തവിട്ടുകുള്ളന്‍ പിടിയില്‍!

നമ്മളോട് വളരെ അടുത്തായി വെറും 7.2 പ്രകാശവര്‍ഷം അകലെ ഇതുവരെ കണ്ണില്‍ പെടാതെ ഒളിച്ചുകഴിഞ്ഞിരുന്ന ഒരു ചങ്ങാതിയാണ് നാസയുടെ Wide-field Infrared Survey Explorer (WISE)-ന്റെയും Spitzer Space Telescope-ന്റെയും സംയുക്തമായ റെയ്ഡില്‍ പിടിക്കപ്പെട്ടത്. ഇതുവരെ കണ്ടത്തപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും തണുത്ത നക്ഷത്രമാണ് ഇത്. തവിട്ടുകുള്ളന്‍ (Brown dwarf) എന്ന വിഭാഗത്തില്‍ പെടുന്ന ഈ നക്ഷത്രത്തില്‍ -48 നും -13 നും ഇടയ്ക്ക് ഡിഗ്രി സെല്‍സ്യസ് മാത്രമാണ് താപനില. (സൂര്യന് ഉപരിതലത്തില്‍ പോലും ഏതാണ്ട് 6000 ഡിഗ്രി ഉണ്ടെന്നോര്‍ക്കണം)
[caption id="attachment_1964" align="aligncenter" width="300"]നമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരും  ഒപ്പം അവര്‍ കണ്ടുപിടിക്കപ്പെട്ട വര്‍ഷവും. നമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരും ഒപ്പം അവര്‍ കണ്ടുപിടിക്കപ്പെട്ട വര്‍ഷവും.[/caption]


നക്ഷത്രം എന്നു വിളിക്കുന്നു എന്നേയുള്ളു. സത്യത്തില്‍ നക്ഷത്രമാവാനുള്ള പീയെസ്സി പരീക്ഷയുടെ കാലാവധി കഴിഞ്ഞ വെയ്റ്റിങ് ലിസ്റ്റിലെ അംഗങ്ങളാണ് തവിട്ടു കുള്ളന്‍മാര്‍, പരാജയപ്പെട്ട നക്ഷത്രങ്ങള്‍. വമ്പന്‍ വാതകപടലങ്ങളില്‍ പല ഭാഗങ്ങളില്‍ ഗുരുത്വം കാരണം ഒത്തുകൂടുന്ന പദാര്‍ത്ഥങ്ങള്‍ മര്‍ദ്ദവും താപവും കൂടി ഒടുവില്‍ ഒരു നിശ്ചിത താപനില കഴിയുമ്പോള്‍ Nuclear fusion വഴി ഹൈ‍ഡ്രജന്‍ ആറ്റങ്ങളെ കൂട്ടി യോജിപ്പിച്ച് ഹീലിയം ആക്കി മാറ്റാന്‍ തുടങ്ങുമ്പോഴാണ് ഒരു നക്ഷത്രം രൂപം കൊള്ളുന്നത്. ഒരു നിശ്ചിത അളവ് പദാര്‍ത്ഥങ്ങള്‍ ഒത്തുകൂടി അപേക്ഷിച്ചാല്‍ മാത്രമേ Nuclear fusion തുടങ്ങാനുള്ള ലൈസന്‍സ് ഗുരുത്വബലം നല്‍കുകയുള്ളു. അല്ലാത്തപക്ഷം ഫ്യൂഷന്‍ തുടങ്ങാന്‍ കഴിയാതെ നിസ്സഹായരായി, വളരെ നേര്‍ത്ത അളവിലുള്ള ഊര്‍ജ്ജം മാത്രം പുറപ്പെടുവിച്ച് അങ്ങനെ കഴിഞ്ഞുകൂടേണ്ടിവരും. അങ്ങനെ സ്റ്റാറാവാനുള്ള ആഗ്രഹം ഉള്ളിലടക്കി കഴിയുന്ന ഹതാശരാണ് തവിട്ടുകുള്ളന്‍മാര്‍. ഇവര്‍ പക്ഷേ ന്യൂനപക്ഷമൊന്നും അല്ല കേട്ടോ, നക്ഷത്രങ്ങളുടെ അത്രയും തന്നെയുണ്ട് അവര്‍ എണ്ണത്തില്‍. അക്കൂട്ടത്തില്‍ നമ്മളോട് ഏറ്റവും അടുത്തുള്ളതും ഏറ്റവും തണുത്തതുമാണ് ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. ഇത്രയും കുറഞ്ഞ താപനില കാരണമാണ് ഇത്ര അടുത്തുണ്ടായിട്ടും ഇയാള്‍ ഇത്ര നാളും കണ്ണില്‍ പെടാതെ പോയത്. ഇതിന് WISE J0855-0714 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 


