ഉല്‍ക്കാപതനം - എന്തുകൊണ്ട്, എങ്ങനെ?

അടുത്തിടെ റഷ്യയില്‍ നടന്ന ഉള്‍ക്കാപതനത്തിന്റെ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നല്ലോ. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിച്ച ആ സംഭവം ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രസക്തമായ ഒരു ബഹിരാകാശ പ്രതിഭാസമാണ്. 1908-ല്‍ സൈബീരിയയില്‍ നടന്ന ഉല്‍ക്കാദുരന്തത്തിന് ശേഷം ഭൂമി സന്ദര്‍ശിച്ച ഏറ്റവും വലിയ ബാഹ്യാകാശവസ്തു ആയിരുന്നു ഇത്. ഇത്തവണ രേഖപ്പെടുത്തിയ അപകടങ്ങള്‍ ഒന്നും ഉല്‍ക്ക നേരിട്ടു ഏല്‍പ്പിച്ചവ ആയിരുന്നില്ല എങ്കില്‍ പോലും ഈ സംഭവത്തെ തുടര്‍ന്നു ആഗോള തലത്തില്‍ ഇത്തരം ബാഹ്യാകാശ ദുരന്തങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം പ്രചരിക്കപ്പെടുന്ന കെട്ടുകഥകള്‍ക്കും കുറവില്ല. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഇങ്ങനെ ഒരു സംഭവത്തെ തുടര്‍ന്നാണ് എന്ന്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും, ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്നോ അതൊരു വംശനാശത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നോ ശാസ്ത്രീയമായ ഒരു വിശദീകരണം അധികം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാണ് നമ്മളിവിടെ ശ്രമിക്കുന്നത്.
എന്താണ് ഉല്‍ക്കകള്‍?
ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ asteroids, meteors, meteorites എന്നിങ്ങനെ പല വാക്കുകള്‍ കിട്ടും. എന്നാല്‍ ഇംഗ്ലീഷില്‍ ഈ പറഞ്ഞ വാക്കുകള്‍ എല്ലാം വ്യക്തമായ പരസ്പരവ്യത്യാസം ഉള്ള വസ്തുക്കളെയാണ് സൂചിപ്പിക്കുന്നതും. ഇവിടത്തെ കണ്‍ഫ്യൂഷന്‍ ആദ്യം ഒഴിവാക്കിയിട്ട് നമുക്ക് മുന്നോട്ട് പോകാം. വ്യത്യസ്ഥ വസ്തുക്കള്‍ക്കെല്ലാം പൊതുവേ മലയാളത്തില്‍ ഉല്‍ക്ക എന്ന ആ ഒറ്റ പേരാണ് ഉപയോഗിക്കുന്നത് . ചൊവ്വയുടെയും വ്യാഴത്തിന്റെയും ഓര്‍ബിറ്റുകള്‍ക്ക് ഇടയില്‍ സൂര്യനെ വലം വെക്കുന്ന ലക്ഷക്കണക്കിന് വരുന്ന ചെറു ബഹിരാകാശ വസ്തുക്കള്‍ ആണ് asteroids എന്നക്ഷുദ്രഗ്രഹങ്ങള്‍/ഛിന്നഗ്രഹങ്ങള്‍. ഇവരില്‍ ചിലത് മറ്റ് ഗ്രഹങ്ങളുടെയോ മറ്റോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി കൂട്ടം വിട്ടു ഭൂമിയ്ക്ക് നേരെ വന്നെന്ന് വരാം. ഇങ്ങനെ ഒരു ഛിന്നഗ്രഹമോ മറ്റേതെങ്കിലും അന്യവസ്തുവോ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പാഞ്ഞുകയറി, ഘര്‍ഷണം മൂലം കത്തി ബാഷ്പീകരിക്കപ്പെടുമ്പോ അതിനെ നമ്മള്‍ meteor എന്ന്‍ വിളിക്കും. വളരെയധികം പ്രഭയോടെ കത്തുന്ന ഇവ ഒരു പന്തം പോലെ ആകാശത്തു പാഞ്ഞു പോകുന്ന രീതിയില്‍ കാണപ്പെടും. ഇതിനെയാണ് നമ്മള്‍ നാടന്‍ ഭാഷയില്‍ കൊള്ളിയാന്‍ അല്ലെങ്കില്‍ കൊള്ളിമീന്‍ (shooting star) എന്നൊക്കെ വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കയറുന്ന ഏതാണ്ട് എല്ലാ meteors-ഉം അന്തരീക്ഷത്തില്‍ വെച്ചു കത്തിത്തീരുകയാണ് പതിവ്. താരതമ്യേന വലിപ്പം കൂടിയ അപൂര്‍വം ചിലവ മാത്രം, പൂര്‍ണമായും കത്തി നശിക്കാതെ ഭൂമിയില്‍ വന്ന്‍ പതിക്കും. അതിനെയാണ് meteorite (ചിത്രീകരണം കാണുക) എന്ന്‍ വിളിക്കുന്നത്. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അങ്ങ് ദൂരെ ഊര്‍ട്ട് മേഘങ്ങളില്‍ നിന്നോ മറ്റോ വരെ ഉല്‍ക്കകള്‍ എത്തിച്ചേരാം. ചുരുക്കത്തില്‍ ആസ്റ്ററോയിഡ് ബെല്‍റ്റില്‍ നിന്നോ പുറത്തു നിന്നോ ഭൂമിയ്ക്ക് നേരെ വരുന്ന ബാഹ്യാകാശവസ്തുക്കളാണ് ഉല്‍ക്കകള്‍ എന്ന്‍ വിളിക്കപ്പെടുന്നത്.

