പാന്‍സ്റ്റാഴ്സ് വാല്‍നക്ഷത്രത്തെ വരവേല്‍ക്കാം!

ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ര്‍­ക്കും രാ­ത്രി­യാ­കാ­ശ­ത്തെ പ്ര­ണ­യി­ക്കു­ന്ന വാ­നം­നോ­ക്കി­കള്‍­ക്കും ഒരു­പോ­ലെ ഉത്സാ­ഹ­ജ­ന­ക­മായ കാ­ര്യ­മാ­ണ് വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര­വ്. മു­ഖ്യ­കാ­ര­ണം അവര്‍ രാ­ത്രി­യാ­കാ­ശ­ത്തെ സ്ഥി­ര­സാ­ന്നി­ധ്യ­മ­ല്ല, വല്ല­പ്പോ­ഴും വി­രു­ന്ന്‍ വരു­ന്ന അതി­ഥി­ക­ളാ­ണ് എന്ന­ത് തന്നെ. അവ­രു­ടെ ഓരോ വര­വി­ലും അവ­രെ കാ­ണാ­നും പഠി­ക്കാ­നും ലോ­ക­മെ­ങ്ങു­മു­ള്ള ജ്യോ­തി­ശാ­സ്ത്ര­പ്രേ­മി­കള്‍ ആവേ­ശ­ഭ­രി­ത­രാ­ണ്. ഈ വര്‍­ഷം PANSTARRS, ISON എന്നി­ങ്ങ­നെ രണ്ടു വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളാ­ണ് നമ്മെ സന്ദര്‍­ശി­ക്കു­ന്ന­ത് എന്ന­തി­നാല്‍ തന്നെ 2013 വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര്‍­ഷ­മാ­ണ് എന്നാ­ണ് പറ­യ­പ്പെ­ടു­ന്ന­ത്.


എ­ന്താ­ണ് ഒരു വാല്‍­ന­ക്ഷ­ത്രം­?


­പേ­ര് കേ­ട്ടാല്‍ തോ­ന്നു­ന്ന പോ­ലെ വാ­ലു­ള്ള നക്ഷ­ത്ര­ങ്ങ­ളേ അല്ല വാല്‍­ന­ക്ഷ­ത്ര­ങ്ങള്‍. നക്ഷ­ത്ര­ങ്ങ­ളു­ടേ­തായ ഒരു പ്ര­ത്യേ­ക­ത­യും അവ­യ്ക്കി­ല്ല. ആ പേ­ര് തെ­റ്റി­ദ്ധാ­രണ ഉണ്ടാ­ക്കു­ന്ന­താ­യ­തി­നാല്‍ 'ധൂ­മ­കേ­തു­ക്കള്‍' എന്ന ഇവ­രു­ടെ 'സ്കൂ­ളില്‍ പേ­ര്' ആണ് ഇവി­ടെ നമ്മള്‍ കൂ­ടു­ത­ലും ഉപ­യോ­ഗി­യ്ക്കു­ക. ഗ്ര­ഹ­ങ്ങ­ളെ­യോ ക്ഷു­ദ്ര­ഗ്ര­ഹ­ങ്ങ­ളെ­യോ ഒക്കെ പോ­ലെ സൂ­ര്യ­നെ പ്ര­ദ­ക്ഷി­ണം ചെ­യ്യു­ന്ന ബഹി­രാ­കാ­ശ­വ­സ്തു­ക്കള്‍ തന്നെ­യാ­ണ് ധൂ­മ­കേ­തു­ക്ക­ളും എന്നി­രി­ക്കി­ലും അവ­യെ വ്യ­ത്യ­സ്ത­രാ­ക്കു­ന്ന ചില പ്ര­ത്യേ­ക­ത­കള്‍ ഉണ്ട്
  • ­ഭൂ­രി­ഭാ­ഗ­വും (ഏ­താ­ണ്ട് 80%) ഐസും പി­ന്നെ പൊ­ടി­പ­ട­ല­ങ്ങ­ളും ചേര്‍­ന്ന ശരീ­രം

  • ഇ­ട­ക്കി­ടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന വാല്‍ അല്ലെ­ങ്കില്‍ കോമ (അ­ന്ത­രീ­ക്ഷം­)

