ആസ്ട്രോ പ്രവര്‍ത്തനങ്ങള്‍ ഇനി മേഖലകള്‍ കേന്ദ്രീകരിച്ച് ഉഷാറാകും

ആസ്ട്രോ കേരളയുടെ സംസ്ഥാന സംഗമം നവംബര്‍ 22നു എറണാകുളം മഹാരാജാസ് കോളേജില്‍ വച്ചു നടന്നു.ജില്ലാ ഘടകങ്ങളില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആസ്ട്രോ കുടുംബാംഗങ്ങള്‍ പങ്കു ചേര്‍ന്നു.

ആസ്ട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന നിര്‍ണായകമായ ചര്‍ച്ചകള്‍ നടന്നു. നോര്‍ത്ത്, സെന്‍ട്രല്‍, സൌത്ത് എന്നിങ്ങനെ മൂന്നു സോണുകളില്‍ ഉള്‍പ്പെടുത്തി ജില്ലാ തല പ്രവര്‍ത്തനങ്ങളെ വികേന്ദ്രികരിച്ചു മെച്ചപ്പെടുത്താനുള്ള സുപ്രധാനമായ തീരുമാനം യോഗത്തില്‍ കൈക്കൊണ്ടു.

പ്രതിമാസ ക്ളാസ്- സമയവും ജ്യോതിശാസ്ത്രവും

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മൾ സ്വയമറിയാതെ തന്നെ സമയം എന്ന സങ്കൽപത്തെ ആശ്രയിക്കുന്നു. നമ്മൾ പകൽ എന്ന് പറയുന്ന സമയം മറ്റൊരു രാജ്യത്ത് രാത്രിയായിരിക്കും. അപ്പോൾ ഏതാണ് ശരിക്കുള്ള സമയം? നമ്മൾ സമയത്തെ സംബന്ധിച്ച് take-it-for-granted എന്ന് കരുതുന്ന പലതും ഒരുപാട് സങ്കീർണതകളും കൗതുകങ്ങളും നിറഞ്ഞതാണ്. അവയാകട്ടെ ജ്യോതിശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുമിരിക്കുന്നു. 'സമയവും ജ്യോതിശാസ്ത്രവും' എന്ന വിഷയത്തിലാണ് ആസ്ട്രോ തിരുവനന്തപുരത്തിന്റെ പ്രതിമാസ ക്ളാസ്. നാളെ (06.11.2014 വ്യാഴാഴ്ച) വൈകിട്ട് 5.30 ന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഇതിൽ താത്പര്യമുള്ള ആർക്കും, രജിസ്ട്രേഷനോ മറ്റ് ഔപചാരികതകളോ ഇല്ലാതെ, പ്രായഭേദമന്യേ പങ്കെടുക്കാവുന്നതാണ്.

ആസ്ട്രോ പ്രവര്‍ത്തകരുടെ സംസ്ഥാന തല സംഗമം നവംബറില്‍ എറണാകുളത്ത്

ആസ്ട്രോ പ്രവര്‍ത്തകരുടെ സംസ്ഥാന തല സംഗമം നവംബര്‍ 22 ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജില്‍ ചേരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആസ്ട്രോ ഭാരവാഹികളുടെയും, കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും വാര്‍ഷിക ഒത്തുചേരല്‍ ആണ് 22ന് ഉണ്ടാവുക. കൂടാതെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ ഭാവി പരിപാടികള്‍ രൂപീകരിക്കല്‍ തുടങ്ങി ആസ്ട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഉതകുന്ന ചര്‍ച്ചകളും ആശയങ്ങള്‍ പങ്കുവയ്ക്കലും നടക്കും.ആസ്ട്രോ സ്ഥാപക പ്രസിഡന്‍റ് പ്രൊഫ.കെ പാപ്പൂട്ടി ഉത്ഘാടനം ചെയ്യും.


2009 ലെ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര വര്‍ഷാചരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും മറ്റും തുടര്‍ച്ചയായി സംസ്ഥാനമൊട്ടാകെ ശാസ്ത്ര- ജ്യോതിശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും എകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണ് അമേച്വര്‍ ആസ്ട്രോണമേഴ്സ് ഓര്‍ഗനൈസേഷന്‍ (ആസ്ട്രോ) കേരള. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ശാസ്ത്ര പ്രചാരകര്‍, ശാസ്ത്ര എഴുത്തുകാര്‍ തുടങ്ങി വിവിധ തുറകളില്‍പ്പെട്ടവരും സ്ഥാപനങ്ങളും  ഇതിലെ അംഗങ്ങളാണ്. ഈ രംഗത്തെ പ്രഗത്ഭരായ ആളുകളാണ് ആസ്ട്രോയെ നയിക്കുന്നത്. ആസ്ട്രോ  കഴിഞ്ഞ അഞ്ചു  വര്‍ഷമായി സംസ്ഥാനമൊട്ടുക്ക് അതിന്‍റെ ജില്ലാ ഘടകങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ഒട്ടനവധി ശാസ്ത്ര - ജ്യോതിശാസ്ത്ര പ്രചാരണ - വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. സ്കൂളുകളിലും കോളേജുകളിലും ആസ്ട്രോ ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി ഏതാണ്ട് ഇരുന്നൂറില്‍പരം സ്ഥിരം അംഗങ്ങളും അത്രത്തോളം വിദ്യാര്‍ഥി അംഗങ്ങളും  ആസ്ട്രോയ്ക്കുണ്ട്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കേന്ദ്രമാക്കിയാണ് ആസ്ട്രോ പ്രവര്‍ത്തിക്കുന്നത്.


emblem
  • എന്താണ് ആസ്ട്രോ സംസ്ഥാന ജനറല്‍ ബോഡി?


 ആസ്ട്രോ വാര്‍ഷിക സംഗമം.സംസ്ഥാനത്തൊട്ടാകെ വിവിധ ജില്ലകളിലായുള്ള ആസ്ട്രോ പ്രവര്‍ത്തകരുടേയും ഭാരവാഹികളുടേയും സംസ്ഥാന തല സംഗമമാണ് ആസ്ട്രോ ജനറല്‍ ബോഡിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ മറ്റു അഭ്യുദയകാംഷികളെയും ആസ്ട്രോ സുഹൃത്തുക്കളും ശാസ്ത്ര ജ്യോതിശാസ്ത്ര തല്പ്പരരും ഈ കൂട്ടായ്മയ്ക്കായി ഉണ്ടാവും.
  •  എന്ന്‌? എവിടെ വച്ച് ? സമയം ? 


 2014 നവംബര്‍ 22  ഞായറാഴ്ച എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് പരിപാടി.

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

ചരിത്രം തിരുത്തി ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്‍ ചൊവ്വയ്ക്കരികിലേക്ക്... ലോകത്തിന്റെ കാത്തിരിപ്പ് മൂന്നാഴ്ചകൂടി. ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിക്കാന്‍ നിര്‍ണായക യാത്രയിലാണ് ഒരു മാരുതി കാറിന്റെ വലുപ്പമുള്ള ഈ ഉപഗ്രഹം. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍-1 ദൗത്യത്തിനുശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ശ്രദ്ധേയ മുന്നേറ്റത്തെ ലോകമാകെ ഉറ്റുനോക്കുകയാണ്.പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ചാല്‍ മംഗള്‍യാന്‍ സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടക്കും. ഇതോടെ ആദ്യദൗത്യത്തില്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തുന്ന ആദ്യ ഉപഗ്രഹമാകും മംഗള്‍യാന്‍ .

chovva_140828022739106
ചൊവ്വാ ദൗത്യം വിജയകരമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഇടംനേടും. റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് മുമ്പ് ഈ ദൗത്യത്തില്‍ വിജയം നേടിയവര്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ ആദ്യ ദൗത്യത്തില്‍ വിജയംകണ്ടിരുന്നില്ല. ഇതുവരെയുണ്ടായ 51 ദൗത്യങ്ങളില്‍ 21 എണ്ണമേ വിജയിച്ചുള്ളു. ചൊവ്വയെ ഭ്രമണംചെയ്ത് വിവരശേഖരണതിനു പുറപ്പെട്ട 22 പേടകങ്ങളില്‍ ഒമ്പതെണ്ണം മാത്രമേ ലക്ഷ്യംകണ്ടുള്ളു. ചൊവ്വയുടെ ഉപരിതലത്തിലിറക്കാനുള്ള 10 ലാന്‍ഡര്‍ ദൗത്യങ്ങളില്‍ മൂന്നും ഏഴ് റോവര്‍ ദൗത്യങ്ങളില്‍ നാലുമേ വിജയത്തിലെത്തിയുള്ളു. കഴിഞ്ഞ നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ 85 ശതമാനത്തിലേറെ യാത്രയും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഭൂമിയില്‍നിന്ന് ഇത്രയും ദൂരം എത്തുന്ന ഇന്ത്യയുടെ ആദ്യ പേടകംകൂടിയാണിത്.