ഒരു ബാഹ്യാകാശ കൂട്ടിയിടിയുടെ പ്രത്യാഘാതങ്ങള്‍
നമ്മുടെ റോഡുകളില്‍ നടക്കുന്ന രണ്ടു വാഹനങ്ങളുടെ കൂട്ടിയിടി എത്രത്തോളം ഭീകരമാണ് എന്ന്‍ നമുക്കെല്ലാവര്‍ക്കും അറിയാം. സ്വഭാവികമായും രണ്ട് ആകാശവസ്തുക്കള്‍ തമ്മിലുള്ള (ഇവിടെ അതിലൊന്ന് ഭൂമിയാണ്) കൂട്ടിയിടി അതിനെക്കാള്‍ ഒക്കെ പലമടങ്ങ് ശക്തമാണ്. ഈ കൂട്ടിയിടിയിലേക്ക് നയിക്കുന്നത് അവ രണ്ടും തമ്മിലുള്ള ഗുരുത്വാകര്‍ഷണം ആണെന്നതും അത് അടുത്ത് വരുംതോറും കൂടുതല്‍ ശക്തമാകും എന്നതും ഓര്‍ക്കണം. അടുത്തിടെ വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ ഭൂമി പണ്ട് കാലത്ത് ഇത്തരം ഇടികള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ്. കൂട്ടിയിടി എന്ന്‍ കേള്‍ക്കുമ്പോ മനസ്സില്‍ വരുന്ന ഒരു 'ആഘാതം ഏല്‍പ്പിക്കലിനും' അപ്പുറമാണ് ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍. ഒരു ഉദാഹരണം എന്ന രീതിയില്‍ 1 km വലിപ്പവും വെള്ളത്തെക്കാള്‍ 2.5 മടങ്ങ് സാന്ദ്രതയും (density) ഉള്ള ഒരു ഉല്‍ക്ക സെക്കന്‍റില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. ഇത്തരം ഒരു കൂട്ടിയിടിയുടെ ഫലങ്ങള്‍ ഒരേ സമയം പല രൂപത്തിലാവും ഭൂമി അഭിമുഖീകരിക്കുക. അത് നമുക്കൊന്ന് പരിശോധിക്കാം.