  • ­മി­ക്ക­വാ­റും നീ­ളം കൂ­ടിയ ദീര്‍­ഘ­വൃ­ത്ത­മാ­യി­രി­ക്കും എങ്കി­ലും പൊ­തു­വേ സ്ഥി­ര­ത­യി­ല്ലാ­ത്ത ഓര്‍­ബി­റ്റ്


അ­ടി­സ്ഥാ­ന­പ­ര­മാ­യി ഒരു അഴ­കിയ രാ­വ­ണന്‍ ആണ് ധൂ­മ­കേ­തു. നമ്മള്‍ ഇവി­ടെ നി­ന്ന്‍ കാ­ണു­ന്ന­തൊ­ക്കെ വെ­റും 'ഷോ' മാ­ത്രം! വള­രെ ചെ­റിയ ഒരു മര്‍­മം (ന്യൂ­ക്ലി­യ­സ്) മാ­ത്ര­മാ­ണ് ഒരു ധൂ­മ­കേ­തു­വി­ന്റെ ശരീ­രം. അതി­നു 100 മീ­റ്റര്‍ മു­തല്‍ ഏതാ­ണ്ട് 40 കി­ലോ­മീ­റ്റര്‍ വരെ വലി­പ്പ­മു­ണ്ടാ­വാം. ഗോ­ളാ­കൃ­തി പ്രാ­പി­ക്കാന്‍ മാ­ത്ര­മു­ള്ള പി­ണ്ഡം ഇല്ലാ­ത്ത­തു­കൊ­ണ്ട് മി­ക്ക­വാ­റും നി­യ­ത­മായ ഒരു രൂ­പം ഇവ­യ്ക്കു­ണ്ടാ­വി­ല്ല. ഐസും പൊ­ടി­പ­ട­ല­ങ്ങ­ളും പാ­റ­ക്ക­ഷ­ണ­ങ്ങ­ളു­മൊ­ക്കെ ചേര്‍­ന്ന­താ­ണ് ഇത്. ഐസ് എന്ന്‍ പറ­യു­മ്പോ തണു­ത്തു­റ­ഞ്ഞ ജല­മാ­ണ് മു­ഖ്യ­മെ­ങ്കി­ലും കാര്‍­ബണ്‍ ഡയോ­ക്സൈ­ഡ്, അമോ­ണി­യ, മീ­തെ­യിന്‍ തു­ട­ങ്ങി­യ­വ­യും ഇക്കൂ­ട്ട­ത്തില്‍ പെ­ടും. പ്ര­തി­ഫ­ല­ന­ശേ­ഷി വള­രെ കു­റ­ഞ്ഞ ഈ ന്യൂ­ക്ലി­യ­സ് മി­ക്ക­വാ­റും ഭൂ­മി­യില്‍ നി­ന്നും അദൃ­ശ്യ­മാ­യി­രി­ക്കും­.


­ധൂ­മ­കേ­തു­വി­ന്റെ നമ്മള്‍ കാ­ണു­ന്ന ഭാ­ഗം അതി­ന്റെ വാല്‍ അല്ലെ­ങ്കില്‍ കോമ ആണ്. ധൂ­മ­കേ­തു­വി­ന്റെ ശരീ­രം മി­ക്ക­വാ­റും തണു­ത്തു­റ­ഞ്ഞ വാ­ത­ക­ങ്ങള്‍ ആണ­ല്ലോ. അവ സൂ­ര്യ­നോ­ട് അടു­ത്ത് വരു­മ്പോ സൌ­ര­വി­കി­ര­ണ­ങ്ങള്‍ ഏറ്റ് ബാ­ഷ്പീ­ക­രി­ക്ക­പ്പെ­ടും. ഇത് ന്യൂ­ക്ലി­യ­സ്സി­നു ചു­റ്റും ഒരു വാ­ത­കഅ­ന്ത­രീ­ക്ഷ­ത്തി­ന് രൂ­പം നല്കും. കോമ എന്ന്‍ വി­ളി­ക്കു­ന്ന ഈ അന്ത­രീ­ക്ഷ­മാ­ണ് ഭൂ­മി­യില്‍ നി­ന്നു നോ­ക്കു­മ്പോ മി­ക്ക­വാ­റും നമ്മള്‍ കാ­ണു­ക.