ചൊവ്വയുടെ 74 ലക്ഷം കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ എത്തിക്കഴിഞ്ഞു. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയും. ഭൂമിയില്‍നിന്ന് പേടകത്തിലേക്കും തിരിച്ചും സിഗ്നല്‍ എത്താന്‍ 20 മിനിറ്റ് വേണ്ടിവരുന്നുണ്ട്. സൗരകേന്ദ്രീകൃത പാതയില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്റെ വേഗം സെക്കന്‍ഡില്‍ 22.32 കിലോമീറ്ററായി ഉയര്‍ന്നുകഴിഞ്ഞു. പേടകത്തിന്റെ അവസാനവട്ട പാത തിരുത്തല്‍ പ്രവര്‍ത്തനം സെപ്തംബര്‍ 14 നാണ്. പേടകത്തിലെ ബൂസ്റ്റര്‍ റോക്കറ്റ് ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കുക. ഐഎസ്ആര്‍ഒ സെന്ററായ ഇസ്ട്രാക്കില്‍നിന്നുള്ള സന്ദേശം സ്വീകരിച്ചാണ് പേടകം സ്വയം സഞ്ചാരപഥം തിരുത്തുക.

സെപ്തംബര്‍ 24ന് രാവിലെ 7.30ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കും. അതിവേഗത്തില്‍ പായുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ എതിര്‍ദിശയില്‍ ലിക്വിഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും. 22.8 മിനിറ്റ് 240 കിലോഗ്രാം ഇന്ധനമാണ് ഇതിനായി ജ്വലിപ്പിക്കുക. ഇതിനായി ഭൂമിയില്‍നിന്നുള്ള സന്ദേശം മൂന്നുദിവസം മുമ്പുതന്നെ ഉപഗ്രഹത്തിലെ സ്വയം നിയന്ത്രണ സംവിധാനത്തിലേക്ക് നല്‍കിയിരിക്കും. ഈ നിയന്ത്രണസംവിധാനങ്ങളുടെ വിജയം മംഗള്‍യാന്റെ ലക്ഷ്യത്തില്‍ നിര്‍ണായകമാണ്. പേടകത്തെ കുറഞ്ഞത് 327 കിലോമീറ്ററിനും കൂടിയ ദൂരമായ 80,000 കിലോമീറ്ററിനും ഇടയിലുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുവരെയെത്തി ചിത്രങ്ങളെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഇതുമൂലം കഴിയും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവയ്ക്കും. മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വാരഹസ്യങ്ങളാകെ ചുരുള്‍നിവരുമെന്നാണ് പ്രതീക്ഷ. ഒക്ടോബറില്‍ ചൊവ്വയില്‍ പതിക്കാനിടയുള്ള ഒരു വാല്‍നക്ഷത്രം മംഗള്‍യാന് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിനെ കാര്യമാക്കേണ്ടെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍

ദിലീപ്  മലയാലപ്പുഴ

സെപ്തംബര്‍ മാസത്തെ ആകാശം

[caption id="attachment_2047" align="alignleft" width="779"]Sky_map_2014_sep 2014 സെപ്റ്റംബർ മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി എട്ടുമണിക്ക് കാണാൻ കഴിയുന്ന ആകാശദൃശ്യം.[/caption]

 

 

ആസ്ട്രോ വയനാട് സബ്ജില്ലാ ക്വിസ് മത്സരങ്ങള്‍

WNDആസ്ട്രോ കേരള വയനാട് ജില്ലാ ഘടകം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജ്യോതിശാസ്ത്ര ക്വിസ് മത്സരത്തിന്‍റെ രണ്ടാം ഘട്ട മത്സരങ്ങള്‍ സബ് ജില്ലാ തലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. മൂന്നു സബ് ജില്ലകളില്‍ നിന്നായി 61 സ്കൂളുകള്‍ മത്സരങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.ഒരു സ്കൂളില്‍ നിന്നും രണ്ടു പേരടങ്ങിയ ടീമുകളെ ഉള്‍പ്പെടുത്തിയാണ് പരിപാടികള്‍ നടത്തിയത്.മത്സരങ്ങളോട് അനുബന്ധിച്ച് ചാന്ദ്ര പര്യവേഷണങ്ങളുടെ ചരിത്രം ശാസ്ത്രം മുതലായവ വിശദീകരിച്ചുകൊണ്ടുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ആസ്ട്രോ വയനാടിന്‍റെ ഭാരവാഹികളായ ശ്രീ. ജോണ്‍ മാത്യു , ശ്രീ.കെ ടി ശ്രീവത്സന്‍,ശ്രീ. എം എം ടോമി,സജി മാസ്റ്റര്‍, ശ്രീ. ടി വി ഗോപകുമാര്‍, ശ്രീ കെ പി ഏലിയാസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി.  മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

വിജയികള്‍ 

  • ദിനില്‍ ശശിധരന്‍  , രഹില കെ കെ, ഗവ.ഹൈസ്കൂള്‍ ആനപ്പാറ

  • ദേവനന്ദു എം എസ് , ജസിന്‍ മുഹമ്മദ്‌ , ഗവ ഹൈസ്കൂള്‍ ചാനാട്

  • വിവേക് .എം, മാളവിക, ഏ യു പി എസ് വരദൂര്‍


 

ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായുള്ള കെ വി പി വൈ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

KVPY_logoശാസ്ത്ര വിദ്യാഭ്യാസം അഭിവൃദ്ധിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള  "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന" സ്കോളര്‍ഷിപ്പിനുള്ള  അപേക്ഷ ക്ഷണിച്ചു.www.kvpy.org.in   വെബ്സൈറ്റിലൂടെ സെപ്തംബര്‍ എട്ടുവരെ അപേക്ഷിക്കാം. പ്ലസ് വണ്‍ , പ്ലസ്ടു, ബിഎസ്സി ഒന്നാം വര്‍ഷം എന്നീ കോഴ്സുകളില്‍ പഠിക്കുന്ന ശാസ്ത്രവിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഗവേഷണതല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ഈ സ്കോളര്‍ഷിപ്പ് അവസരം നല്‍കും. ഐസറിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും നാലുവര്‍ഷ ബിഎസ് പ്രോഗ്രാമിന് കെവിപിവൈ യോഗ്യതയായി കണക്കാക്കും.

ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെപറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ് നല്‍കും. സ്ട്രീം എസ്എ: 2014-15 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും 10-ാം ക്ലാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 70 ശതമാനം). സ്ട്രീം എസ്ബി: 2014-15ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് കോഴ്സില്‍ ചേര്‍ന്നവരും പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 50 ശതമാനം) ലഭിച്ചവരാകണം.

സ്ട്രീം എസ്എക്സ്: 2014-15 ല്‍ സയന്‍സ് പ്ലസ്ടുവിന് പഠിക്കുന്നവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 70 ശതമാനം) മാര്‍ക്കുള്ളവരും 2015-16 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ ബിഎസ്സി/ബിഎസ്/ബിസ്റ്റാറ്റ്/ബിമാത്സ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പ്പര്യമുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രീമില്‍ അപേക്ഷിക്കാം. . അപേക്ഷാഫീസ് 500 രൂപ. വിജ്ഞാപനം www.kvpy.org.in വെബ്സൈറ്റില്‍.

- See more at: http://www.deshabhimani.com/news-education-all-latest_news-390333.html#sthash.PXsflxEU.dpuf

ആഗസ്റ്റ്‌ മാസത്തെ ആകാശവിശേഷങ്ങള്‍

Skymap2014_augest

 

ആഗസ്റ്റ് മാസം ആകാശക്കാഴ്ചകളുടേതാണ്.അറിയുവാനും ആസ്വദിക്കുവാനും നിറയെ. പത്താം തിയ്യതിയാണ്  ഈ മാസത്തെ പൗർണ്ണമി. ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണുന്നത് ഈ മാസത്തെ പൗർണ്ണമിയിലാണ്. അപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,60,000കി.മീറ്റർ ആയിരിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ, ആകാശം തെളിഞ്ഞതാണെങ്കിൽ മനോഹരമായ നക്ഷത്രമഴ ആസ്വദിക്കാം. 11,12,13 ദിവസങ്ങളിലാണ് പെർസീഡ്സ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഏറ്റവും കൂടുതൽ കൊള്ളിമീനുകൾ വീഴുന്ന ഉൽക്കാവർഷം എന്ന നിലയിൽ പ്രസിദ്ധമാണ് പെർസീഡ്സ് ഉൽക്കാവർഷം. സ്വിഫ്റ്റ് ടട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെർസ്യൂസ് നക്ഷത്രഗണത്തിന്‍റെ ദിശയിൽ നിന്നാണ് കൊള്ളിമീനുകൾ പറന്നുവീഴുക. പൗർണ്ണമിയോടടുത്ത ദിവസങ്ങളിലായതുകൊണ്ട് ഇതിന്റെ ഭംഗി പൂർണ്ണതോതിൽ ആസ്വദിക്കാൻ കഴിയാതെ വരും. മറ്റൊരു മനോഹരമായ ആകാശക്കാഴ്ച കാത്തിരിക്കുന്നത് ആഗസ്റ്റ് 18൹ പ്രഭാതത്തിലാണ്. തിളക്കമേറിയ രണ്ടു ഗ്രഹങ്ങൾ -ശുക്രനും വ്യാഴവും- അര ഡിഗ്രി അടുത്തു നിൽക്കുന്ന കാഴ്ച അന്നു കാണാൻ കഴിയും. അതിവിദൂരങ്ങളിലായിരിക്കുമ്പോൾ തന്നെ തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂർവ്വദൃശ്യം ! ഒരു ദൂരദർശിനി കൂടിയുണ്ടെങ്കിൽ ഇവക്കരികിലായി ബീഹിവ് ക്ലസ്റ്ററിനെയും കാണാം. സന്ധ്യാകാശത്ത് പടിഞ്ഞാറു ഭാഗത്ത് ചൊവ്വയും ശനിയും തിളങ്ങി നിൽക്കും. 11 മണിവരെ ചൊവ്വയും 11.30മണിവരെ ശനിയും ആകാശത്തുണ്ടാവും. ചൊവ്വക്കു കുറച്ചു പടിഞ്ഞാറു ഭാഗത്തായി നീലമാണിക്യമായി ചിത്ര നക്ഷത്രയും കാണാം. 25നാണ് അമാവാസി. ക്ഷീരപഥത്തിന്റെ മനോഹാരിത ഈ  മാസത്തിലും നമ്മെ സന്തോഷിപ്പിക്കും.