1. പൊട്ടിത്തെറി
നമ്മള്‍ പരിഗണിക്കുന്ന ഉല്‍ക്കയുടെ പിണ്ഡം കണക്ക് കൂട്ടാവുന്നതെ ഉള്ളുവല്ലോ. കോടിക്കണക്കിനു ടണ്‍ വരും അത്. വേഗത കൂടി പരിഗണിച്ചാല്‍ അത് ഭൂമിയിലേക്ക് കൊണ്ട് വരുന്ന ഗതികോര്‍ജ്ജം എത്ര വരും എന്ന്‍ കണക്കാക്കാം. കൂട്ടിയിടി കഴിഞ്ഞു ഈ ഉല്‍ക്ക നിശ്ചലാവസ്ഥയില്‍ എത്തുമ്പോഴേക്കും, ഊര്‍ജ്ജസംരക്ഷണ നിയമം (First law of thermodyanamics) അനുസരിച്ചു  ഈ ഊര്‍ജ്ജം മൊത്തം ഏതെങ്കിലും രീതിയില്‍ വീതിക്കപ്പെടണമല്ലോ. അത് വന്നുപതിക്കുന്ന സ്ഥലത്ത്, അത് കരയിലോ വെള്ളത്തിലോ ആകാം, അപ്പോ കോണ്ടാക്ടില്‍ വരുന്ന വസ്തുക്കളിലേക്കും അവിടന്ന്‍ ചുറ്റുപാടിലേക്കും വീതിക്കപ്പെടുന്ന ഈ ഭീമന്‍ ഊര്‍ജ്ജം ഒരു വലിയ പൊട്ടിത്തെറിയ്ക്ക് തുല്യമാണ്. നമ്മുടെ ഉദാഹരണത്തിലെ ഉല്‍ക്കയുടെ കാര്യം കണക്ക് കൂട്ടിയാല്‍ അത് ഉണ്ടാക്കുന്ന പൊട്ടിത്തെറിയുടെ ശക്തി ഏതാണ്ട് 60,000 TNT മെഗാ ടണ്‍ വരും (1TNT megaton=4.2× 1015Joules). ഇന്നുള്ള ഏറ്റവും പ്രഹരശക്തിയുള്ള ആണവ ബോംബ് പോലും 50-100 TNT മെഗാ ടണ്‍ ശക്തിയുള്ള സ്ഫോടനമാണ് ഉണ്ടാക്കുന്നത് എന്നോര്‍ക്കുമ്പോഴാണു ഇത് എത്രത്തോളം മാരകമാണ് എന്ന്‍ മനസ്സിലാവുക. റിക്ടര്‍ സ്കെയിലില്‍ ഏതാണ്ട് 10 രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പത്തിന് തുല്യമാണ് ഇത്.
കൂട്ടിയിടി നടക്കുന്നതിന് തൊട്ട് മുന്‍പ് തന്റെ വഴിയിലുള്ള അന്തരീക്ഷവായുവിനെ ഉല്‍ക്ക വശങ്ങളിലേക്ക് തള്ളിമാറ്റുമല്ലോ. കൂട്ടിയിടി നടക്കുന്ന impact site-നു മുകളില്‍ ഏതാനം മിനിറ്റുകളോളം അന്തരീക്ഷം ഉണ്ടാവില്ല. ഈ ഒരു ചെറിയ സമയത്ത്, പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടാകുന്ന ബാഷ്പീകരിക്കപ്പെട്ട ഉല്‍ക്കാശീലയും പൊടിപടലങ്ങളും (കടലിലാണ് വീഴുന്നതെങ്കില്‍ ജലബാഷ്പവും) ഈ അന്തരീക്ഷദ്വാരത്തിലൂടെ പുറത്തേക്ക് തള്ളപ്പെടും. കൂട്ടിയിടി നടന്ന്‍ രണ്ട് മിനിറ്റുകള്‍ക്കുളില്‍ കോടാനുകോടി ടണ്‍ സ്ഫോടനാവശിഷ്ടങ്ങള്‍ ഏതാണ്ട് 100 km ചുറ്റളവിലേക്ക് തെറിയ്ക്കും. ഇനി കൂട്ടിയിടി നടക്കുന്നത് കടലില്‍ ആണെങ്കില്‍, വശങ്ങളിലേക്ക് തള്ളപ്പെടുന്ന വെള്ളം impact site-ലേക്ക് തിരിച്ച് വരുന്ന നിമിഷം പൊട്ടിത്തെറി ഉണ്ടാക്കിയ കനത്ത ചൂടില്‍ പൊടുന്നനെ ബാഷ്പീകരിക്കപ്പെടുകയും steam explosion എന്ന പ്രതിഭാസത്തിലേക്ക് കൂടി നയിക്കുകയും ചെയ്യാം.
ഒരു ഉല്‍ക്കാപതനത്തിന്റെ മുഖമുദ്ര എന്ന്‍ പറയാവുന്നത് ഗര്‍ത്തങ്ങളുടെ (Craters) രൂപീകരണമാണ്. ഇടിയുടെ ആഘാതത്തില്‍, അത് കരയിലായാലും കടലിലായാലും, ഭൌമോപരിതലം കുഴിഞ്ഞുപോകുകയും പതിക്കുന്ന ഉല്‍ക്കയുടെ ഊര്‍ജത്തിന് ആനുപാതികമായ വിസ്താരമുള്ള ഒരു ഗര്‍ത്തം രൂപം കൊള്ളുകയും ചെയ്യും. 1 km വലിപ്പമുള്ള ഉല്‍ക്ക ഏതാണ്ട് 20 km വ്യാസമുള്ള ഒരു ഗര്‍ത്തമാകും രൂപപ്പെടുത്തുക. അതായത് ഏതാണ്ട് തിരുവനന്തപുരം നഗരത്തിന്റെ വലിപ്പമുള്ള ഒരു കുഴി! (ഗര്‍ത്തത്തിന്റെ വ്യാസം=(കൂട്ടിയിടിയുടെ ഊര്‍ജ്ജം)(1/3.4)/106.77എന്നൊരു സമവാക്യം ഉണ്ട്)

ദിനോസറുകളുടെ വംശനാശത്തിലേക്ക് നയിച്ചതായി പറയപ്പെടുന്ന ഉല്‍ക്ക സൃഷ്ടിച്ച ഗര്‍ത്തം, അമേരിക്കയിലെ അരിസോണയില്‍