­ന്യൂ­ക്ലി­യ­സ് ഒരു കു­ഞ്ഞ­നാ­യി­രു­ന്നു എങ്കി­ലും കോ­മ­യ്ക്കു പല­പ്പോ­ഴും സൂ­ര്യ­നെ­ക്കാ­ളും വലി­പ്പം ഉണ്ടാ­വും. ഈ വാ­ത­ക­മ­ണ്ഡ­ലം സൂ­ര്യ­നില്‍ നി­ന്നു­ള്ള സൌ­ര­ക്കാ­റ്റി­ന്റെ പ്ര­ഭാ­വം കൊ­ണ്ട് സൂ­ര്യ­ന് എതിര്‍­ദി­ശ­യി­ലേ­ക്ക് തള്ള­പ്പെ­ടു­ക­യും ഒരു വാ­ലി­ന് രൂ­പം കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. ഇതാ­ണ് ധൂ­മ­കേ­തു­വി­നെ ­വാല്‍­ന­ക്ഷ­ത്രം­ എന്ന്‍ പണ്ടു­ള്ള­വര്‍ വി­ളി­ക്കാന്‍ കാ­ര­ണ­മായ 'വാല്‍'.


­സ­ത്യ­ത്തില്‍ രണ്ടു­ത­രം വാ­ലു­കള്‍ ഒരു ധൂ­മ­കേ­തു­വില്‍ കാ­ണ­പ്പെ­ടാം. കോ­മാ­യി­ലെ പൊ­ടി­പ­ട­ല­ങ്ങ­ളെ സൌ­ര­ക്കാ­റ്റ് പി­ന്നി­ലേ­ക്ക് പറ­ത്തുക വഴി ഉണ്ടാ­കു­ന്ന ധൂ­ളീ­വാ­ലും (Dust tail) സൂ­ര്യ­നില്‍ നി­ന്നു­ള്ള ചാര്‍­ജിത കണ­ങ്ങ­ളു­ടെ പ്ര­ഭാ­വം കൊ­ണ്ട് അയ­ണീ­ക­രി­ക്ക­പ്പെ­ട്ട വാ­ത­ക­ങ്ങള്‍ ചേര്‍­ന്ന് രൂ­പം കൊ­ള്ളു­ന്ന പ്ലാ­സ്മാ വാ­ലും (Ion tail). ഭൂ­മി­യില്‍ നി­ന്നും സൂ­ര്യ­നി­ലേ­ക്കു­ള്ള ദൂ­ര­ത്തെ­ക്കാള്‍ നീ­ള­മു­ള്ള വാ­ലു­കള്‍ പോ­ലും പല ധൂ­മ­കേ­തു­ക്കള്‍­ക്കും രൂ­പം കൊ­ള്ളാ­റു­ണ്ട്. മി­ക്ക­വാ­റും നീ­ല­യോ നീല കലര്‍­ന്ന പച്ച­യോ നി­റ­മു­ള്ള പ്ലാ­സ്മാ­വാ­ലി­ന്റെ രൂ­പീ­ക­ര­ണ­ത്തില്‍ സൌ­ര­ക്കാ­റ്റും സൂ­ര്യ­ന്റെ കാ­ന്തി­ക­മ­ണ്ഡ­ല­വും പ്ര­ധാന പങ്കു­വ­ഹി­ക്കു­ന്നു­ണ്ട് എന്ന­തി­നാല്‍ തന്നെ ഇതി­ന്റെ ദിശ എപ്പോ­ഴും സൂ­ര്യ­ന് നേ­രെ എതി­രെ ആയി­രി­യ്ക്കും. എന്നാല്‍ വെ­ള്ള­യോ ഇളം മഞ്ഞ­യോ നി­റ­ത്തി­ലു­ള്ള ധൂ­ളീ­വാല്‍ മി­ക്ക­വാ­റും അതി­ന്റെ ഓര്‍­ബി­റ്റില്‍ തന്നെ അല്പം വള­ഞ്ഞ­താ­യി­ട്ടാ­കും കാ­ണ­പ്പെ­ടു­ക. ഇവി­ടെ ഒരു കാ­ര്യം മന­സ്സി­ലാ­ക്കി­ക്കാ­ണു­മ­ല്ലോ, വാല്‍­ന­ക്ഷ­ത്ര­ത്തി­ന്റെ വാല്‍ എപ്പോ­ഴും അതി­ന്റെ പി­ന്നില്‍ തന്നെ ആയി­രി­ക്ക­ണം എന്നി­ല്ല. അവ എപ്പോ­ഴും സൂ­ര്യ­ന് പ്ര­തി­മു­ഖ­മാ­യി­രി­ക്കും എന്ന­തി­നാല്‍, സൂ­ര്യ­നില്‍ നി­ന്നും അക­ന്ന്‍ പോ­കു­ന്ന ഒരു വാല്‍­ന­ക്ഷ­ത്ര­ത്തി­ന് മുന്‍­പി­ലാ­യി­രി­ക്കും വാല്‍ കാ­ണ­പ്പെ­ടു­ക!


