില്‍ക്കുന്ന, കൂപ്പര്‍ ബെല്‍റ്റില്‍  നിന്നും വിരുന്നെത്തുന്ന, 'വാല്‍ നക്ഷത്രങ്ങള്‍'  എന്ന പേരില്‍ പ്രശസ്തരായ ഇവര്‍ക്ക്  സൌരയുഥത്തിന്‍റെ  ജനനസമയത്തെ അവസ്ഥ സംബന്ധിച്ച  നിര്‍ണായകമായ വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയും. അതിനാല്‍ തന്നെ വാല്‍ നക്ഷത്രങ്ങളെ അടുത്തറിയുക എന്നത് നമ്മുടെ ഉല്‍പ്പത്തി ചരിത്രവും ശാസ്ത്രവും അന്വേഷിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
[caption id="attachment_2020" align="aligncenter" width="1024"]റോസെറ്റ ദൌത്യം റോസെറ്റ ദൌത്യം[/caption]

2004-ൽ വാൽനക്ഷത്രങ്ങളെക്കുറിച്ച് പഠനം നടത്താൻ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ഉപഗ്രഹമാണ് റോസെറ്റ.പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2004 മാര്‍ച്ച് രണ്ടിന് ഫ്രഞ്ച് ഗയാനയിലെ കുറു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് അറിനേ റോക്കറ്റില്‍ യാത്ര തുടങ്ങിയ റോസെറ്റ, കോമറ്റ് 67P  (67P/Churyumov-Gerasimenko) എന്ന് പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രത്തെ അടുത്തറിഞ്ഞ്‌ നിര്‍ണായകമായ വിവരങ്ങള്‍ നമുക്കെത്തിക്കും.ആദ്യപടിയായി പേടകം ഈ വാല്‍നക്ഷത്രത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കും. 2014 സെപ്റ്റംബറോടുകൂടി വാല്‍നക്ഷത്രത്തിന്റെ 10 കിലോമീറ്റര്‍ അടുത്തെത്തും. തുടര്‍ന്ന് പേടകത്തില്‍ നിന്നും ഒരു പ്രോബ് 4 കിലോമീറ്ററോളം വലിപ്പമുള്ള വാല്‍നക്ഷത്രത്തിലേക്കിറക്കാനാണ് പ്ലാന്‍. 'ഫിലേ' (Philae) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2014 നവംബര്‍ 11നായിരിക്കും ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങുക. വാല്‍നക്ഷത്രം സൂര്യനെ സമീപിക്കുമ്പോള്‍ റോസെറ്റ പിന്തുടര്‍ന്ന് ഫിലേയുടെ സഹായത്തോടെ അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും.