2. സുനാമി
ഭൂമിയുടെ പ്രതലവിസ്തീര്‍ണത്തിന്റെ 75% ഉം കടലാണെന്ന് നമുക്കറിയാം. സ്വാഭാവികമായും ബാഹ്യാകാശത്തുനിന്നും ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ഉല്‍ക്ക കടലില്‍ പതിക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെ തുടര്‍ന്നുണ്ടാകുന്ന steam explosion-ന്റെ കാര്യം നമ്മള്‍ നേരത്തെ കണ്ടല്ലോ. ഉല്‍ക്കയാല്‍ വശങ്ങളിലേക്ക് ശക്തമായി തള്ളപ്പെടുന്ന വെള്ളം വലിയ സുനാമിത്തിരകള്‍ക്ക് രൂപം കൊടുക്കും. ഇതിന്റെ ഉയരവും കൂട്ടിയിടിയുടെ ഊര്‍ജ്ജത്തിന് ആനുപാതികമായിരിക്കും. നമ്മുടെ 1 km വലിപ്പമുള്ള ഉല്‍ക്ക അതിന്റെ impact site-ല്‍ നിന്നും 1000 km അകലെ പോലും ഏതാണ്ട് 20 m ഉയരമുള്ള സുനാമിത്തിര ഉണ്ടാക്കും എന്ന്‍ കണക്കാക്കാന്‍ കഴിയും. 300 km ദൂരെയാണെങ്കില്‍ അത് 43 m-ഓളം ഉയരും. കഴിഞ്ഞില്ല, ഇത് കൂട്ടിയിടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന സുനാമിയുടെ കാര്യം മാത്രമേ ആകുന്നുള്ളൂ. നേരത്തെ പറഞ്ഞ steam explosion ന്റെ ഫലമായി വേറെയും സുനാമികള്‍ ഉണ്ടാകും. ഒപ്പം, കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന ഭൂവല്‍ക്കചലനവും കൂടുതല്‍ തിരകള്‍ ഉണ്ടാക്കും. അങ്ങനെ വളരെ സങ്കീര്‍ണ്ണമായ പാറ്റേണില്‍ ഉള്ള ഒരു സുനാമി പരമ്പര ആണ് ഉല്‍ക്കാപതനത്തെ തുടര്‍ന്നു ഉണ്ടാവുക.

3. ആഗോള തീപിടുത്തങ്ങള്‍
കൂട്ടിയിടി സമയത്ത് അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന ദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്ന സ്ഫോടനാവശിഷ്ടങ്ങളെ കുറിച്ച് നമ്മള്‍ പറഞ്ഞല്ലോ. ഇവ അന്തരീക്ഷത്തിലൂടെ പാഞ്ഞുപോകുമ്പോള്‍ ഘര്‍ഷണം മൂലം വീണ്ടും ചൂട് പിടിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ചൂടാവുമ്പോ വളരെയധികം ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കും. ഇത് ആഗോളതലത്തില്‍ അന്തരീക്ഷതാപനില കൂടാന്‍ കാരണമാവുകയും തുടര്‍ന്നു വ്യാപകമായ തീപിടുത്തങ്ങളിലേക്ക് (പ്രത്യേകിച്ചു കാട്ടുതീ) നയിക്കുകയും ചെയ്യാം. ഇതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ന്നും.

4. ആസിഡ് മഴകള്‍

കൂട്ടിയിടിയുടെ ഫലമായുള്ള ഷോക്ക് വേവിലും തുടര്‍ന്നുള്ള അന്തരീക്ഷത്തിന്റെ പുനഃക്രമീകരണത്തിലും ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ നൈട്രജനും ഓക്സിജനും ചേര്‍ന്ന് നൈട്രജന്‍ ഓക്സൈഡുകളുടെ രൂപീകരണത്തിലേക്ക് നയിക്കും. ഇവ ജലബാഷ്പവുമായി ചേര്‍ന്ന് ആസിഡ് മഴകള്‍ക്ക് കാരണമാകുന്നു. കൂട്ടിയിടിയെ തുടര്‍ന്നുള്ള ഒരു വര്‍ഷത്തോളം ഈ പ്രതിഭാസം തുടരും. ഈ ആസിഡ് മഴകള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പലതാണ്- ചെടികള്‍ നശിക്കും, ഭൂവല്‍ക്കശിലകള്‍ ദ്രവിക്കും, ഓസോണ്‍ പാളി നശിക്കും, അങ്ങനെപോകുന്നു അവ.