ഷാജി അരിക്കാട് ||  shajiarikkad@gmail.com

വാല്‍നക്ഷത്ര രഹസ്യം തേടി റോസെറ്റ

നമ്മുടെ സൗരയൂഥത്തിന്‍റെ  അങ്ങേയറ്റത്ത്,നെപ്ട്യൂണിനും അപ്പുറത്തുള്ള കൂപ്പര്‍ ബെല്‍റ്റ്‌ മേഖലകളില്‍ നിലകൊള്ളുന്ന ഖഗോള വസ്തുക്കള്‍ ഇടയ്ക്കിടെ അവിടെ നിന്നും യാത്ര ചെയ്തു പലയിടങ്ങളിലും ഹ്രസ്വ സന്ദര്‍ശനങ്ങളും കൂട്ടിയിടികളും ഒക്കെയായി വാര്‍ത്തകളില്‍ നിറയാറുണ്ട്. നക്ഷത്രം എന്ന ഗണത്തില്‍ പെടുന്നവയൊന്നും അല്ലെങ്കിലും അവയ്ക്കുള്ളില്‍ ഉള്ള ഘനീഭവിച്ച ജലകണങ്ങള്‍, പൊടിപടലങ്ങള്‍, കാര്‍ബണ്‍ സംയുക്തങ്ങള്‍ ഇവയൊക്കെ ചേര്‍ന്ന് നിറഞ്ഞ ഈ ചെറു ഗോളങ്ങള്‍, സൂര്യന് അടുത്തുള്ള മേഖലകളിലേക്ക് കടക്കുന്നതോടെ സൂര്യവെളിച്ചത്തില്‍ വെട്ടിത്തിളങ്ങും. ചൂടേറുമ്പോള്‍ ജലവും കാര്‍ബണിക സംയുക്തങ്ങളും ബാഷ്പമായി മാറി നീണ്ട വാലുപോലെയാകും. സൌരയുഥജനനം മുതല്‍ കാര്യമായ രാസ ഭൌതിക മാറ്റങ്ങള്‍ വരാതെ നിലനില്‍ക്കുന്ന, കൂപ്പര്‍ ബെല്‍റ്റില്‍  നിന്നും വിരുന്നെത്തുന്ന, 'വാല്‍ നക്ഷത്രങ്ങള്‍'  എന്ന പേരില്‍ പ്രശസ്തരായ ഇവര്‍ക്ക്  സൌരയുഥത്തിന്‍റെ  ജനനസമയത്തെ അവസ്ഥ സംബന്ധിച്ച  നിര്‍ണായകമായ വിവരങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയും. അതിനാല്‍ തന്നെ വാല്‍ നക്ഷത്രങ്ങളെ അടുത്തറിയുക എന്നത് നമ്മുടെ ഉല്‍പ്പത്തി ചരിത്രവും ശാസ്ത്രവും അന്വേഷിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
[caption id="attachment_2020" align="aligncenter" width="1024"]റോസെറ്റ ദൌത്യം റോസെറ്റ ദൌത്യം[/caption]

2004-ൽ വാൽനക്ഷത്രങ്ങളെക്കുറിച്ച് പഠനം നടത്താൻ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ഉപഗ്രഹമാണ് റോസെറ്റ.പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2004 മാര്‍ച്ച് രണ്ടിന് ഫ്രഞ്ച് ഗയാനയിലെ കുറു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് അറിനേ റോക്കറ്റില്‍ യാത്ര തുടങ്ങിയ റോസെറ്റ, കോമറ്റ് 67P  (67P/Churyumov-Gerasimenko) എന്ന് പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രത്തെ അടുത്തറിഞ്ഞ്‌ നിര്‍ണായകമായ വിവരങ്ങള്‍ നമുക്കെത്തിക്കും.ആദ്യപടിയായി പേടകം ഈ വാല്‍നക്ഷത്രത്തെ പരമാവധി അടുത്തെത്തി നിരീക്ഷിക്കും. 2014 സെപ്റ്റംബറോടുകൂടി വാല്‍നക്ഷത്രത്തിന്റെ 10 കിലോമീറ്റര്‍ അടുത്തെത്തും. തുടര്‍ന്ന് പേടകത്തില്‍ നിന്നും ഒരു പ്രോബ് 4 കിലോമീറ്ററോളം വലിപ്പമുള്ള വാല്‍നക്ഷത്രത്തിലേക്കിറക്കാനാണ് പ്ലാന്‍. 'ഫിലേ' (Philae) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2014 നവംബര്‍ 11നായിരിക്കും ഫിലേ വാല്‍നക്ഷത്രത്തിലിറങ്ങുക. വാല്‍നക്ഷത്രം സൂര്യനെ സമീപിക്കുമ്പോള്‍ റോസെറ്റ പിന്തുടര്‍ന്ന് ഫിലേയുടെ സഹായത്തോടെ അതിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യും.


ഇതിനിടെ യാത്രയ്ക്കിടയില്‍ റോസെറ്റയുടെ ദിശയില്‍ ചെറിയൊരു വ്യതിയാനമുണ്ടായി. സോരോര്‍ജം സ്വീകരിച്ചുകൊണ്ട് ചാര്‍ജു ചെയ്യപ്പെടുന്ന ഉപകരണങ്ങള്‍ ആണു റോസെറ്റയുടെ ജീവന്‍.   പേടകത്തിന്‍റെ യാത്ര  സൂര്യനോട് അഭിമുഖമായ ദിശയില്‍ നിന്നും അകന്നുപോകുന്നൊരു പഥത്തിലാണെന്നും അങ്ങനെ തുടര്‍ന്നാല്‍ അധികം വൈകാതെ റോസെറ്റയുടെ സോളാര്‍ പാനലുകള്‍ക്ക് സൂര്യനില്‍നിന്നും ഊര്‍ജം സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയിലാകുമെന്നും ശാസ്ത്രഞ്ജര്‍ തിരിച്ചറിഞ്ഞു. അതിനെ തുടര്‍ന്ന്, 2011 ജൂണില്‍ റോസെറ്റയെ കുറച്ചുകാലത്തേക്ക് 'ഹൈബര്‍നേഷനില്‍'  നിഷ്ക്രിയമാക്കി നിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട്  മുപ്പതു മാസത്തോളം പ്രവർത്തനരഹിതമായിക്കിടന്ന ഈ ഉപഗ്രഹത്തിന്റെ തകരാറുകൾ പരിഹരിച്ച ശേഷം 2014 ജനുവരി മാസത്തോടെ യൂറോപ്പ്യൻ സ്പേസ് ഏജൻസി അതിനെ വീണ്ടും പ്രവർത്തസജ്ജമാക്കി. 2014 ജനുവരി 20 വൈകുന്നേരമാണ് റോസെറ്റ ഉണര്‍ന്നെണീറ്റതായുള്ള സന്ദേശം ജര്‍മനിയിലെ ഡാംസ്റ്റഡിലുള്ള കണ്‍ട്രോള്‍ സെന്ററിലെത്തിയത്.  പേടകത്തിനെ കൃത്യം ആ സമയത്ത് ഉണര്‍ത്തുന്നതിനുള്ള ഒരു അലാം നേരത്തേതന്നെ റോസെറ്റയിലെ കമ്പ്യൂട്ടറുകളില്‍ സെറ്റ് ചെയ്യപ്പെട്ടിരുന്നു. അത് കൃത്യമായി പ്രവര്‍ത്തിച്ച് സന്ദേശം ഭൂമിയിലെത്തിക്കുകയും ചെയ്തു.Rosetta_missionരണ്ടു ദശകം മുമ്പേ ആരംഭിച്ച പരിശ്രമങ്ങളുടെ അവസാനഭാഗത്തെത്തിനിൽക്കുകയാണ് ശാസ്ത്രജ്ഞർ. അടുത്ത ഒരുവർഷക്കാലം ഈ വാൽനക്ഷത്രത്തെ പിന്തുടർന്ന് പഠിച്ച്, അതിന്‍റെ  കേന്ദ്രഭാഗത്തിറങ്ങാൻ യുക്തമായ ഒരു സ്ഥാനം കണ്ടെത്തി, പത്ത് വിവിധ ഉപകരണങ്ങളുള്ള ഫിലേ ഉപകരണസമുച്ചയത്തെ വാൽനക്ഷത്രത്തിലിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 നവംബര്‍ മുതല്‍ 2015 അവസാനം വരെ റോസെറ്റ വാല്‍നക്ഷത്രത്തോടൊപ്പം സൂര്യനെ ചുറ്റും. തുടർന്ന് ആ വർഷം ഡിസംബറിൽ റോസെറ്റാ ദൗത്യം അവസാനിക്കും. [റോസെറ്റ ദൌത്യം_വീഡിയോ]വാൽനക്ഷത്രങ്ങളുടെ ഉല്‍പ്പത്തി, അവയുടെ ഘടന, സൗരയൂഥത്തിന്‍റെ  ആവിർഭാവത്തേക്കുറിച്ച് അവ നൽകിയേക്കാവുന്ന വിവരങ്ങൾ തുടങ്ങിയവ ഈ ദൗത്യത്തിൽ പഠനവിഷയമാകും. ശതകോടിവർഷങ്ങൾക്കു മുമ്പ് സൗരയൂഥത്തിന്‍റെ  വിദൂരതകളിൽ നിന്ന് വന്ന് ഭൂമിയിൽ വീണ വാൽനക്ഷത്രങ്ങൾ കടത്തിക്കൊണ്ടുപോന്നിരുന്ന അമിനോ ആസിഡുകളും ഹൈഡ്രോ കാർബണുകളുമാണ് ഇവിടെ ജീവനു തുടക്കമിട്ടതെന്ന വാദഗതിക്കുള്ള സ്ഥിരീകരണവും ഒരുപക്ഷേ ഈ ദൗത്യത്തിൽ നിന്ന് ലഭിച്ചേക്കാം.കാത്തിരിക്കാം പുത്തന്‍ അറിവുകള്‍ക്കായി!!

