ആസ്ട്രോ വയനാട് സബ്ജില്ലാ ക്വിസ് മത്സരങ്ങള്‍

WNDആസ്ട്രോ കേരള വയനാട് ജില്ലാ ഘടകം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജ്യോതിശാസ്ത്ര ക്വിസ് മത്സരത്തിന്‍റെ രണ്ടാം ഘട്ട മത്സരങ്ങള്‍ സബ് ജില്ലാ തലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. മൂന്നു സബ് ജില്ലകളില്‍ നിന്നായി 61 സ്കൂളുകള്‍ മത്സരങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.ഒരു സ്കൂളില്‍ നിന്നും രണ്ടു പേരടങ്ങിയ ടീമുകളെ ഉള്‍പ്പെടുത്തിയാണ് പരിപാടികള്‍ നടത്തിയത്.മത്സരങ്ങളോട് അനുബന്ധിച്ച് ചാന്ദ്ര പര്യവേഷണങ്ങളുടെ ചരിത്രം ശാസ്ത്രം മുതലായവ വിശദീകരിച്ചുകൊണ്ടുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ആസ്ട്രോ വയനാടിന്‍റെ ഭാരവാഹികളായ ശ്രീ. ജോണ്‍ മാത്യു , ശ്രീ.കെ ടി ശ്രീവത്സന്‍,ശ്രീ. എം എം ടോമി,സജി മാസ്റ്റര്‍, ശ്രീ. ടി വി ഗോപകുമാര്‍, ശ്രീ കെ പി ഏലിയാസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി.  മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

വിജയികള്‍ 

  • ദിനില്‍ ശശിധരന്‍  , രഹില കെ കെ, ഗവ.ഹൈസ്കൂള്‍ ആനപ്പാറ

  • ദേവനന്ദു എം എസ് , ജസിന്‍ മുഹമ്മദ്‌ , ഗവ ഹൈസ്കൂള്‍ ചാനാട്

  • വിവേക് .എം, മാളവിക, ഏ യു പി എസ് വരദൂര്‍


 

ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായുള്ള കെ വി പി വൈ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

KVPY_logoശാസ്ത്ര വിദ്യാഭ്യാസം അഭിവൃദ്ധിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള  "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന" സ്കോളര്‍ഷിപ്പിനുള്ള  അപേക്ഷ ക്ഷണിച്ചു.www.kvpy.org.in   വെബ്സൈറ്റിലൂടെ സെപ്തംബര്‍ എട്ടുവരെ അപേക്ഷിക്കാം. പ്ലസ് വണ്‍ , പ്ലസ്ടു, ബിഎസ്സി ഒന്നാം വര്‍ഷം എന്നീ കോഴ്സുകളില്‍ പഠിക്കുന്ന ശാസ്ത്രവിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഗവേഷണതല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ഈ സ്കോളര്‍ഷിപ്പ് അവസരം നല്‍കും. ഐസറിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും നാലുവര്‍ഷ ബിഎസ് പ്രോഗ്രാമിന് കെവിപിവൈ യോഗ്യതയായി കണക്കാക്കും.

ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെപറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ് നല്‍കും. സ്ട്രീം എസ്എ: 2014-15 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും 10-ാം ക്ലാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 70 ശതമാനം). സ്ട്രീം എസ്ബി: 2014-15ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സില്‍ ചേര്‍ന്നവരും പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 50 ശതമാനം) ലഭിച്ചവരാകണം.

സ്ട്രീം എസ്എക്സ്: 2014-15 ല്‍ സയന്‍സ് പ്ലസ്ടുവിന് പഠിക്കുന്നവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 70 ശതമാനം) മാര്‍ക്കുള്ളവരും 2015-16 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പ്പര്യമുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രീമില്‍ അപേക്ഷിക്കാം. . അപേക്ഷാഫീസ് 500 രൂപ. വിജ്ഞാപനം www.kvpy.org.in വെബ്സൈറ്റില്‍.