നീ­ളം കൂ­ടിയ ദീര്‍­ഘ­വൃ­ത്താ­കൃ­തി ഉള്ള­താ­ണ് മി­ക്ക­വാ­റും ധൂ­മ­കേ­തു­ക്ക­ളു­ടെ ഓര്‍­ബി­റ്റ്. അതു­കൊ­ണ്ട് തന്നെ സ്വ­ന്തം പ്ര­ദ­ക്ഷി­ണ­കാ­ല­ത്തി­ന്റെ വള­രെ കു­റ­ച്ചു സമ­യ­ത്തേ­ക്ക് മാ­ത്ര­മേ അവ സൂ­ര്യ­നോ­ട് അടു­ത്ത് വരു­ന്നു­ള്ളൂ. അപ്പോള്‍ മാ­ത്ര­മാ­ണു അവര്‍­ക്ക് കോമ രൂ­പം കൊ­ള്ളു­ന്ന­തും നമു­ക്ക് കാ­ണാന്‍ കഴി­യു­ന്ന­തും. അങ്ങ­നെ­യാ­ണ് അവര്‍ നമ്മു­ടെ വീ­ട്ടില്‍ വല്ല­പ്പോ­ഴും മാ­ത്രം വി­രു­ന്ന്‍ വരു­ന്ന വി­ശി­ഷ്ടാ­തി­ഥി­കള്‍ ആവു­ന്ന­ത്.


എ­ന്നാല്‍ ഇവര്‍ ചു­മ്മാ ഇവി­ടെ വന്ന്‍ സു­ഖ­സ­ന്ദര്‍­ശ­നം കഴി­ഞ്ഞു മട­ങ്ങു­ക­യാ­ണ് പതി­വ് എന്ന്‍ കരു­ത­രു­ത് കേ­ട്ടോ. സൌ­ര­യൂ­ഥ­ത്തി­ലെ പല ഗ്ര­ഹ­ങ്ങ­ളു­ടെ­യും സഞ്ചാ­ര­പ­ഥ­ങ്ങ­ളെ മു­റി­ച്ച് കട­ക്കും വി­ധ­മാ­ണ് ഇവ­യു­ടെ സഞ്ചാ­രം. മാ­ത്ര­മ­ല്ല ഗ്ര­ഹ­ങ്ങ­ളു­ടെ പരി­ക്ര­മ­ണ­ത­ല­ത്തില്‍ (Orbital plane) ആയി­രി­ക്കി­ല്ല താ­നും ഇവ­യില്‍ മി­ക്ക­തി­ന്റെ­യും പരി­ക്ര­മ­ണം. സൂ­ര്യ­ന്റേ­യും മറ്റ് ഗ്ര­ഹ­ങ്ങ­ളു­ടെ­യും ഗു­രു­ത്വ­മ­ണ്ഡ­ല­ങ്ങ­ളു­മാ­യു­ള്ള മല്‍­പ്പി­ടു­ത്ത­ത്തില്‍ ഓരോ വര­വി­ലും സ്വ­ന്തം ഭാ­ര­ത്തി­ന്റെ 1-2% വരെ വാ­ത­ക­ങ്ങ­ളും ശി­ലാ­ധൂ­ളി­ക­ളും ഇവര്‍­ക്ക് നഷ്ട­മാ­കും. ഇത് ആവര്‍­ത്തി­ക്കുക വഴി ചി­ല­പ്പോള്‍ ­ധൂ­മ­കേ­തു­ മൊ­ത്ത­ത്തില്‍ ശി­ഥി­ല­മാ­യി എന്നും വരാം. ഇങ്ങ­നെ വാല്‍­ന­ക്ഷ­ത്ര­ങ്ങള്‍ കൈ­വി­ടു­ന്ന പദാര്‍­ഥ­ങ്ങ­ളാ­ണ് പല­പ്പോ­ഴും ഗ്ര­ഹാ­ന്ത­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ തങ്ങി­നി­ന്ന് ഉള്‍­ക്കാ­വര്‍­ഷ­ത്തി­ന് (Meteor shower) കാ­ര­ണ­മാ­കു­ന്ന­ത്. ഉദാ­ഹ­ര­ണ­ത്തി­ന് വർ­ഷം­തോ­റും ആഗ­സ്റ്റ് 9-നും 13-നും ഇട­യ്ക്ക് ഉണ്ടാ­കാ­റു­ള്ള പെ­ഴ്സീ­ഡ് (Perseid) ഉൽ­ക്കാ­വർ­ഷ­ത്തി­ന്റെ ഉറ­വി­ടം 2007 ആഗ­സ്റ്റില്‍ വന്നു­പോയ സ്വി­ഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂ­മ­കേ­തു­വാ­ണ്.