ആസ്ട്രോ കണ്ണൂരിന്‍റെ ജ്യോതിശാസ്ത്ര ക്ലാസ്

August 2014 TKD

ആസ്ട്രോ കണ്ണൂര്‍ ജില്ലാ ചാപ്റ്ററിന്‍റെ പ്രതിമാസ ശാസ്ത്ര ക്ലാസുകളുടെ ആഗസ്റ്റ്‌ ലക്കം 'ജ്യോതിശാസ്ത്രത്തിന്‍റെ വികാസവും പരിണാമവും' എന്ന വിഷയത്തില്‍ ശ്രീ.ടി കെ ദേവരാജന്‍ നയിച്ചു. കണ്ണൂര്‍ ജില്ലാ ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ നിരവധി ജ്യോതിശാസ്ത്ര കുതുകികള്‍ പങ്കു ചേര്‍ന്നു. ശ്രീ.പ്രഭാകരന്‍ കോവൂര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ ഘടകത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്കൂടുതല്‍ അറിയുവാന്‍ 9400 303209 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ആസ്ട്രോ കണ്ണൂര്‍ ജില്ലാ ഘടകത്തിന്‍റെ പ്രതിമാസ ജ്യോതിശാസ്ത്ര ക്ലാസ്

AASTRO Kannur_Agust Class_Notice

ആസ്ട്രോ കണ്ണൂര്‍ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന  പ്രതിമാസ ജ്യോതിശാസ്ത്ര പ്രഭാഷണ പരമ്പരയുടെ  ഭാഗമായി ആഗസ്റ്റ്‌ 10 ഞായറാഴ്ച 2 മണിയ്ക്ക് കണ്ണൂര്‍ ജില്ലാ ലൈബ്രറി ഹാളില്‍. 'ജ്യോതിശാസ്ത്രത്തിന്‍റെ വികാസവും പരിണാമവും' എന്ന വിഷയത്തില്‍ ശ്രീ.ടി കെ ദേവരാജന്‍ ക്ലാസ് നയിക്കും.പരിപാടിയിലേക്ക് ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.പങ്കെടുക്കുമല്ലോ.താല്‍പര്യമുള്ള എല്ലാവരേയും കൂട്ടൂ.9400303209 എന്ന നമ്പരില്‍ നമ്പരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

 

ആസ്ട്രോ പ്രതിമാസക്ലാസ് ജൂലൈ ലക്കം

ആസ്ട്രോ തിരുവനന്തപുരം ചാപ്റ്ററിന്‍റെ പ്രതിമാസ ശാസ്ത്രക്ലാസ് പരമ്പരയില്‍ ഈ തവണ "Learning and Doing Astronomy Online" എന്ന വിഷയത്തിലാണ്.

 

c2a

സമയം : വ്യാഴാഴ്ച  (03.07.2014) വൈകിട്ട് 5.30 -ന്. തിരുവനന്തപുരം പി എം ജിയില്‍ ഉള്ള ശാസ്ത്രസാങ്കേതിക മ്യൂസിയം ആണ് വേദി.ജ്യോതിശാസ്ത്രം പഠിക്കുന്നതിനും, അന്താരാഷ്ട്രതലത്തില്‍ നിരന്തരം നടക്കുന്ന ജ്യോതിശാസ്ത്ര അന്വേഷണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതിനും വരെ ഇന്റര്‍നെറ്റിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സെഷന്‍ ശ്രീ. നവനീത് കൃഷ്ണന്‍ നയിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.താല്‍പര്യമുള്ള എല്ലാവരേയും കൂട്ടുമല്ലോ.കൂടുതല്‍ വിവരങ്ങള്‍ 09846608238 എന്ന നമ്പരില്‍ നിന്നു ലഭിക്കും. 

ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ അത്യപൂര്‍വ ഗാലക്‌സി കണ്ടെത്തി; സംഘത്തില്‍ നാല് മലയാളികളും

സാബു ജോസ് || ആസ്ട്രോ വയനാട്
പൂനെയിലെ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിലെ (IUCAA) ശാസ്ത്രജ്ഞനായ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഏറെ അപൂര്‍വതകളുള്ള ഗാലക്‌സി  (2MASX J 23453268 0449256)  കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും നീളം കൂടിയ  റേഡിയോ ജെറ്റുകളുള്ള സര്‍പ്പിള ഗാലക്‌സിയാണിത് (Spiral Galaxy). ഭൂമിയില്‍ നിന്ന് 112 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഈ ഗാലക്‌സിയില്‍ നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്.
സാധാരണഗതിയില്‍ സ്‌പൈറല്‍ ഗാലക്‌സികളില്‍ നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് വളരെ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളു. ഗാലക്‌സികളുടെ മധ്യത്തിലുള്ള തമോദ്വാരങ്ങള്‍(Black holes) ചുറ്റുപാടുനിന്നും ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍, കാന്തിക വലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്ക് തെറിക്കുന്ന ഇലക്‌ട്രോണുകളാണ് റേഡിയോ ജെറ്റുകള്‍ എന്ന പ്രതിഭാസത്തിന് പിന്നില്‍. സ്‌പൈറല്‍ ഗാലക്‌സികളില്‍ സാധാരണ ഗതിയില്‍ കുറഞ്ഞ പിണ്ഡമുള്ള തമോദ്വാരങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഈ ഗാലക്‌സിയുടെ വര്‍ണരാജി വിശകലനത്തില്‍(spectroscopy) നിന്നും മനസിലാക്കാനായത് ഇതിന്റെ കേന്ദ്രത്തില്‍ 20കോടി സൗരപിണ്ഡത്തിന് തുല്യമായ പിണ്ഡമുള്ള ഒരു തമോദ്വാരം ഉണ്ടെന്നാണ്!
സാധാരണ ഗാലക്‌സികളിലുള്ളതുപോലെ ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം (Cenral Bulge) ഇതിന്റെ കേന്ദ്രത്തില്‍ ഇല്ല എന്നുള്ളത് ഈ ഗാലക്‌സിയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോബള്‍ജ്(psuedo bulge) ഗണത്തില്‍പെടുന്ന സ്‌പൈറല്‍ ഗാലക്‌സിയാണ്. ഒരു സ്യൂഡോബള്‍ജ് ഗാലക്‌സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോദ്വാരം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഇതുകൂടാതെ  ഈ ഗാലക്‌സിയുടെ കറക്കവേഗതയും(430km/s) സാധാരണ ഗാലക്‌സികളെക്കാള്‍  വളരെ കൂടുതലാണ്.
പൂനെയിലുള്ള ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപ്പിന്റെയും(GMRT), ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ േഫാര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവലി ഒബ്‌സര്‍വേറ്ററിയുടെയും(IGO) സഹായത്തോടുകൂടിയായിരുന്നു ഈ കണ്ടുപിടുത്തം.  ഗവേഷണ സംഘത്തിലെ നാല്‌പേര്‍ മലയാളികളാണ്. ഐയുക്കയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോആയ ഡോ. എം വിവേക്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോ ആയ ഡോ. വി വിനു, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകനായ ഡോ. ജോ ജേക്കബ്, വയനാട് മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലെ അധ്യാപകനായ കെ ജി ബിജു എന്നിവരാണ് ഗവേഷണ സംഘത്തിലെ മലയാളികള്‍.ശ്രീ.ബിജു ആസ്ട്രോ കേരളയുടെ വയനാട്ടിലെ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയും കൂടിയാണ്.
ശാസ്ത്രസംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്‌കോപ്പ്(GMRT)
മീറ്റര്‍ വേവ് ലെങ്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് ജിഎംആര്‍ടി. പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നാരായണന്‍ഗോണ്‍ഗ്രാമത്തിലാണ് ജിഎംആര്‍ടി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാഭാഗത്ത്‌നിന്നുമുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ ജിഎംആര്‍ടിയുടെ സഹായത്തോടെ ഗാലക്‌സികളെ കുറിച്ചും സൗരപ്രതിഭാസത്തെ കുറിച്ചുമുമെല്ലാമുള്ള പഠനങ്ങള്‍ നടത്തുന്നുണ്ട്.