- See more at: http://www.deshabhimani.com/news-education-all-latest_news-390333.html#sthash.PXsflxEU.dpuf

ആഗസ്റ്റ്‌ മാസത്തെ ആകാശവിശേഷങ്ങള്‍

Skymap2014_augest

 

ആഗസ്റ്റ് മാസം ആകാശക്കാഴ്ചകളുടേതാണ്.അറിയുവാനും ആസ്വദിക്കുവാനും നിറയെ. പത്താം തിയ്യതിയാണ്  ഈ മാസത്തെ പൗർണ്ണമി. ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണുന്നത് ഈ മാസത്തെ പൗർണ്ണമിയിലാണ്. അപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,60,000കി.മീറ്റർ ആയിരിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ, ആകാശം തെളിഞ്ഞതാണെങ്കിൽ മനോഹരമായ നക്ഷത്രമഴ ആസ്വദിക്കാം. 11,12,13 ദിവസങ്ങളിലാണ് പെർസീഡ്സ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഏറ്റവും കൂടുതൽ കൊള്ളിമീനുകൾ വീഴുന്ന ഉൽക്കാവർഷം എന്ന നിലയിൽ പ്രസിദ്ധമാണ് പെർസീഡ്സ് ഉൽക്കാവർഷം. സ്വിഫ്റ്റ് ടട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെർസ്യൂസ് നക്ഷത്രഗണത്തിന്‍റെ ദിശയിൽ നിന്നാണ് കൊള്ളിമീനുകൾ പറന്നുവീഴുക. പൗർണ്ണമിയോടടുത്ത ദിവസങ്ങളിലായതുകൊണ്ട് ഇതിന്റെ ഭംഗി പൂർണ്ണതോതിൽ ആസ്വദിക്കാൻ കഴിയാതെ വരും. മറ്റൊരു മനോഹരമായ ആകാശക്കാഴ്ച കാത്തിരിക്കുന്നത് ആഗസ്റ്റ് 18൹ പ്രഭാതത്തിലാണ്. തിളക്കമേറിയ രണ്ടു ഗ്രഹങ്ങൾ -ശുക്രനും വ്യാഴവും- അര ഡിഗ്രി അടുത്തു നിൽക്കുന്ന കാഴ്ച അന്നു കാണാൻ കഴിയും. അതിവിദൂരങ്ങളിലായിരിക്കുമ്പോൾ തന്നെ തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂർവ്വദൃശ്യം ! ഒരു ദൂരദർശിനി കൂടിയുണ്ടെങ്കിൽ ഇവക്കരികിലായി ബീഹിവ് ക്ലസ്റ്ററിനെയും കാണാം. സന്ധ്യാകാശത്ത് പടിഞ്ഞാറു ഭാഗത്ത് ചൊവ്വയും ശനിയും തിളങ്ങി നിൽക്കും. 11 മണിവരെ ചൊവ്വയും 11.30മണിവരെ ശനിയും ആകാശത്തുണ്ടാവും. ചൊവ്വക്കു കുറച്ചു പടിഞ്ഞാറു ഭാഗത്തായി നീലമാണിക്യമായി ചിത്ര നക്ഷത്രയും കാണാം. 25നാണ് അമാവാസി. ക്ഷീരപഥത്തിന്റെ മനോഹാരിത ഈ  മാസത്തിലും നമ്മെ സന്തോഷിപ്പിക്കും.


ഷാജി അരിക്കാട് ||  shajiarikkad@gmail.com

വാല്‍നക്ഷത്ര രഹസ്യം തേടി റോസെറ്റ

നമ്മുടെ സൗരയൂഥത്തിന്‍റെ  അങ്ങേയറ്റത്ത്,നെപ്ട്യൂണിനും അപ്പുറത്തുള്ള കൂപ്പര്‍ ബെല്‍റ്റ്‌ മേഖലകളില്‍ നിലകൊള്ളുന്ന ഖഗോള വസ്തുക്കള്‍ ഇടയ്ക്കിടെ അവിടെ നിന്നും യാത്ര ചെയ്തു പലയിടങ്ങളിലും ഹ്രസ്വ സന്ദര്‍ശനങ്ങളും കൂട്ടിയിടികളും ഒക്കെയായി വാര്‍ത്തകളില്‍ നിറയാറുണ്ട്. നക്ഷത്രം എന്ന ഗണത്തില്‍ പെടുന്നവയൊന്നും അല്ലെങ്കിലും അവയ്ക്കുള്ളില്‍ ഉള്ള ഘനീഭവിച്ച ജലകണങ്ങള്‍, പൊടിപടലങ്ങള്‍, കാര്‍ബണ്‍ സംയുക്തങ്ങള്‍ ഇവയൊക്കെ ചേര്‍ന്ന് നിറഞ്ഞ ഈ ചെറു ഗോളങ്ങള്‍, സൂര്യന് അടുത്തുള്ള മേഖലകളിലേക്ക് കടക്കുന്നതോടെ സൂര്യവെളിച്ചത്തില്‍ വെട്ടിത്തിളങ്ങും. ചൂടേറുമ്പോള്‍ ജലവും കാര്‍ബണിക സംയുക്തങ്ങളും ബാഷ്പമായി മാറി നീണ്ട വാലുപോലെയാകും. സൌരയുഥജനനം മുതല്‍ കാര്യമായ രാസ ഭൌതിക മാറ്റങ്ങള്‍ വരാതെ നിലനില്‍ക്കുന്ന, കൂപ്പര്‍ ബെല്‍റ്റില്‍  നിന്നും വിരുന്നെത്തുന്ന, 'വാല്‍ നക്ഷത്രങ്ങള്‍'  എന്ന പേരില്‍ പ്രശസ്തരായ ഇവര്‍ക്ക്  സൌരയുഥത്തിന്‍റെ  ജനനസമയത്തെ അവസ്ഥ സംബന്ധിച്ച  നിര്‍ണായകമായ വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയും. അതിനാല്‍ തന്നെ വാല്‍ നക്ഷത്രങ്ങളെ അടുത്തറിയുക എന്നത് നമ്മുടെ ഉല്‍പ്പത്തി ചരിത്രവും ശാസ്ത്രവും അന്വേഷിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
[caption id="attachment_2020" align="aligncenter" width="1024"]റോസെറ്റ ദൌത്യം റോസെറ്റ ദൌത്യം[/caption]