­ധൂ­മ­കേ­തു­ക്ക­ളു­ടെ ഉറ­വി­ട­ത്തെ കു­റി­ച്ച് ഇന്നും കൃ­ത്യ­മായ ഒരു ചി­ത്രം നമു­ക്കി­ല്ല. സൌ­ര­യൂ­ഥ­ത്തി­ന്റെ വരാ­ന്ത എന്ന്‍ വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന വി­ധ­ത്തില്‍ നെ­പ്റ്റ്യൂ­ണി­ന്റെ ഓര്‍­ബി­റ്റി­നും പി­ന്നില്‍ 30 AU മു­തല്‍ 50 AU (ഭൂ­മി­യ്ക്കും സൂ­ര്യ­നും ഇട­യി­ലു­ള്ള ശരാ­ശ­രി ദൂ­ര­മാ­ണ് Astronomical Unit അല്ലെ­ങ്കില്‍ AU എന്ന ദൂര അള­വാ­യി ജ്യോ­തി­ശാ­സ്ത്ര­ത്തില്‍ ഉപ­യോ­ഗി­ക്കു­ന്ന­ത്) വരെ­യു­ള്ള ഭാ­ഗ­ത്ത് കാ­ണു­ന്ന കു­യ്പ്പര്‍ ബെല്‍­റ്റില്‍ (Kuiper belt) നി­ന്നും സൂ­ര്യ­നില്‍ നി­ന്നും ഏതാ­ണ്ട് ഒരു പ്ര­കാ­ശ­വര്‍­ഷം ദൂ­രെ സൌ­ര­യൂ­ഥ­ത്തെ പൊ­തി­ഞ്ഞു നില്‍­ക്കു­ന്ന മേ­ഘ­പ­ട­ല­മായ ഊര്‍­ട്ട് മേ­ഘ­ങ്ങ­ളില്‍ (Oort Cloud) നി­ന്നു­മാ­ണ് ഇവ വരു­ന്ന­ത് എന്ന ആശ­യ­ത്തി­നാ­ണ് ഇന്ന്‍ പര­ക്കെ അം­ഗീ­കാ­രം കി­ട്ടി­യി­ട്ടു­ള്ള­ത്.