5. ആഗോള താപവ്യതിയാനങ്ങള്‍
ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതം ഇതാണ്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങളും തുടര്‍ന്നുണ്ടായ ആഗോള തീപിടുത്തങ്ങള്‍ പുറന്തള്ളുന്ന കരിയും അന്തരീക്ഷത്തില്‍ നിറയും. ഇവ മാസങ്ങളോളം അവിടെ തങ്ങി നിന്ന് സൂര്യപ്രകാശത്തെ മറയ്ക്കും. നമ്മുടെ ആത്യന്തിക ഊര്‍ജ്ജ ശ്രോതസ്സായ സൂര്യന്‍ മറയ്ക്കപ്പെടുന്നതിന്റെ ഫലം ഊഹിക്കാമല്ലോ അല്ലേ? സസ്യങ്ങളുടെ പ്രകാശസംശ്ലേഷണം നിലയ്ക്കും, അതോടെ ഭക്ഷ്യശൃംഖല തകരും. ആഗോളതലത്തില്‍ അന്തരീക്ഷതാപനില താഴ്ന്ന്‍ ഒരു ഹ്രസ്വകാല ശൈത്യം നിലവില്‍ വരും. ഇതിനെ Impact Winter എന്ന്‍ വിളിക്കും. ഇത് അല്പ നാളത്തേയ്ക്ക് മാത്രമേ ഉണ്ടാവൂ, അത് കഴിഞ്ഞാല്‍ ഫലം നേരെ തിരിയും. അന്തരീക്ഷത്തിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്ന കരിയില്‍ നിന്നുണ്ടാവുന്ന കാര്‍ബണ്‍ ഡയോക്സൈഡും ജലബാഷ്പവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗ്രീന്‍ ഹൌസ് പ്രഭാവം കാരണം താപനില കൂടാന്‍ തുടങ്ങും. ചെടികള്‍ നശിച്ചു പോയതിനാല്‍ ഈ കാര്‍ബണ്‍ ഡയോക്സൈഡ് വളരെ കാലം അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കുകയും വളരെ കാലം ഈ ചൂടന്‍ കാലാവസ്ഥ തുടരുകയും ചെയ്യും.

ഇത്രയും ബഹുമുഖങ്ങളായ അനന്തരഫലങ്ങളാണ് ഒരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാവുക. 10 km-ഓളം വലിപ്പമുള്ള ഒരു ഉല്‍ക്കയ്ക്ക് ഭൂമിയിലെ ഒട്ടുമിക്ക ജീവിവര്‍ഗത്തെയും പൂര്‍ണമായി പറിച്ചു കളയുവാനുള്ള സംഹാരശക്തി ഉണ്ടാവും. ഏതാണ്ട് 65 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അത്തരമൊരു കൂട്ടിയിടിയിലാണ് ദിനോസറുകള്‍ ഉള്‍പ്പടെ കുറെ ഏറെ ജീവികളുടെ കൂട്ട വംശനാശം (Mass extinction) ഉണ്ടായത് എന്നാണ് ഇന്ന്‍ പ്രബലമായ ഒരു സിദ്ധാന്തം. നേരത്തെ നമ്മള്‍ കണ്ട കാര്യങ്ങളെല്ലാം ഇങ്ങനെ ഒരു സര്‍വസംഹാരം സംഭവ്യമാണ് എന്ന്‍ അടിവരയിട്ട് പറയുന്നുണ്ട്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ അല്പം പോലും ഇപ്പോള്‍ കൂടുതല്‍ ഇല്ല എന്ന്‍ ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള കുപ്രചരണങ്ങളും കെട്ടുകഥകളും അവഗണിക്കണം. ശ്രദ്ധിയ്ക്കുക, തീര്‍ത്തും നിരാശാജനകമായ കാര്യങ്ങളല്ല ഈ വിഷയത്തില്‍ നമുക്ക് പറയാനുള്ളത്. ഇത്തരം അപകടങ്ങളെ നേരിടാന്‍ മോശമല്ലാത്ത പല തയ്യാറെടുപ്പുകളും മനുഷ്യര്‍ ഇതിനകം ചെയ്തിട്ടുണ്ട്. NASA- യുടെ Near Earth Object (NEO) പ്രോഗ്രാം ഉള്‍പ്പടെയുള്ള ചില ഏജന്‍സികള്‍ ഇത്തരം അപകടങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള നിരീക്ഷണങ്ങളില്‍ വ്യാപൃതരാണ്. നമുക്ക് നേരെ വരുന്ന ഉല്‍ക്കകളെ വഴി തിരിച്ച് വിടുന്നതിനായി വളരെ സിമ്പിളായത് മുതല്‍ അത്യധികം സങ്കീര്‍ണ്ണമായത് വരെയുള്ള നിരവധി പദ്ധതികള്‍ നമ്മള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നേരത്തെ അറിയുന്ന പക്ഷം, അവയിലേക്ക് ബഹിരാകാശവാഹനങ്ങളെ അയച്ചു അവയില്‍ അണുബോംബ് സ്ഥാപിച്ചു അവയെ പൊട്ടിത്തെറിപ്പിച്ച് ദിശാമാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കും. റോബോട്ടിക് ലാന്‍ഡറുകള്‍ ഉപയോഗിച്ച് ഉള്‍ക്കയില്‍ ത്രസ്റ്റര്‍ റോക്കറ്റുകള്‍ പിടിപ്പിച്ച് ദിശ തിരിച്ചുവിടാനുള്ള സാങ്കേതികവിദ്യയ്ക്കും സാധ്യതയുണ്ട്. ഗ്രാവിറ്റി ട്രാക്ടര്‍എന്ന്‍ വിളിക്കുന്ന വലിയ ബഹിരാകാശ പേടകങ്ങള്‍ ഉപയോഗിച്ച് ഒരു ഉല്‍ക്കയെ വലിച്ചു ദിശ തെറ്റിച്ച് വിടാന്‍ പോലും നമുക്ക് പദ്ധതികള്‍ ഉണ്ട്.  ഇതിനായി നമുക്ക് നേരെ വരുന്ന വസ്തുക്കളുടെ കൃത്യമായ സഞ്ചാരപഥം നേരത്തെ കണക്കുകൂട്ടാന്‍ കഴിയണം എന്നേയുള്ളൂ. അതിനാണ് NEO പ്രോഗ്രാം പോലെയുള്ള ഏജന്‍സികള്‍ കണ്ണില്‍ എണ്ണയൊഴിച്ചു മാനത്തേക്ക് നോക്കി ഇരിക്കുന്നതും. അവര്‍ അവരുടെ പണി ചെയ്യുന്നുണ്ട്  എന്നുറപ്പിച്ചുകൊണ്ട് നമുക്ക് സുഖമായി ഉറങ്ങാം.