019-GMRT- Pune
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റേഡിയോ ദൂരദര്‍ശിനിയായ വിഎല്‍എ(Very Large Array)യുടെ മൂന്നിരട്ടി കളക്ടിങ് ഏരിയയുണ്ട്  ജിഎംആര്‍ടിക്ക്. അനുബന്ധ ഉപകരണങ്ങള്‍ എട്ട് മടങ്ങ് സംവേദനക്ഷമമാണ്. 25 കിലോമീറ്റര്‍ വീതം നീളമുള്ള കരങ്ങളില്‍ 'Y' ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന 30 ഡിഷ് ആന്റിനകള്‍, ഓരോ ആന്റിനയിലുംസ്വതന്ത്രമായി തിരിയുന്ന നാല് വീതം റിസീവറുകള്‍, ഡിഷിന്റെ വ്യാസമാകട്ടെ 45 മീറ്ററുമാണ്. ആറ് വ്യത്യസ്ഥ ഫ്രീക്വന്‍സി ബാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന (38,153,233,327,610,1420 MHz) ജിഎംആര്‍ടിയുടെ കളക്ടിങ് ഏരിയാ 60750 ച.മീറ്ററാണ്. മുംബയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ(TIFR) ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോഫിസിക്‌സ് (NCRA) ആണ് ദൂരദര്‍ശനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും സവിശേഷ സൃഷ്ടിയായ സ്മാര്‍ട്ട് ( Stretch Mesh Attached to Rope Trussess-SMART) സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റീല്‍ വയറുകളുപയോഗിക്കുന്ന റേഡിയോ ആന്റിനകള്‍ഇന്ത്യയിലെ കാലാവസ്ഥക്ക് തികച്ചും അനുയോജ്യമാണ്.ട്രാന്‍സിയന്‍സ്( അതിവേഗത്തില്‍ അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഖഗോ  ്രപതിഭാസ്‌ക്കങ്ങളെ കുറിച്ചുള്ള പഠനം), ഗാലക്‌സി രൂപീകരണം, പള്‍സാറുകളെയുംന്യൂട്രോണ്‍ താരങ്ങളെയും കുറിച്ചുള്ള പഠനം, റേഡിയോ ഗാലക്‌സികളായ ബ്ലേയ്‌സറുകളെ കുറിച്ചുള്ള പഠനം, സൂപ്പര്‍നോവാ സ്‌ഫോടനം, സൗരപ്രതിഭാസങ്ങള്‍ എന്നിവയെല്ലാം ജിഎംആര്‍ടിയുടെ പരിധിയില്‍ വരും. പൂനെയിലെ  ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്(IUCAA) ജിഎംആര്‍ടിക്ക് സമീപമാണ്.

ഐയുക്ക ഗിരാവലി ഒബ്‌സര്‍വേറ്ററി (IGO)
പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ (IUCAA) നിയന്ത്രണത്തിലുള്ളതും ദൃശ്യപ്രകാശം ആധാരമാക്കി പവര്‍ത്തിക്കുന്നതുമായ (Optical Observatory ) ദൂരദര്‍ശിനിയാണ് ഐയുക്ക ഗിരാവലി ഒബ്‌സര്‍വേറ്ററി(IGO). പൂനെയില്‍ നിന്ന് 80 കി.മീ ദൂരെ പൂനെ-നാസിക് ഹൈവേയിലുള്ള ഗിരാവലി ഗ്രാമത്തിലാണ് ഈ നിരീക്ഷണ കേന്ദ്രമുള്ളത്. ഐയുക്കയിലെ ശാസ്ത്രജ്ഞര്‍ക്കും  ഗവേഷക വിദ്യാര്‍ഥികള്‍ക്കും വിവിധ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ് ഈദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. ഐയുക്ക കാംപസിന് സമീപമാണ് ദൂരദര്‍ശിനിയുള്ളത്. നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയത് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷനാണ്. ഐയുക്കയിലെ ശാസ്ത്രജ്ഞരാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. 2006 ഫെബ്രുവരി 14ന് നിര്‍മാണം പൂര്‍ത്തിയായ ഒബ്‌സര്‍വേറ്ററിയുടെ ഉദ്ഘാടനം 2006 മെയ് 13ന് പ്രൊഫ. യാഷ്പാല്‍ നിര്‍വഹിച്ചു. 2006 നവംബര്‍ മുതല്‍ ഗിരാവലി ഒബ്‌സര്‍വേറ്ററിയില്‍ സ്ഥിരമായി ആകാശ നിരീക്ഷണം നടക്കുന്നുണ്ട്.
200 സെന്റീമീറ്റര്‍ വ്യാസമുള്ള മുഖ്യദര്‍പ്പണമാണ് ഈ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയുടെ പ്രധാന സവിഷേത. സെക്കന്‍ഡറി മീററിന്റെ വ്യാസം 62 സെന്റീമീറ്ററാണ്. ഐയുക്കയില്‍ നിര്‍മിച്ച  ഐയുക്ക ഫെയിന്റ് ഒബ്ജക്ട് സ്‌പേക്‌ട്രോഗ്രാഫ് ആന്‍ഡ് ക്യാമറ(IFOSC)യാണ് ദൂരദര്‍ശിനിയിലെ പ്രധാന അനുബന്ധ ഉപകരണം. വളരെ ഉയര്‍ന്ന ചുമപ്പ്‌നീക്കം (Doppler shifting) പ്രദര്‍ശിപ്പിക്കുന്ന വളരെ മങ്ങിയ ഖഗോള പിണ്ഡങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഈ ഉപകരണത്തിന് കഴിയും. കൂടാതെ 1340x1300 പിക്‌സലുള്ള ഒരു പ്രിന്‍സ്ടണ്‍ സിസിഡി(PI-CCD) ക്യാമറയും ഈ ദൂരദര്‍ശിനിയിലുണ്ട്.


ജൂണ്‍ മാസത്തെ ആകാശം

[caption id="attachment_1986" align="aligncenter" width="700"]ജൂണ്‍ മാസത്തില്‍ കേരളത്തിലെ ആകാശം ജൂണ്‍ മാസത്തില്‍ കേരളത്തിലെ ആകാശം[/caption]

ജുണ്‍ മാസത്തിലെ പ്രധാന ആകാശവിശേഷങ്ങള്‍

ജൂണ്‍ 2-4 - അസ്തമനശേഷം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ആകാശത്തായി പുണര്‍തം നക്ഷത്രത്തിനോടടുത്തായി വ്യാഴഗ്രഹത്തെ കാണാം. ഒപ്പം ബുധനേയും കാണാമെങ്കിലും ഇത് പെട്ടെന്ന് തന്നെ അസ്തമിക്കും, തിളക്കവും നന്നേ കുറവായിരിക്കും.

ജൂണ്‍ 7 - 8 ചൊവ്വാഗ്രഹം ചന്ദ്രനോട് വളരെയടുത്ത്. ഇതിന്റെ തിളക്കം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മെയ് 21-ന് പശ്ചാത്ഗമനം നിര്‍ത്തി ഇപ്പോള്‍ ഇത് കിഴക്കോട്ട് കന്നി രാശിയുടെ നേര്‍ക്ക് നീങ്ങുകയാണ്.

ജൂണ്‍ 10 - ശനിഗ്രഹം ചന്ദ്രനോട് വളരെയടുത്ത് തുലാം രാശിയില്‍. കഴിഞ്ഞ മെയ് 10-ന് സൂര്യന് പ്രതിമുഖമായി എത്തിയ ശനിയ്ക്ക് ഇപ്പോള്‍ തിളക്കം കൂടുതലാണ്. ഇതിപ്പോ പശ്ചാത്ഗമനത്തിലാണ്. ഇതിന്റെ വലയങ്ങള്‍ക്ക് ദൃശ്യരേഖയുമായി (line of sight) ഇപ്പോള്‍ 21 ഡിഗ്രിയോളം ചരിവുണ്ട് എന്നതിനാല്‍ ടെലിസ്കോപ്പിലൂടെയുള്ള കാഴ്ച രസകരമായിരിക്കും.

ജൂണ്‍ 24- ഉദയത്തിന് മുന്‍പ് ചന്ദ്രക്കലയോട് അടുത്തായി ശുക്രഗ്രഹം. രണ്ടും ഇടവരാശിയില്‍ കാര്‍ത്തികക്കൂട്ടത്തിന്റെ സമീപത്തായി കാണപ്പെടും.

 

 

മെയ്‌ മാസത്തെ ആകാശം

മേയ് മാസത്തിലെ പ്രധാന ആകാശവിശേഷങ്ങള്‍
(തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം)

മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം


മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍.