­മ­ഞ്ഞും പാ­റ­ക്ക­ഷ­ണ­ങ്ങ­ളും പൊ­ടി­പ­ട­ല­ങ്ങ­ളും ചേര്‍­ന്ന അനേ­ക­കോ­ടി ആകാ­ശ­വ­സ്തു­ക്ക­ളു­ടെ തറ­വാ­ടാ­ണു കു­യ്പ്പര്‍ ബെല്‍­റ്റും ഊര്‍­ട്ട് മേ­ഖ­ല­യും. ഇവി­ട­ങ്ങ­ളില്‍ സ്വ­സ്ഥ­മാ­യി അല­ഞ്ഞു­തി­രി­ഞ്ഞു­കൊ­ണ്ടി­രു­ന്ന വസ്തു­ക്ക­ളില്‍ ചി­ല­ത് സൌ­ര­യൂ­ഥ­ത്തി­ലെ ഭീ­മന്‍ ഗ്ര­ഹ­ങ്ങ­ളു­ടെ­യോ സമീ­പ­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ­യോ സൂ­ര്യ­ന്റെ തന്നെ­യോ ഗു­രു­ത്വാ­കര്‍­ഷ­ണ­ത്തി­ന് വി­ധേ­യ­മാ­യി സൂ­ര്യ­ന്റെ നേര്‍­ക്ക് തള്ള­പ്പെ­ടാം. ഇങ്ങ­നെ വഴി തെ­റ്റി സൌ­ര­യൂ­ഥ­ത്തി­ന്റെ ഉള്ളി­ലേ­യ്ക്ക് കട­ക്കു­ന്ന ഇവ മറ്റ് ഗ്ര­ഹ­ങ്ങ­ളു­ടെ ഗു­രു­ത്വ­പ്ര­ഭാ­വം കാ­ര­ണം വീ­ണ്ടും പഥ­വ്യ­ത്യാ­സ­ത്തി­ന് വി­ധേ­യ­മാ­വു­ക­യും സൂ­ര്യ­നില്‍ പതി­ക്കാ­തെ അതി­നെ ദീര്‍­ഘ­വൃ­ത്താ­കാ­ര­മായ ഓര്‍­ബി­ട്ടില്‍ ചു­റ്റാന്‍ തു­ട­ങ്ങു­ക­യും ചെ­യ്യു­ന്നു. ഇങ്ങ­നെ­യാ­ണ് ധൂ­മ­കേ­തു­ക്കള്‍ നമ്മു­ടെ അടു­ത്തേ­ക്ക് വരു­ന്ന­ത് എന്നാ­ണ് ഇതു­വ­രെ­യു­ള്ള നി­ഗ­മ­നം­.


­പ്ര­ദ­ക്ഷി­ണ­കാ­ല­ത്തി­ന്റെ ദൈര്‍­ഘ്യം കണ­ക്കി­ലെ­ടു­ത്ത് ഇവ­യെ ഹ്ര­സ്വ­കാല ധൂ­മ­കേ­തു­ക്കള്‍ (200 വര്‍­ഷ­ത്തില്‍ താ­ഴെ) എന്നും ദീര്‍­ഘ­കാല ധൂ­മ­കേ­തു­ക്കള്‍ (200 വര്‍­ഷ­ത്തില്‍ കൂ­ടു­തല്‍) എന്നും രണ്ടാ­യി തി­രി­ക്കാ­റു­ണ്ട്. ഹ്ര­സ്വ­കാ­ല­ധൂ­മ­കേ­തു­ക്ക­ളു­ടേ­ത് താ­ര­ത­മ്യേന ശരാ­ശ­രി ദീര്‍­ഘ­വൃ­ത്താ­കൃ­തി­യു­ള്ള ഓര്‍­ബി­റ്റു­കള്‍ ആണ്. ഇവ കു­യ്പ്പര്‍ ബെല്‍­റ്റില്‍ നി­ന്നും വരു­ന്ന­താ­യി കണ­ക്കാ­ക്ക­പ്പെ­ടു­ന്നു. മറി­ച്ച് ദീര്‍­ഘ­കാല ധൂ­മ­കേ­തു­ക്ക­ളു­ടെ ഉറ­വി­ട­മാ­യി കണ­ക്കാ­ക്ക­പ്പെ­ടു­ന്ന­ത് ഊര്‍­ട്ട് മേ­ഖ­ല­യാ­ണ്. ഇവ­യ്ക്ക് വള­രെ നീ­ണ്ട ദീര്‍­ഘ­വൃ­ത്ത ഓര്‍­ബി­റ്റു­കള്‍ ആണു­ള്ള­ത്. പൊ­തു­വേ മൂ­ന്നേ­കാല്‍ വര്‍­ഷം മു­തല്‍ 10,00,000 വർ­ഷം വരെ പ്ര­ദ­ക്ഷി­ണ­കാ­ലം ഉള്ള ധൂ­മ­കേ­തു­ക്കള്‍ ഉണ്ടെ­ങ്കി­ലും ഒരി­ക്കല്‍ മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ട്ട് എന്നെ­ന്നേ­ക്കു­മാ­യി പോ­യി മറ­യു­ന്ന ധൂ­മ­കേ­തു­ക്ക­ളും ഉണ്ട്. അത്ത­ര­ത്തില്‍ ഒന്നാ­ണ് C/2011 L4 (PANSTARRS).