വൈശാഖന്‍ തമ്പി/ആസ്ട്രോ കേരള


ആസ്ട്രോ സമ്മര്‍ സ്കൂള്‍ ആദ്യബാച്ചിന് ആവേശകരമായ പങ്കാളിത്തം

ആസ്ട്രോ തിരുവനന്തപുരം ഘടകം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  സംഘടിപ്പിച്ച ജ്യോതിശാസ്ത്ര സമ്മര്‍ സ്കൂളിന് ആവേശകരമായ പങ്കാളിത്തം. നാല്‍പ്പതോളം കുട്ടികള്‍ ഈ പരിപാടിയുടെ ആദ്യ ബാച്ചില്‍ പങ്കാളികളായി.പി എം ജി യിലെ ശാസ്ത്ര സാങ്കേതികമ്യൂസിയത്തില്‍ വച്ചു നടന്ന സമ്മര്‍ സ്കൂള്‍ ആദ്യബാച്ച് ഇന്ന് സമാപിച്ചു.

DSC00643

ഏപ്രില്‍ 21 തിങ്കളാഴ്ച വൈകിട്ട് 5 മണിയ്ക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ശ്രീ. അരുള്‍ ജറാള്‍ഡ് പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജ്യോതിശാസ്ത്രത്തിന് ആമുഖം, പ്രായോഗിക ജ്യോതിശാസ്ത്രം, സൗരയൂഥം, നക്ഷത്രങ്ങളുടെ കഥ, നമ്മള്‍ കാണാത്ത പ്രപഞ്ചം, ഇന്‍ഡ്യയുടെ ചൊവ്വാദൗത്യം എന്നീ വിഷയങ്ങളില്‍ ക്ളാസ്സുകളും ഓരോ ക്ളാസ്സുകളേയും തുടര്‍ന്ന് പഠനപ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. ശരത് പ്രഭാവ്, അതുല്‍ ആര്‍.റ്റി, അനിരുദ്ധ്, വൈശാഖന്‍ തമ്പി, ‍ഡോ. അനന്ദ് നാരായണ്‍, കിരണ്‍ മോഹന്‍ എന്നിവരാണ് യഥാക്രമം ക്ളാസ്സുകള്‍ നയിച്ചത്. പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ. കൃഷ്ണ വാര്യര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ജ്യോതിശാസ്ത്ര പ്രചാരകരുടെ മേല്‍നോട്ടവും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ നടന്ന സമാപന ചടങ്ങില്‍ ISRO യിലെ സീനിയര്‍ സയന്റിസ്റ്റ് ശ്രീ. കുഞ്ഞിക്കമാരന്‍ മുഖ്യ അതിഥി ആയിരുന്നു. പരിപാടിയുടെ ഫലപ്രാപ്തി അളക്കാനുദ്ദേശിച്ച് ഒരു ക്വിസ് മത്സരവും ഒപ്പം നടന്നു. കുട്ടികള്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീ. കുഞ്ഞിക്കമാരന്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും റിസോഴ്സ് സീഡീയും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സമ്മര്‍ സ്കൂള്‍ 2014-രജിസ്ട്രേഷന്‍

Summer School 2014

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ട്രോയുടെ ജ്യോതിശാസ്ത്ര സമ്മര്‍ സ്കൂളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നു. തിരുവനന്തപുരത്തെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേര്‍ന്ന് നടത്തപ്പെടുന്ന ഈ പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഇതിന്റെ ഭാഗമായി ക്ലാസുകളും വാനനിരീക്ഷണ സെഷനുകളും പഠനപ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയിരിക്കുന്നു.

തീയതി: ഏപ്രില്‍ 21-27

സ്ഥലം: ശാസ്ത്ര സാങ്കേതിക മ്യൂസിയം, പി.എം.ജി. തിരുവനന്തപുരം

രജിസ്ട്രേഷന്‍ ഫീസ്: 300 രൂപ

REGISTRATION FORM