മേയ് 10 - ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍ ചൊവ്വാ ഗ്രഹത്തിന് തിളക്കം കൂടുതലായിരിക്കും. അടുത്ത മാസം അത് മങ്ങിത്തുടങ്ങും. ശനിഗ്രഹവും സൂര്യനു പ്രതിമുഖമാണ് എന്നതിനാല്‍ തിളക്കം അതിനും കൂടുതലായിരിക്കും.

മേയ് 14 - ശനി ചന്ദ്രനോട് തൊട്ടടുത്ത്


മേയ് 15 - പൗര്‍ണമി


മേയ് 20-30 - സൂര്യാസ്തമനശേഷം ബുധഗ്രഹം പടിഞ്ഞാറന്‍ ചക്രവാളത്തിനോടടുത്ത് കാണപ്പെടും


മേയ് 25- സൂര്യോദയത്തിന് മുന്‍പായി കിഴക്കന്‍ ചക്രവാളത്തില്‍ ശുക്രഗ്രഹം തിളക്കത്തോടെ കാണപ്പെടും.


മേയ് 28 - അമാവാസി

[caption id="attachment_1979" align="aligncenter" width="600"]Sky on 15.05.2014 Sky this month-May 2014[/caption]

സമ്മര്‍ സ്കൂള്‍ രണ്ടാം ബാച്ച് രജിസ്ട്രേഷന്‍

തീയതി: മെയ് 5-11

സ്ഥലം: ശാസ്ത്ര സാങ്കേതിക മ്യൂസിയം, പി.എം.ജി. തിരുവനന്തപുരം

രജിസ്ട്രേഷന്‍ ഫീസ്: 300 രൂപ

REGISTRATION CLOSED

തവിട്ടുകുള്ളന്‍ പിടിയില്‍!

നമ്മളോട് വളരെ അടുത്തായി വെറും 7.2 പ്രകാശവര്‍ഷം അകലെ ഇതുവരെ കണ്ണില്‍ പെടാതെ ഒളിച്ചുകഴിഞ്ഞിരുന്ന ഒരു ചങ്ങാതിയാണ് നാസയുടെ Wide-field Infrared Survey Explorer (WISE)-ന്റെയും Spitzer Space Telescope-ന്റെയും സംയുക്തമായ റെയ്ഡില്‍ പിടിക്കപ്പെട്ടത്. ഇതുവരെ കണ്ടത്തപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും തണുത്ത നക്ഷത്രമാണ് ഇത്. തവിട്ടുകുള്ളന്‍ (Brown dwarf) എന്ന വിഭാഗത്തില്‍ പെടുന്ന ഈ നക്ഷത്രത്തില്‍ -48 നും -13 നും ഇടയ്ക്ക് ഡിഗ്രി സെല്‍സ്യസ് മാത്രമാണ് താപനില. (സൂര്യന് ഉപരിതലത്തില്‍ പോലും ഏതാണ്ട് 6000 ഡിഗ്രി ഉണ്ടെന്നോര്‍ക്കണം)
[caption id="attachment_1964" align="aligncenter" width="300"]നമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരും  ഒപ്പം അവര്‍ കണ്ടുപിടിക്കപ്പെട്ട വര്‍ഷവും. നമ്മുടെ ഏറ്റവും അടുത്ത അയല്‍ക്കാരും ഒപ്പം അവര്‍ കണ്ടുപിടിക്കപ്പെട്ട വര്‍ഷവും.[/caption]


നക്ഷത്രം എന്നു വിളിക്കുന്നു എന്നേയുള്ളു. സത്യത്തില്‍ നക്ഷത്രമാവാനുള്ള പീയെസ്സി പരീക്ഷയുടെ കാലാവധി കഴിഞ്ഞ വെയ്റ്റിങ് ലിസ്റ്റിലെ അംഗങ്ങളാണ് തവിട്ടു കുള്ളന്‍മാര്‍, പരാജയപ്പെട്ട നക്ഷത്രങ്ങള്‍. വമ്പന്‍ വാതകപടലങ്ങളില്‍ പല ഭാഗങ്ങളില്‍ ഗുരുത്വം കാരണം ഒത്തുകൂടുന്ന പദാര്‍ത്ഥങ്ങള്‍ മര്‍ദ്ദവും താപവും കൂടി ഒടുവില്‍ ഒരു നിശ്ചിത താപനില കഴിയുമ്പോള്‍ Nuclear fusion വഴി ഹൈ‍ഡ്രജന്‍ ആറ്റങ്ങളെ കൂട്ടി യോജിപ്പിച്ച് ഹീലിയം ആക്കി മാറ്റാന്‍ തുടങ്ങുമ്പോഴാണ് ഒരു നക്ഷത്രം രൂപം കൊള്ളുന്നത്. ഒരു നിശ്ചിത അളവ് പദാര്‍ത്ഥങ്ങള്‍ ഒത്തുകൂടി അപേക്ഷിച്ചാല്‍ മാത്രമേ Nuclear fusion തുടങ്ങാനുള്ള ലൈസന്‍സ് ഗുരുത്വബലം നല്‍കുകയുള്ളു. അല്ലാത്തപക്ഷം ഫ്യൂഷന്‍ തുടങ്ങാന്‍ കഴിയാതെ നിസ്സഹായരായി, വളരെ നേര്‍ത്ത അളവിലുള്ള ഊര്‍ജ്ജം മാത്രം പുറപ്പെടുവിച്ച് അങ്ങനെ കഴിഞ്ഞുകൂടേണ്ടിവരും. അങ്ങനെ സ്റ്റാറാവാനുള്ള ആഗ്രഹം ഉള്ളിലടക്കി കഴിയുന്ന ഹതാശരാണ് തവിട്ടുകുള്ളന്‍മാര്‍. ഇവര്‍ പക്ഷേ ന്യൂനപക്ഷമൊന്നും അല്ല കേട്ടോ, നക്ഷത്രങ്ങളുടെ അത്രയും തന്നെയുണ്ട് അവര്‍ എണ്ണത്തില്‍. അക്കൂട്ടത്തില്‍ നമ്മളോട് ഏറ്റവും അടുത്തുള്ളതും ഏറ്റവും തണുത്തതുമാണ് ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. ഇത്രയും കുറഞ്ഞ താപനില കാരണമാണ് ഇത്ര അടുത്തുണ്ടായിട്ടും ഇയാള്‍ ഇത്ര നാളും കണ്ണില്‍ പെടാതെ പോയത്. ഇതിന് WISE J0855-0714 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 


വൈശാഖന്‍ തമ്പി/ആസ്ട്രോ കേരള


ആസ്ട്രോ സമ്മര്‍ സ്കൂള്‍ ആദ്യബാച്ചിന് ആവേശകരമായ പങ്കാളിത്തം

ആസ്ട്രോ തിരുവനന്തപുരം ഘടകം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  സംഘടിപ്പിച്ച ജ്യോതിശാസ്ത്ര സമ്മര്‍ സ്കൂളിന് ആവേശകരമായ പങ്കാളിത്തം. നാല്‍പ്പതോളം കുട്ടികള്‍ ഈ പരിപാടിയുടെ ആദ്യ ബാച്ചില്‍ പങ്കാളികളായി.പി എം ജി യിലെ ശാസ്ത്ര സാങ്കേതികമ്യൂസിയത്തില്‍ വച്ചു നടന്ന സമ്മര്‍ സ്കൂള്‍ ആദ്യബാച്ച് ഇന്ന് സമാപിച്ചു.

DSC00643

ഏപ്രില്‍ 21 തിങ്കളാഴ്ച വൈകിട്ട് 5 മണിയ്ക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ശ്രീ. അരുള്‍ ജറാള്‍ഡ് പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജ്യോതിശാസ്ത്രത്തിന് ആമുഖം, പ്രായോഗിക ജ്യോതിശാസ്ത്രം, സൗരയൂഥം, നക്ഷത്രങ്ങളുടെ കഥ, നമ്മള്‍ കാണാത്ത പ്രപഞ്ചം, ഇന്‍ഡ്യയുടെ ചൊവ്വാദൗത്യം എന്നീ വിഷയങ്ങളില്‍ ക്ളാസ്സുകളും ഓരോ ക്ളാസ്സുകളേയും തുടര്‍ന്ന് പഠനപ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. ശരത് പ്രഭാവ്, അതുല്‍ ആര്‍.റ്റി, അനിരുദ്ധ്, വൈശാഖന്‍ തമ്പി, ‍ഡോ. അനന്ദ് നാരായണ്‍, കിരണ്‍ മോഹന്‍ എന്നിവരാണ് യഥാക്രമം ക്ളാസ്സുകള്‍ നയിച്ചത്. പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ. കൃഷ്ണ വാര്യര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ജ്യോതിശാസ്ത്ര പ്രചാരകരുടെ മേല്‍നോട്ടവും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ നടന്ന സമാപന ചടങ്ങില്‍ ISRO യിലെ സീനിയര്‍ സയന്റിസ്റ്റ് ശ്രീ. കുഞ്ഞിക്കമാരന്‍ മുഖ്യ അതിഥി ആയിരുന്നു. പരിപാടിയുടെ ഫലപ്രാപ്തി അളക്കാനുദ്ദേശിച്ച് ഒരു ക്വിസ് മത്സരവും ഒപ്പം നടന്നു. കുട്ടികള്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീ. കുഞ്ഞിക്കമാരന്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും റിസോഴ്സ് സീഡീയും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സമ്മര്‍ സ്കൂള്‍ 2014-രജിസ്ട്രേഷന്‍

Summer School 2014

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ട്രോയുടെ ജ്യോതിശാസ്ത്ര സമ്മര്‍ സ്കൂളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങിയിരിക്കുന്നു. തിരുവനന്തപുരത്തെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേര്‍ന്ന് നടത്തപ്പെടുന്ന ഈ പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഇതിന്റെ ഭാഗമായി ക്ലാസുകളും വാനനിരീക്ഷണ സെഷനുകളും പഠനപ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയിരിക്കുന്നു.