2004-ൽ വാൽനക്ഷത്രങ്ങളെക്കുറിച്ച് പഠനം നടത്താൻ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ഉപഗ്രഹമാണ് റോസെറ്റ.പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2004 മാര്‍ച്ച് രണ്ടിന് ഫ്രഞ്ച് ഗയാനയിലെ കുറു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് അറിനേ റോക്കറ്റില്‍ യാത്ര തുടങ്ങിയ റോസെറ്റ, കോമറ്റ് 67P  (67P/Churyumov-Gerasimenko) എന്ന് പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രത്തെ അടുത്തറിഞ്ഞ്‌ നിര്‍ണായകമായ വിവരങ്ങള്‍ നമുക്കെത്തിക്കും.ആദ്യപടിയായി പേടകം ഈ വാല്‍നക്ഷത്രത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കും. 2014 സെപ്റ്റംബറോടുകൂടി വാല്‍നക്ഷത്രത്തിന്റെ 10 കിലോമീറ്റര്‍ അടുത്തെത്തും. തുടര്‍ന്ന് പേടകത്തില്‍ നിന്നും ഒരു പ്രോബ് 4 കിലോമീറ്ററോളം വലിപ്പമുള്ള വാല്‍നക്ഷത്രത്തിലേക്കിറക്കാനാണ് പ്ലാന്‍. 'ഫിലേ' (Philae) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2014 നവംബര്‍ 11നായിരിക്കും ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങുക. വാല്‍നക്ഷത്രം സൂര്യനെ സമീപിക്കുമ്പോള്‍ റോസെറ്റ പിന്തുടര്‍ന്ന് ഫിലേയുടെ സഹായത്തോടെ അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും.


