ജ്യോതിശാസ്ത്ര പരിശീലനപരിപാടിയ്ക്ക് മികച്ച സ്വീകരണം


ആസ്ട്രോ തിരുവനന്തപുരം ജില്ലാ ഘടകം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജ്യോതിശാസ്ത്ര പരിശീലന പരിപാടിയ്ക്ക് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ഗംഭീര തുടക്കമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 40-ഓളം വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ പങ്കെത്ത ഒരാഴ്ച നീണ്ടു നിന്ന പരിപാടി തിങ്കളാഴ്ച വൈകീട്ട് 5.30 നു ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ശ്രീ. അരുള്‍ ജെറാള്‍ഡ് പ്രകാശ് നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ആസ്ട്രോ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. കെ. പീ. ശ്രീനിവാസന്‍, ജില്ലാ പ്രസിഡണ്ട് ശ്രീ. ഡി. കൃഷ്ണ വാരിയര്‍ എന്നിവര്‍ സംസാരിച്ചു.


ശേഷം, പരിപാടിയിലെ ആദ്യ ക്ലാസിന് സംസ്ഥാന സെക്രട്ടറി ശ്രീ. വൈശാഖന്‍ തമ്പി നേതൃത്വം നല്കി. ഭൂമി, ആകാശം, ചന്ദ്രന്‍ എന്ന വിഷയത്തില്‍ നടന്ന ക്ലാസില്‍ അടിസ്ഥാന ജ്യോതിശാസ്ത്ര കൌതുകങ്ങളും ഒപ്പം നമ്മുടെ ഗ്രഹമായ ഭൂമി, അതിന്റെ അന്തരീക്ഷം, അതിന്റെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രന്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്നു കുട്ടികളുടെ സംശയങ്ങള്‍ക്ക് പ്രഭാഷകനും ശ്രീ. കൃഷ്ണ വാരിയറും മറുപടി പറഞ്ഞു.


രണ്ടാം ദിവസം സൌരയൂഥം എന്ന വിഷയത്തില്‍ ശ്രീ. കെ. എ. നിസാം, മൂന്നാം ദിവസം ബഹിരാകാശ യാത്രകള്‍ എന്ന വിഷയത്തില്‍ ശ്രീ കിരണ്‍ മോഹന്‍, നാലാം ദിവസം നക്ഷത്രങ്ങളുടെ ജനനവും ജീവിതവും എന്ന വിഷയത്തില്‍ ശ്രീ. കൃഷ്ണ വാരിയര്‍, അഞ്ചാം ദിവസം നമ്മുടെ പ്രപഞ്ചം എന്ന വിഷയത്തില്‍ ശ്രീ. സഹര്‍ഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. എല്ലാ പരിപാടികളിലും കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും സംശയങ്ങള്‍ ചര്ച്ച ചെയ്യുകയും ചെയ്തു.


എല്ലാ ദിവസത്തെയും ക്ലാസുകള്‍ക്ക് ശേഷം വാനനിരീക്ഷണ സെഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ISRO ശാസ്ത്രജ്ഞന്‍ ശ്രീ. കിരണ്‍ മോഹന്‍, ശ്രീ. കെ. എ. നിസാം എന്നിവര്‍ ടെലിസ്കോപ്പിലൂടെയും ബൈനോക്കുലറിലൂടെയും ഉള്ള നിരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.  ടെലിസ്കോപ്പിലൂടെ ചന്ദ്രനെയും വ്യാഴഗ്രഹത്തെയും ശനിഗ്രഹത്തെയും നിരീക്ഷിക്കാന്‍ കഴിഞ്ഞു. ഒപ്പം ദൃശ്യമായ പ്രധാന നക്ഷത്ര ഗണങ്ങളെയും പരിചയപ്പെടുത്തി. ലഘുവായ ഒരു ടെലിസ്കോപ്പ് കുട്ടികള്‍ക്ക് സ്വയം നിര്‍മിക്കുന്നതിനാവശ്യമായ ശില്‍പശാലയ്ക്ക് ശ്രീ. വൈശാഖന്‍ തമ്പി നേതൃത്വം നല്‍കി.


ആറാം ദിവസമായ 27-നു ശനിയാഴ്ച സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങില്‍ ISRO ശാസ്ത്രജ്ഞനായ ശ്രീ. രാജശേഖര്‍ മുഖ്യ അതിഥി ആയിരുന്നു. ജ്യോതിശാസ്ത്രം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ അദ്ദേഹം ഒരു ക്ലാസ് നയിച്ചു. ചടങ്ങില്‍ ശ്രീ. അരുള്‍ ജെറാള്‍ഡ് പ്രകാശ് സംബന്ധിച്ചു. കുട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മിക്കവരും കോഴ്സ് അല്പം കൂടി നീട്ടാമായിരുന്നു എന്ന അഭിപ്രായം പ്രകടിപ്പിച്ചു. കോഴ്സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും ജ്യോതിശാസ്ത്ര പഠനോപാധികള്‍ അടങ്ങിയ സീഡികളും വിതരണം ചെയ്തു.
ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ജ്യോതിശാസ്ത്രപരിചയ ക്ലാസ്സുകള്‍ തിരുവനന്തപുരത്ത്

ആസ്ട്രോ തിരുവനന്തപുരം ഘടകം ജ്യോതിശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍) വിദ്യാര്‍ത്ഥികള്‍ക്കായി പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജ്യോതിശാസ്ത്രപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 മുതല്‍ 27 വരെ ദിവസങ്ങളില്‍ വൈകിട്ട് 5.30-ന് നടക്കുന്ന ഈ പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്ക് പങ്കെടുക്കാം.


അപേക്ഷകര്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്‌/സ്കൂളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്ത്,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍  20 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം അങ്കണത്തില്‍ സജ്ജമാക്കുന്ന രജിസ്ട്രേഷന്‍ ഡസ്ക്കിനെ സമീപിക്കേണ്ടതാണ്. 200 രൂപ രജിസ്ട്രേഷന്‍ ഫീസ്‌ ഉണ്ടായിരിക്കും.വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍


ആസ്ട്രോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി  : ശ്രീ. സഹര്‍ഷ്  (09947378136)


ആസ്ട്രോ സംസ്ഥാന സെക്രട്ടറി : ശ്രീ .വൈശാഖന്‍ തമ്പി (9846608238)