­പാന്‍­സ്റ്റാ­ഴ്സ് - ഈ മാ­സ­ത്തെ അതിഥി


ഈ മാര്‍­ച്ചില്‍ നമ്മ­ളെ സന്ദര്‍­ശി­ക്കു­ന്ന വി­ശി­ഷ്ട­നായ ധൂ­മ­കേ­തു­വാ­ണ് C/2011 L4 എന്ന ഔദ്യോ­ഗി­ക­നാ­മ­ത്തില്‍ അറി­യ­പ്പെ­ടു­ന്ന ­പാന്‍­സ്റ്റാ­ഴ്സ് (PANSTARRS). ഇത് ഒരി­ക്കല്‍ മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഒന്നാ­ണ്, ഇനി ഒരു വര­വു­ണ്ടാ­കി­ല്ല. ഹവാ­യി­യി­ലെ മൌ­യീ ദ്വീ­പില്‍ സജ്ജീ­ക­രി­ച്ചി­രി­ക്കു­ന്ന Panoramic Survey Telescope and Rapid Response System (Pan-STARRS) എന്ന ടെ­ലി­സ്കോ­പ്പ് സം­വി­ധാ­നം ഉപ­യോ­ഗി­ച്ച് 2011 ജൂണ്‍ മാ­സ­ത്തി­ലാ­ണ് ഇതി­നെ ആദ്യ­മാ­യി കണ്ടെ­ത്തി­യ­ത്. ഒരു വര്‍­ഷം കൊ­ണ്ട് ഇതി­ന്റെ തി­ള­ക്കം ഏതാ­ണ്ട് 150 മട­ങ്ങ് വര്‍­ദ്ധി­ക്കു­ക­യു­ണ്ടാ­യി. 2012 ജനു­വ­രി ആയ­പ്പോ­ഴേ­ക്കും അതി­ന്റെ തി­ള­ക്കം വീ­ണ്ടും ശ്ര­ദ്ധേ­യ­മാ­യി വര്‍­ദ്ധി­ച്ചി­രു­ന്നു എങ്കി­ലും പി­ന്നീ­ട് അപ്ര­തീ­ക്ഷി­ത­മാ­യി അതി­ന്റെ തി­ള­ക്കം കു­റ­യാന്‍ തു­ട­ങ്ങി­യ­ത് വാ­ന­നി­രീ­ക്ഷ­ക­രെ അല്പ്പം നി­രാ­ശ­രാ­ക്കി എന്ന്‍ തന്നെ പറ­യ­ണം­.