ഇതിനിടെ യാത്രയ്ക്കിടയില്‍ റോസെറ്റയുടെ ദിശയില്‍ ചെറിയൊരു വ്യതിയാനമുണ്ടായി. സോരോര്‍ജം സ്വീകരിച്ചുകൊണ്ട് ചാര്‍ജു ചെയ്യപ്പെടുന്ന ഉപകരണങ്ങള്‍ ആണു റോസെറ്റയുടെ ജീവന്‍.   പേടകത്തിന്‍റെ യാത്ര  സൂര്യനോട് അഭിമുഖമായ ദിശയില്‍ നിന്നും അകന്നുപോകുന്നൊരു പഥത്തിലാണെന്നും അങ്ങനെ തുടര്‍ന്നാല്‍ അധികം വൈകാതെ റോസെറ്റയുടെ സോളാര്‍ പാനലുകള്‍ക്ക് സൂര്യനില്‍നിന്നും ഊര്‍ജം സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയിലാകുമെന്നും ശാസ്ത്രഞ്ജര്‍ തിരിച്ചറിഞ്ഞു. അതിനെ തുടര്‍ന്ന്, 2011 ജൂണില്‍ റോസെറ്റയെ കുറച്ചുകാലത്തേക്ക് 'ഹൈബര്‍നേഷനില്‍'  നിഷ്ക്രിയമാക്കി നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട്  മുപ്പതു മാസത്തോളം പ്രവർത്തനരഹിതമായിക്കിടന്ന ഈ ഉപഗ്രഹത്തിന്റെ തകരാറുകൾ പരിഹരിച്ച ശേഷം 2014 ജനുവരി മാസത്തോടെ യൂറോപ്പ്യൻ സ്പേസ് ഏജൻസി അതിനെ വീണ്ടും പ്രവർത്തസജ്ജമാക്കി. 2014 ജനുവരി 20 വൈകുന്നേരമാണ് റോസെറ്റ ഉണര്‍ന്നെണീറ്റതായുള്ള സന്ദേശം ജര്‍മനിയിലെ ഡാംസ്റ്റഡിലുള്ള കണ്‍ട്രോള്‍ സെന്ററിലെത്തിയത്.  പേടകത്തിനെ കൃത്യം ആ സമയത്ത് ഉണര്‍ത്തുന്നതിനുള്ള ഒരു അലാം നേരത്തേതന്നെ റോസെറ്റയിലെ കമ്പ്യൂട്ടറുകളില്‍ സെറ്റ് ചെയ്യപ്പെട്ടിരുന്നു. അത് കൃത്യമായി പ്രവര്‍ത്തിച്ച് സന്ദേശം ഭൂമിയിലെത്തിക്കുകയും ചെയ്തു.Rosetta_missionരണ്ടു ദശകം മുമ്പേ ആരംഭിച്ച പരിശ്രമങ്ങളുടെ അവസാനഭാഗത്തെത്തിനിൽക്കുകയാണ് ശാസ്ത്രജ്ഞർ. അടുത്ത ഒരുവർഷക്കാലം ഈ വാൽനക്ഷത്രത്തെ പിന്തുടർന്ന് പഠിച്ച്, അതിന്‍റെ  കേന്ദ്രഭാഗത്തിറങ്ങാൻ യുക്തമായ ഒരു സ്ഥാനം കണ്ടെത്തി, പത്ത് വിവിധ ഉപകരണങ്ങളുള്ള ഫിലേ ഉപകരണസമുച്ചയത്തെ വാൽനക്ഷത്രത്തിലിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 നവംബര്‍ മുതല്‍ 2015 അവസാനം വരെ റോസെറ്റ വാല്‍നക്ഷത്രത്തോടൊപ്പം സൂര്യനെ ചുറ്റും. തുടർന്ന് ആ വർഷം ഡിസംബറിൽ റോസെറ്റാ ദൗത്യം അവസാനിക്കും. [റോസെറ്റ ദൌത്യം_വീഡിയോ]വാൽനക്ഷത്രങ്ങളുടെ ഉല്‍പ്പത്തി, അവയുടെ ഘടന, സൗരയൂഥത്തിന്‍റെ  ആവിർഭാവത്തേക്കുറിച്ച് അവ നൽകിയേക്കാവുന്ന വിവരങ്ങൾ തുടങ്ങിയവ ഈ ദൗത്യത്തിൽ പഠനവിഷയമാകും. ശതകോടിവർഷങ്ങൾക്കു മുമ്പ് സൗരയൂഥത്തിന്‍റെ  വിദൂരതകളിൽ നിന്ന് വന്ന് ഭൂമിയിൽ വീണ വാൽനക്ഷത്രങ്ങൾ കടത്തിക്കൊണ്ടുപോന്നിരുന്ന അമിനോ ആസിഡുകളും ഹൈഡ്രോ കാർബണുകളുമാണ് ഇവിടെ ജീവനു തുടക്കമിട്ടതെന്ന വാദഗതിക്കുള്ള സ്ഥിരീകരണവും ഒരുപക്ഷേ ഈ ദൗത്യത്തിൽ നിന്ന് ലഭിച്ചേക്കാം.കാത്തിരിക്കാം പുത്തന്‍ അറിവുകള്‍ക്കായി!!

ആസ്ട്രോ കണ്ണൂരിന്‍റെ ജ്യോതിശാസ്ത്ര ക്ലാസ്

August 2014 TKD

ആസ്ട്രോ കണ്ണൂര്‍ ജില്ലാ ചാപ്റ്ററിന്‍റെ പ്രതിമാസ ശാസ്ത്ര ക്ലാസുകളുടെ ആഗസ്റ്റ്‌ ലക്കം 'ജ്യോതിശാസ്ത്രത്തിന്‍റെ വികാസവും പരിണാമവും' എന്ന വിഷയത്തില്‍ ശ്രീ.ടി കെ ദേവരാജന്‍ നയിച്ചു. കണ്ണൂര്‍ ജില്ലാ ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ നിരവധി ജ്യോതിശാസ്ത്ര കുതുകികള്‍ പങ്കു ചേര്‍ന്നു. ശ്രീ.പ്രഭാകരന്‍ കോവൂര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ ഘടകത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്കൂടുതല്‍ അറിയുവാന്‍ 9400 303209 എന്ന നമ്പരില്‍ ബന്ധപ്പെടാം.