തീയതി: ഏപ്രില്‍ 21-27

സ്ഥലം: ശാസ്ത്ര സാങ്കേതിക മ്യൂസിയം, പി.എം.ജി. തിരുവനന്തപുരം

രജിസ്ട്രേഷന്‍ ഫീസ്: 300 രൂപ

REGISTRATION FORM

 

തിരുവനന്തപുരം സ്പേസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംടെക്, എംഎസ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ സമയമായി

വിദ്യാര്‍ത്ഥികളില്‍ നിന്ന്  ആസ്ട്രോയിലേക്ക് വരുന്ന ഭൂരിഭാഗം അന്വേഷണങ്ങളും തങ്ങള്‍ക്ക് ആസ്ട്രോണമി - ആസ്ട്രോഫിസിക്സ് മേഖലകളില്‍ ഉന്നതപഠനം എവിടെ സാദ്ധ്യമാകും എന്നതിനെക്കുറിച്ചാണ്.ഇതാ ആ കൂട്ടുകാര്‍ക്കുള്ള അവസരം - ഐ എസ് ആര്‍ ഒയുടെ കീഴില്‍  തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി)യില്‍ എംടെക്, എംഎസ് കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

IIST

എംടെക്: എയ്റോസ്പേസ് എന്‍ജിനിയറിങ്, ഏവിയോണിക്സ്, എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വകുപ്പുകളിലുള്ള 13 കോഴ്സുകളിലേക്കാണ് എംടെക് കോഴ്സില്‍ പ്രവേശനം. എംഎസ്: എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സ് വകുപ്പില്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് കോഴ്സിലാണ് എംഎസ് പ്രവേശനം.

യോഗ്യത ഉള്‍പ്പടെയുള്ള വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. www.iist.ac.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 28മുതല്‍ ഏപ്രില്‍ 17വരെ അപേക്ഷിക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ.ഈ വാര്‍ത്ത‍ പങ്കു വയ്ക്കുവാനും മറക്കല്ലേ..

 

ആകാശക്കാഴ്ച്ചയൊരുക്കി ആസ്ട്രോ....പങ്കു ചേരൂ....

1899998_10201695530217747_705012171_n

 

ആസ്ട്രോ കേരള തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഫെബ്രുവരി ഇരുപത്തിയാറ് ബുധനാഴ്ച വൈകുന്നേരം സംഘടിപ്പിക്കുന്ന ആകാശ നിരീക്ഷണം - ജ്യോതിശാസ്ത്ര പരിചയം പരിപാടിയില്‍ പങ്കു ചേരുന്നതിന് ഇവിടെ ക്ലിക്ക്‌ ചെയ്യൂ.

ജനുവരി മാസത്തെ ആകാശം


Geneve-2014-1-15-20h00mNight sky for 15/01/2014 8.00 PM  Latitude : 10 deg  30 m N longitude : 76 deg 15 m E (Central Kerala)
ചാര്‍ട്ടില്‍ ഗ്രഹ പ്ര\തീകംഗ്രഹംRight ascensionDeclinationAltitudeAzimuthകാന്തിമാനം ഭൂമിയില്‍ നിന്ന് ദൂരം AUഉദയ സമയംഅസ്തമന സമയംരാശിസ്ഥാനം
ബുധന്‍20h36’29”-20®39’02’-12.24®250.91®-1.01.305447.36am7.06pmമകരം രാശി യില്‍
ശുക്രന്‍19h17’43”-16®13’41”-30.78®257.12®-4.20.269536.18AM5.51PMധനു രാശിയില്‍
ചൊവ്വ13h08’50”-04®46’23”-58.31®82.41®+0.61.2186700.01AM11.51AMകന്നി രാശിയില്‍
വ്യാഴം07h01’.32’+22®50’29”+34.56®69.24®-2.74.229155.29pm6.07amമിഥുനം രാശിയില്‍
ശനി15h18’55”-16®01’11”-84.14®189.63®+0.610.278732.18am1.53pmതുലാം രാശിയില്‍
യുറാനസ്00h33’57”+02®55’30”+49.41®262.45®+5.920.2862111.18am11.20pmമീനം രാശിയില്‍
നെപ്ട്യൂണ്‍22h23’18”-10®47’12”+14.54®255.91®+8.030.745549.18am9.00pmകുംഭം രാശിയില്‍

 

ഇനി ക്രയോജനിക്‌ ക്ലബ്ബില്‍ ഇന്ത്യയും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍ വി. ഡി-5 ന്‍റെ വിക്ഷേപണവിജയത്തോടെ ക്രയോജനിക് റോക്കറ്റ്‌ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് , ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ഞായറാഴ്ച  വൈകിട്ട് 4.18-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ജി.എസ്.എല്‍ വി 4.35 -ന് അത്യന്താധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ  ജിസാറ്റ് 14-നെ ഭ്രമണപഥത്തിലെത്തിച്ചു. ആന്ധ്രാ തീരത്തുള്ള  ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നാണ് ജി.എസ്.എല്‍ വി.ഡി.-5 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് പുത്തനുണര്‍വും പ്രതീക്ഷയും പകര്‍ന്നുകൊണ്ട് മുന്നോട്ടുകുതിച്ചത്.


00205_55157449.13 മീറ്റര്‍ ഉയരമുള്ള ജി.എസ്.എല്‍.വി. ഡി 5ന് 414.75 ടണ്‍ ഭാരമാണുള്ളത്. കൂടുതല്‍ ഭാരവും വലിപ്പവുമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനാവും എന്നതാണ് പി.എസ്.എല്‍.വി.യെ അപേക്ഷിച്ച് ജി.എസ്.എല്‍.വി.യുടെ മുഖ്യ സവിശേഷത. ജി.എസ്.എല്‍.വി. ഡി 5 ഭ്രമണപഥത്തിലെത്തിച്ച ജി സാറ്റ് 14ന് 1,982 കിലോഗ്രാം ഭാരമുണ്ട്. 6 എക്‌സന്റഡ് സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളും 6 കെ. യു. ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളുമുള്ള ജി സാറ്റ് 14 ടെലി വിദ്യാഭ്യാസ, ടെലിമെഡിസിന്‍ മേഖലകളില്‍ ഇന്ത്യയെ കൂടുതല്‍ മുന്നോട്ടുപോവാന്‍ സഹായിക്കും. 12 വര്‍ഷമാണ് ജി സാറ്റ് 14ന്റെ ആയുസ്സ്.

ഇതുവരെ ഇന്ത്യ വിജയകരമായി നടത്തിയിട്ടുള്ള ജി.എസ്.എല്‍.വി. വിക്ഷേപണങ്ങളെല്ലാം തന്നെ റഷ്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചേക്കുമെന്ന ഭീതിയിലാണ് അമേരിക്ക ഇത് ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചത്. ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് നല്‍കാമെന്ന് സമ്മതിച്ചിരുന്ന റഷ്യയും 1993ല്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി പിന്മാറി. പകരം ക്രയോജനിക് എന്‍ജിന്‍ മുഴുവനായും നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം മറ്റുവഴികളൊന്നുമില്ലാതിരുന്നതിനാല്‍ ഇന്ത്യ സ്വീകരിക്കുകയും ചെയ്തു.


1990കളിലാണ് ഇന്ത്യ ക്രയോജനിക് എന്‍ജിന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള ദൗത്യം തുടങ്ങിയത്.2010 ഏപ്രില്‍ 15ന് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് ജി.എസ്.എല്‍.വി. വിക്ഷേപണം നടത്തിയെങ്കിലും വിജയിച്ചില്ല. ഡിസംബറില്‍ റഷ്യന്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് നടത്തിയ വിക്ഷേപണവും പരാജയപ്പെട്ടതോടെ ഇന്ത്യ ജി.എസ്.എല്‍.വി. ദൗത്യം തത്കാലത്തേക്ക് മാറ്റിവെച്ചു. പിന്നീട്മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2013 ആഗസ്ത് 19നാണ് ഇന്ത്യ വീണ്ടും ജി.എസ്.എല്‍.വി. വിക്ഷേപണത്തിനൊരുങ്ങിയത്. എന്നാല്‍ രണ്ടാംഘട്ട എന്‍ജിനിലെ പ്രൊപ്പല്ലന്റ് ടാങ്കിലുണ്ടായ ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് ഈ വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നു. ആഗസ്ത് 19ന് ഉച്ചതിരിഞ്ഞ് 4.50ന് നടക്കാനിരുന്ന വിക്ഷേപണത്തിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ചോര്‍ച്ച കണ്ടെത്തിയത്. നിര്‍ണായകമായ ക്രയോജനിക് എന്‍ജിന് കേടുപാടൊന്നും പറ്റിയിരുന്നില്ല.