ഇതിനിടെ യാത്രയ്ക്കിടയില്‍ റോസെറ്റയുടെ ദിശയില്‍ ചെറിയൊരു വ്യതിയാനമുണ്ടായി. സോരോര്‍ജം സ്വീകരിച്ചുകൊണ്ട് ചാര്‍ജു ചെയ്യപ്പെടുന്ന ഉപകരണങ്ങള്‍ ആണു റോസെറ്റയുടെ ജീവന്‍.   പേടകത്തിന്‍റെ യാത്ര  സൂര്യനോട് അഭിമുഖമായ ദിശയില്‍ നിന്നും അകന്നുപോകുന്നൊരു പഥത്തിലാണെന്നും അങ്ങനെ തുടര്‍ന്നാല്‍ അധികം വൈകാതെ റോസെറ്റയുടെ സോളാര്‍ പാനലുകള്‍ക്ക് സൂര്യനില്‍നിന്നും ഊര്‍ജം സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയിലാകുമെന്നും ശാസ്ത്രഞ്ജര്‍ തിരിച്ചറിഞ്ഞു. അതിനെ തുടര്‍ന്ന്, 2011 ജൂണില്‍ റോസെറ്റയെ കുറച്ചുകാലത്തേക്ക് 'ഹൈബര്‍നേഷനില്‍'  നിഷ്ക്രിയമാക്കി നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട്  മുപ്പതു മാസത്തോളം പ്രവർത്തനരഹിതമായിക്കിടന്ന ഈ ഉപഗ്രഹത്തിന്റെ തകരാറുകൾ പരിഹരിച്ച ശേഷം 2014 ജനുവരി മാസത്തോടെ യൂറോപ്പ്യൻ സ്പേസ് ഏജൻസി അതിനെ വീണ്ടും പ്രവർത്തസജ്ജമാക്കി. 2014 ജനുവരി 20 വൈകുന്നേരമാണ് റോസെറ്റ ഉണര്‍ന്നെണീറ്റതായുള്ള സന്ദേശം ജര്‍മനിയിലെ ഡാംസ്റ്റഡിലുള്ള കണ്‍ട്രോള്‍ സെന്ററിലെത്തിയത്.  പേടകത്തിനെ കൃത്യം ആ സമയത്ത് ഉണര്‍ത്തുന്നതിനുള്ള ഒരു അലാം നേരത്തേതന്നെ റോസെറ്റയിലെ കമ്പ്യൂട്ടറുകളില്‍ സെറ്റ് ചെയ്യപ്പെട്ടിരുന്നു. അത് കൃത്യമായി പ്രവര്‍ത്തിച്ച് സന്ദേശം ഭൂമിയിലെത്തിക്കുകയും ചെയ്തു.Rosetta_missionരണ്ടു ദശകം മുമ്പേ ആരംഭിച്ച പരിശ്രമങ്ങളുടെ അവസാനഭാഗത്തെത്തിനിൽക്കുകയാണ് ശാസ്ത്രജ്ഞർ. അടുത്ത ഒരുവർഷക്കാലം ഈ വാൽനക്ഷത്രത്തെ പിന്തുടർന്ന് പഠിച്ച്, അതിന്‍റെ  കേന്ദ്രഭാഗത്തിറങ്ങാൻ യുക്തമായ ഒരു സ്ഥാനം കണ്ടെത്തി, പത്ത് വിവിധ ഉപകരണങ്ങളുള്ള ഫിലേ ഉപകരണസമുച്ചയത്തെ വാൽനക്ഷത്രത്തിലിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 നവംബര്‍ മുതല്‍ 2015 അവസാനം വരെ റോസെറ്റ വാല്‍നക്ഷത്രത്തോടൊപ്പം സൂര്യനെ ചുറ്റും. തുടർന്ന് ആ വർഷം ഡിസംബറിൽ റോസെറ്റാ ദൗത്യം അവസാനിക്കും. [റോസെറ്റ ദൌത്യം_വീഡിയോ]വാൽനക്ഷത്രങ്ങളുടെ ഉല്‍പ്പത്തി, അവയുടെ ഘടന, സൗരയൂഥത്തിന്‍റെ  ആവിർഭാവത്തേക്കുറിച്ച് അവ നൽകിയേക്കാവുന്ന വിവരങ്ങൾ തുടങ്ങിയവ ഈ ദൗത്യത്തിൽ പഠനവിഷയമാകും. ശതകോടിവർഷങ്ങൾക്കു മുമ്പ് സൗരയൂഥത്തിന്‍റെ  വിദൂരതകളിൽ നിന്ന് വന്ന് ഭൂമിയിൽ വീണ വാൽനക്ഷത്രങ്ങൾ കടത്തിക്കൊണ്ടുപോന്നിരുന്ന അമിനോ ആസിഡുകളും ഹൈഡ്രോ കാർബണുകളുമാണ് ഇവിടെ ജീവനു തുടക്കമിട്ടതെന്ന വാദഗതിക്കുള്ള സ്ഥിരീകരണവും ഒരുപക്ഷേ ഈ ദൗത്യത്തിൽ നിന്ന് ലഭിച്ചേക്കാം.കാത്തിരിക്കാം പുത്തന്‍ അറിവുകള്‍ക്കായി!!

No comments:

Post a Comment