അധികവായനയ്ക്ക്

  1. http://www.livescience.com/27183-asteroid-meteorite-meteor-meteoroid.html

  2. http://science.howstuffworks.com/stop-an-asteroid.htm

  3. http://en.wikipedia.org/wiki/Asteroid_impact_avoidance

  4. http://en.wikipedia.org/wiki/Cretaceous%E2%80%93Paleogene_extinction_event

  5. http://en.wikipedia.org/wiki/Tunguska_event

  6. http://en.wikipedia.org/wiki/2013_Russian_meteor_event

  7. http://www.astronomynotes.com/solfluf/s5.htm


 

VAISHAAKHAN THAMPI || AASTRO KERALA


പാന്‍സ്റ്റാഴ്സ് വാല്‍നക്ഷത്രത്തെ വരവേല്‍ക്കാം!

ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ര്‍­ക്കും രാ­ത്രി­യാ­കാ­ശ­ത്തെ പ്ര­ണ­യി­ക്കു­ന്ന വാ­നം­നോ­ക്കി­കള്‍­ക്കും ഒരു­പോ­ലെ ഉത്സാ­ഹ­ജ­ന­ക­മായ കാ­ര്യ­മാ­ണ് വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര­വ്. മു­ഖ്യ­കാ­ര­ണം അവര്‍ രാ­ത്രി­യാ­കാ­ശ­ത്തെ സ്ഥി­ര­സാ­ന്നി­ധ്യ­മ­ല്ല, വല്ല­പ്പോ­ഴും വി­രു­ന്ന്‍ വരു­ന്ന അതി­ഥി­ക­ളാ­ണ് എന്ന­ത് തന്നെ. അവ­രു­ടെ ഓരോ വര­വി­ലും അവ­രെ കാ­ണാ­നും പഠി­ക്കാ­നും ലോ­ക­മെ­ങ്ങു­മു­ള്ള ജ്യോ­തി­ശാ­സ്ത്ര­പ്രേ­മി­കള്‍ ആവേ­ശ­ഭ­രി­ത­രാ­ണ്. ഈ വര്‍­ഷം PANSTARRS, ISON എന്നി­ങ്ങ­നെ രണ്ടു വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളാ­ണ് നമ്മെ സന്ദര്‍­ശി­ക്കു­ന്ന­ത് എന്ന­തി­നാല്‍ തന്നെ 2013 വാല്‍­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ വര്‍­ഷ­മാ­ണ് എന്നാ­ണ് പറ­യ­പ്പെ­ടു­ന്ന­ത്.


എ­ന്താ­ണ് ഒരു വാല്‍­ന­ക്ഷ­ത്രം­?