­പ­ക്ഷേ ഈ വി­രു­ന്നു­കാ­ര­ന്റെ വര­വ് എന്നി­ട്ടും നമു­ക്ക് സന്തോ­ഷി­ക്കാന്‍ വക നല്കു­ന്നു­ണ്ട്. അങ്ങ് ദൂ­രെ ഊര്‍­ട്ട് മേ­ഖ­ല­യില്‍ നി­ന്നും ലക്ഷ­ക്ക­ണ­ക്കി­നു വര്‍­ഷ­ങ്ങള്‍ യാ­ത്ര ചെ­യ്തു വരു­ന്ന ഇദ്ദേ­ഹം ഇപ്പൊ­ഴും നഗ്ന­നേ­ത്ര­ങ്ങള്‍­ക്ക് ദൃ­ശ്യ­മാ­ണ് എന്ന­ത് തന്നെ കാ­ര­ണം. അത് സൂ­ര്യ­നോ­ട് ഏറ്റ­വും അടു­ത്ത് ചെ­ന്ന മാര്‍­ച്ച് 10-നാ­യി­രു­ന്നു ഇതി­ന് ഏറ്റ­വും തി­ള­ക്കം. പക്ഷേ അത് സൂ­ര്യ­ന്റെ പ്ര­ഭ­യില്‍ മു­ങ്ങി­പ്പോ­യി­രു­ന്നു. സൂ­ര്യ­നില്‍ നി­ന്നും ഇത് പതി­യെ അക­ന്ന്‍ തു­ട­ങ്ങു­ന്ന­തോ­ടെ, മാര്‍­ച്ച് 12­നു് ഇത് പര­മാ­വ­ധി പ്ര­ഭ­യോ­ടെ നമു­ക്ക് ദൃ­ശ്യ­മാ­കും എന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. താ­ഴെ കൊ­ടു­ക്കു­ന്ന, NASA പ്ര­സി­ദ്ധീ­ക­രി­ച്ച ചി­ത്ര­ത്തില്‍ ചന്ദ്ര­നെ അടി­സ്ഥാ­ന­മാ­ക്കി പടി­ഞ്ഞാ­റന്‍ ചക്ര­വാ­ള­ത്തില്‍ പാന്‍­സ്റ്റാ­ഴ്സി­നെ കണ്ടു­പി­ടി­ക്കാ­നു­ള്ള സൂ­ച­ന­കള്‍ കാ­ണാം­.ക­റു­ത്ത വാ­വി­നോ­ട് അടു­ത്ത ദി­വ­സ­ങ്ങ­ളില്‍ ചന്ദ്രന്‍ സൂ­ര്യന്‍ അസ്ത­മി­ച്ച് അല്പ നേ­രം കഴി­യു­മ്പോള്‍ തന്നെ അസ്ത­മി­ക്കു­മെ­ന്നും പി­ന്നീ­ടു­ള്ള ദി­വ­സ­ങ്ങ­ളില്‍ ചന്ദ്രാ­സ്ത­മ­യം വൈ­കി­യാല്‍ പോ­ലും പാന്‍­സ്റ്റാ­ഴ്സ് സൂ­ര്യ­നില്‍ നി­ന്നും അക­ലു­ന്ന­തി­നാല്‍ തി­ള­ക്കം കു­റ­ഞ്ഞു­വ­രു­മെ­ന്നും ഓര്‍­ക്കു­മ­ല്ലോ. പടി­ഞ്ഞാ­റന്‍ ചക്ര­വാ­ളം കാ­ണാന്‍ കഴി­യും വി­ധം ഉയ­ര­മു­ള്ള ഒരു സ്ഥ­ലം നി­രീ­ക്ഷ­ണ­ത്തി­ന് കൂ­ടു­തല്‍ അനു­യോ­ജ്യ­മാ­യി­രി­ക്കും. മാ­ത്ര­മ­ല്ല, ധൂ­മ­കേ­തു­വി­ന്റെ വാല്‍ ഒരു ബൈ­നോ­ക്കു­ല­റി­ന്റെ­യോ ചെ­റിയ ടെ­ലി­സ്കോ­പ്പി­ന്റെ­യോ സഹാ­യ­ത്തോ­ടെ മാ­ത്ര­മേ വ്യ­ക്ത­മാ­യി കാ­ണു­വാന്‍ കഴി­യൂ എന്ന­തും ശ്ര­ദ്ധി­യ്ക്കു­ക. മാര്‍­ച്ച് മാ­സം അവ­സാ­ന­ത്തോ­ടെ പാന്‍­സ്റ്റാ­ഴ്സ് കാ­ണാന്‍ കഴി­യാ­ത്ത വി­ധം സൂ­ര്യ­നില്‍ നി­ന്നും അക­ന്ന്‍ പോ­യി­രി­ക്കും. ഈ അപൂര്‍വ അവ­സ­രം എല്ലാ­വ­രും പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ ശ്ര­മി­ക്കു­മ­ല്ലോ­.


(PS: മറ്റേ­തൊ­രു ആകാ­ശ­ക്കാ­ഴ്ച­യെ­യും പോ­ലെ തെ­ളി­ഞ്ഞ ആ­കാ­ശം­ ഇതി­നും ഒരു അവ­ശ്യ­ഘ­ട­ക­മാ­ണെ­ന്ന് പ്ര­ത്യേ­കം പറ­യേ­ണ്ട­തി­ല്ല­ല്ലോ­.)


||വൈശാഖന്‍ തമ്പി ഡി. എസ്.|| AASTRO ||

No comments:

Post a Comment