മൂന്നുഘട്ടങ്ങളായാണ് ജി.എസ്.എല്‍.വി.യുടെ വിക്ഷേപണം . ഖര , ദ്രവീകൃത, ക്രയോജനിക് ഘട്ടങ്ങളാണിത്. അവസാന ഘട്ടമായ ക്രയോയില്‍ ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മൈനസ് 185 ഡിഗ്രി സെന്റിഗ്രേഡിലാണ് ഓക്‌സിജന്‍ ദ്രാവകാവസ്ഥയിലെത്തുക, ഹൈഡ്രജന്‍ മൈനസ് 256 ഡിഗ്രി സെന്റിഗ്രേഡിലും. അതിശൈത്യം അതിജീവിക്കാന്‍ കഴിയുന്ന വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അതേസമയം എന്‍ജിന്റെ മറ്റേ അറ്റം രണ്ടായിരം ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലും സജ്ജമാക്കേണ്ടതുണ്ടെന്നതാണ് ഈ ഘട്ടം നേരിടുന്ന വെല്ലുവിളി.

ഗയ യാത്ര തിരിച്ചു;നക്ഷത്രങ്ങളെ തേടി

ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നായ യൂറോപ്പിന്റെ 'ഗെയ ഒബ്‌സര്‍വേറ്ററി' ( Gaia Observatory) വിക്ഷേപിച്ചു. ഫ്രഞ്ച് ഗിയാനയില്‍നിന്ന് സോയൂസ് റോക്കറ്റിലാണ് വ്യാഴാഴ്ച്ച പ്രദേശിക സമയം 6.12 ന് (ഇന്ത്യന്‍ സമയം പകല്‍ 2.42) ഗെയ പേടകം യാത്രയായത്.

ആകാശഗംഗയിലെ നൂറുകോടിയിലേറെ നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി തിട്ടപ്പെടുത്തുകയെന്ന ദൗത്യമാണ് ഗെയ ബഹിരാകാശ ഒബ്‌സര്‍വേറ്ററിക്കുള്ളത്. അതുവഴി നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ 'യഥാര്‍ഥ ചിത്രം' വ്യക്തമാകുമെന്ന് കരുതുന്നു.

20 വര്‍ഷംകൊണ്ട് 120 കോടി ഡോളര്‍ (7500 കോടി രൂപ) ചെലവിട്ട് നിര്‍മിച്ച ഗെയ ദൗത്യം വഴി, ഒട്ടേറെ അന്യഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും സൂപ്പര്‍നോവകളും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നാകും ഗെയ ആകാശനിരീക്ഷണം നടത്തുക. ഏതാണ്ട് ഒരു മാസംകൊണ്ട്, പേടകം അതിന്റെ ലക്ഷ്യസ്ഥാനമായ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ആകാശഗോളങ്ങളുടെ ചലനവും സ്ഥാനവും കൃത്യമായി മനസിലാക്കാന്‍ ഗെയ ഒബ്‌സര്‍വേറ്ററിയെ സഹായിക്കുക അതിലുള്ള 100 കോടി പിക്‌സല്‍ ക്യാമറ ഡിറ്റെക്ടറ്റായിരിക്കും.

മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയ ബഹിരാകാശ ടെലസ്‌കോപ്പാണ് ഗെയയിലുള്ളത്. ശരിക്കുപറഞ്ഞാല്‍ ഇരട്ട ടെലസ്‌കോപ്പുകളാണ് ഗെയയിലേത്. ഓരോ ദിവസവും 400 ലക്ഷം നക്ഷത്രങ്ങളെ വീതം നിരീക്ഷിക്കാന്‍ ഇരട്ട ടെലസ്‌കോപ്പുകള്‍ക്ക് ശേഷിയുണ്ട്. അഞ്ചുവര്‍ഷമാണ് ഗെയ ഒബ്‌സര്‍വേറ്ററിയുടെ പ്രവര്‍ത്തന കാലയളവ്.

ആകാശഗംഗയുടെ ആദ്യ ത്രിമാന മാപ്പാകും ഗെയയില്‍നിന്ന് ലഭിക്കുകയെന്ന്, ഗെയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരിലൊരാളായ ബ്രിട്ടനിലെ ഗെരി ഗില്‍മോര്‍ പറഞ്ഞു. 'ഇത്തരമൊരു സംഗതി ഇതിന് മുമ്പ് നമ്മള്‍ ദര്‍ശിച്ചിട്ടില്ല. ശരിക്കുമൊരു കണ്ടുപിടിത്ത യന്ത്രമാണിത്' - അദ്ദേഹം പറഞ്ഞു.

പെറ്റാബൈറ്റ് കണക്കിനാണ് ഗെയയില്‍നിന്ന് ഡേറ്റാ പ്രവഹിക്കാന്‍ പോകുന്നത് (ഒരു പെറ്റാബൈറ്റ് = 10 ലക്ഷം ഗിഗാബൈറ്റ്‌സ്. ഇത് രണ്ടുലക്ഷം ഡിവിഡികളില്‍ കൊള്ളുന്നത്ര ഡേറ്റയാണ്). ഇത്ര ഭീമമായ ഡേറ്റ എങ്ങനെ വിശകലനം ചെയ്യുമെന്നതാണ് ഗവേഷകര്‍ നേരിടാന്‍ പോകുന്ന പ്രശ്‌നമെന്ന് ഗില്‍മോര്‍ ചൂണ്ടിക്കാട്ടുന്നു.

EADS Astrium ന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ കണ്‍സോര്‍ഷ്യമാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ)ക്ക് വേണ്ടി ഗെയ ഒബ്‌സര്‍വേറ്ററി നിര്‍മിച്ചത്.

ജി.എസ്.എല്‍.വി. ഡി കുതിച്ചുയരാന്‍ തയ്യാര്‍!

ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. ഡി 5 ന്‍റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്നെന്നതാണ് ജി.എസ്.എല്‍.വി. ഡി 5 ന്റെ വിക്ഷേപണം ശ്രദ്ധേയമാക്കുന്നത്. അത്യന്താധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 14 നെയാണ് ജി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ വിക്ഷേപിക്കുക. 

[caption id="attachment_1877" align="alignleft" width="300"]ജി എസ് എല്‍ വിയുടെ പഥം ജി എസ് എല്‍ വിയുടെ പഥം[/caption]

രണ്ടാംഘട്ട എന്‍ജിനിലെ പ്രൊപ്പലന്‍റ് ടാങ്കിലുണ്ടായ ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്തില്‍ നടത്താനിരുന്ന ജി.എസ്.എല്‍.വി. വിക്ഷേപണം ഐ.എസ്.ആര്‍.ഒ.യ്ക്ക് മാറ്റിവെക്കേണ്ടി വന്നിരുന്നു. ആഗസ്ത് 19 ന് ഉച്ചതിരിഞ്ഞ് 4.50 ന് നടക്കാനിരുന്ന വിക്ഷേപണത്തിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ചോര്‍ച്ച കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററില്‍ പുതുതായി നിര്‍മിച്ച പ്രൊപ്പലന്‍റ് ടാങ്കാണ് ഇക്കുറി രണ്ടാംഘട്ട എന്‍ജിനില്‍ ഉപയോഗിക്കുന്നത്. നിര്‍ണായകമായ ക്രയോജനിക് എന്‍ജിന് കേടുപാടുകളൊന്നുംതന്നെ പറ്റിയിരുന്നില്ല.കൂടുതല്‍ ഭാരവും വലുപ്പവുമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനാവും എന്നതാണ് പി.എസ്.എല്‍.വിയെ അപേക്ഷിച്ച് ജി.എസ്.എല്‍.വി.യുടെ മുഖ്യസവിശേഷത.

ദൗത്യം വിജയമായാല്‍ രണ്ടാം ചൊവ്വാദൗത്യത്തിന് ജി.എസ്.എല്‍.വി.യായിരിക്കും ഉപയോഗിക്കുകയെന്ന് ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി. ഇക്കഴിഞ്ഞ നവംബറില്‍ നടന്ന ആദ്യ ചൊവ്വാ ദൗത്യത്തിന് പി.എസ്.എല്‍.വി.യാണുപയോഗിച്ചത്..അടുത്ത ചൊവ്വാ ദൗത്യത്തില്‍ ചൊവ്വയിലിറങ്ങുന്ന ലാന്‍ഡര്‍ കൂടിയുണ്ടാവുമെന്ന് ഐ.എസ്.ആര്‍.ഒ. പറഞ്ഞു.

2010 ഏപ്രിലില്‍ ഇത്തരത്തിലുള്ള തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജി.എസ്.എല്‍.വി. വിക്ഷേപണം പരാജയമായിരുന്നു. അതേവര്‍ഷം ഡിസംബറില്‍ റഷ്യ നിര്‍മിത ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് നടത്തിയ വിക്ഷേപണവും പരാജയപ്പെട്ടത് ഐ.എസ്.ആര്‍.ഒ.യ്ക്ക് വന്‍ തിരിച്ചടിയായിരുന്നു.