­പേ­ര് കേ­ട്ടാല്‍ തോ­ന്നു­ന്ന പോ­ലെ വാ­ലു­ള്ള നക്ഷ­ത്ര­ങ്ങ­ളേ അല്ല വാല്‍­ന­ക്ഷ­ത്ര­ങ്ങള്‍. നക്ഷ­ത്ര­ങ്ങ­ളു­ടേ­തായ ഒരു പ്ര­ത്യേ­ക­ത­യും അവ­യ്ക്കി­ല്ല. ആ പേ­ര് തെ­റ്റി­ദ്ധാ­രണ ഉണ്ടാ­ക്കു­ന്ന­താ­യ­തി­നാല്‍ 'ധൂ­മ­കേ­തു­ക്കള്‍' എന്ന ഇവ­രു­ടെ 'സ്കൂ­ളില്‍ പേ­ര്' ആണ് ഇവി­ടെ നമ്മള്‍ കൂ­ടു­ത­ലും ഉപ­യോ­ഗി­യ്ക്കു­ക. ഗ്ര­ഹ­ങ്ങ­ളെ­യോ ക്ഷു­ദ്ര­ഗ്ര­ഹ­ങ്ങ­ളെ­യോ ഒക്കെ പോ­ലെ സൂ­ര്യ­നെ പ്ര­ദ­ക്ഷി­ണം ചെ­യ്യു­ന്ന ബഹി­രാ­കാ­ശ­വ­സ്തു­ക്കള്‍ തന്നെ­യാ­ണ് ധൂ­മ­കേ­തു­ക്ക­ളും എന്നി­രി­ക്കി­ലും അവ­യെ വ്യ­ത്യ­സ്ത­രാ­ക്കു­ന്ന ചില പ്ര­ത്യേ­ക­ത­കള്‍ ഉണ്ട്
  • ­ഭൂ­രി­ഭാ­ഗ­വും (ഏ­താ­ണ്ട് 80%) ഐസും പി­ന്നെ പൊ­ടി­പ­ട­ല­ങ്ങ­ളും ചേര്‍­ന്ന ശരീ­രം

  • ഇ­ട­ക്കി­ടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന വാല്‍ അല്ലെ­ങ്കില്‍ കോമ (അ­ന്ത­രീ­ക്ഷം­)

  • ­മി­ക്ക­വാ­റും നീ­ളം കൂ­ടിയ ദീര്‍­ഘ­വൃ­ത്ത­മാ­യി­രി­ക്കും എങ്കി­ലും പൊ­തു­വേ സ്ഥി­ര­ത­യി­ല്ലാ­ത്ത ഓര്‍­ബി­റ്റ്


അ­ടി­സ്ഥാ­ന­പ­ര­മാ­യി ഒരു അഴ­കിയ രാ­വ­ണന്‍ ആണ് ധൂ­മ­കേ­തു. നമ്മള്‍ ഇവി­ടെ നി­ന്ന്‍ കാ­ണു­ന്ന­തൊ­ക്കെ വെ­റും 'ഷോ' മാ­ത്രം! വള­രെ ചെ­റിയ ഒരു മര്‍­മം (ന്യൂ­ക്ലി­യ­സ്) മാ­ത്ര­മാ­ണ് ഒരു ധൂ­മ­കേ­തു­വി­ന്റെ ശരീ­രം. അതി­നു 100 മീ­റ്റര്‍ മു­തല്‍ ഏതാ­ണ്ട് 40 കി­ലോ­മീ­റ്റര്‍ വരെ വലി­പ്പ­മു­ണ്ടാ­വാം. ഗോ­ളാ­കൃ­തി പ്രാ­പി­ക്കാന്‍ മാ­ത്ര­മു­ള്ള പി­ണ്ഡം ഇല്ലാ­ത്ത­തു­കൊ­ണ്ട് മി­ക്ക­വാ­റും നി­യ­ത­മായ ഒരു രൂ­പം ഇവ­യ്ക്കു­ണ്ടാ­വി­ല്ല. ഐസും പൊ­ടി­പ­ട­ല­ങ്ങ­ളും പാ­റ­ക്ക­ഷ­ണ­ങ്ങ­ളു­മൊ­ക്കെ ചേര്‍­ന്ന­താ­ണ് ഇത്. ഐസ് എന്ന്‍ പറ­യു­മ്പോ തണു­ത്തു­റ­ഞ്ഞ ജല­മാ­ണ് മു­ഖ്യ­മെ­ങ്കി­ലും കാര്‍­ബണ്‍ ഡയോ­ക്സൈ­ഡ്, അമോ­ണി­യ, മീ­തെ­യിന്‍ തു­ട­ങ്ങി­യ­വ­യും ഇക്കൂ­ട്ട­ത്തില്‍ പെ­ടും. പ്ര­തി­ഫ­ല­ന­ശേ­ഷി വള­രെ കു­റ­ഞ്ഞ ഈ ന്യൂ­ക്ലി­യ­സ് മി­ക്ക­വാ­റും ഭൂ­മി­യില്‍ നി­ന്നും അദൃ­ശ്യ­മാ­യി­രി­ക്കും­.


­ധൂ­മ­കേ­തു­വി­ന്റെ നമ്മള്‍ കാ­ണു­ന്ന ഭാ­ഗം അതി­ന്റെ വാല്‍ അല്ലെ­ങ്കില്‍ കോമ ആണ്. ധൂ­മ­കേ­തു­വി­ന്റെ ശരീ­രം മി­ക്ക­വാ­റും തണു­ത്തു­റ­ഞ്ഞ വാ­ത­ക­ങ്ങള്‍ ആണ­ല്ലോ. അവ സൂ­ര്യ­നോ­ട് അടു­ത്ത് വരു­മ്പോ സൌ­ര­വി­കി­ര­ണ­ങ്ങള്‍ ഏറ്റ് ബാ­ഷ്പീ­ക­രി­ക്ക­പ്പെ­ടും. ഇത് ന്യൂ­ക്ലി­യ­സ്സി­നു ചു­റ്റും ഒരു വാ­ത­കഅ­ന്ത­രീ­ക്ഷ­ത്തി­ന് രൂ­പം നല്കും. കോമ എന്ന്‍ വി­ളി­ക്കു­ന്ന ഈ അന്ത­രീ­ക്ഷ­മാ­ണ് ഭൂ­മി­യില്‍ നി­ന്നു നോ­ക്കു­മ്പോ മി­ക്ക­വാ­റും നമ്മള്‍ കാ­ണു­ക.


­ന്യൂ­ക്ലി­യ­സ് ഒരു കു­ഞ്ഞ­നാ­യി­രു­ന്നു എങ്കി­ലും കോ­മ­യ്ക്കു പല­പ്പോ­ഴും സൂ­ര്യ­നെ­ക്കാ­ളും വലി­പ്പം ഉണ്ടാ­വും. ഈ വാ­ത­ക­മ­ണ്ഡ­ലം സൂ­ര്യ­നില്‍ നി­ന്നു­ള്ള സൌ­ര­ക്കാ­റ്റി­ന്റെ പ്ര­ഭാ­വം കൊ­ണ്ട് സൂ­ര്യ­ന് എതിര്‍­ദി­ശ­യി­ലേ­ക്ക് തള്ള­പ്പെ­ടു­ക­യും ഒരു വാ­ലി­ന് രൂ­പം കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. ഇതാ­ണ് ധൂ­മ­കേ­തു­വി­നെ ­വാല്‍­ന­ക്ഷ­ത്രം­ എന്ന്‍ പണ്ടു­ള്ള­വര്‍ വി­ളി­ക്കാന്‍ കാ­ര­ണ­മായ 'വാല്‍'.


­സ­ത്യ­ത്തില്‍ രണ്ടു­ത­രം വാ­ലു­കള്‍ ഒരു ധൂ­മ­കേ­തു­വില്‍ കാ­ണ­പ്പെ­ടാം. കോ­മാ­യി­ലെ പൊ­ടി­പ­ട­ല­ങ്ങ­ളെ സൌ­ര­ക്കാ­റ്റ് പി­ന്നി­ലേ­ക്ക് പറ­ത്തുക വഴി ഉണ്ടാ­കു­ന്ന ധൂ­ളീ­വാ­ലും (Dust tail) സൂ­ര്യ­നില്‍ നി­ന്നു­ള്ള ചാര്‍­ജിത കണ­ങ്ങ­ളു­ടെ പ്ര­ഭാ­വം കൊ­ണ്ട് അയ­ണീ­ക­രി­ക്ക­പ്പെ­ട്ട വാ­ത­ക­ങ്ങള്‍ ചേര്‍­ന്ന് രൂ­പം കൊ­ള്ളു­ന്ന പ്ലാ­സ്മാ വാ­ലും (Ion tail). ഭൂ­മി­യില്‍ നി­ന്നും സൂ­ര്യ­നി­ലേ­ക്കു­ള്ള ദൂ­ര­ത്തെ­ക്കാള്‍ നീ­ള­മു­ള്ള വാ­ലു­കള്‍ പോ­ലും പല ധൂ­മ­കേ­തു­ക്കള്‍­ക്കും രൂ­പം കൊ­ള്ളാ­റു­ണ്ട്. മി­ക്ക­വാ­റും നീ­ല­യോ നീല കലര്‍­ന്ന പച്ച­യോ നി­റ­മു­ള്ള പ്ലാ­സ്മാ­വാ­ലി­ന്റെ രൂ­പീ­ക­ര­ണ­ത്തില്‍ സൌ­ര­ക്കാ­റ്റും സൂ­ര്യ­ന്റെ കാ­ന്തി­ക­മ­ണ്ഡ­ല­വും പ്ര­ധാന പങ്കു­വ­ഹി­ക്കു­ന്നു­ണ്ട് എന്ന­തി­നാല്‍ തന്നെ ഇതി­ന്റെ ദിശ എപ്പോ­ഴും സൂ­ര്യ­ന് നേ­രെ എതി­രെ ആയി­രി­യ്ക്കും. എന്നാല്‍ വെ­ള്ള­യോ ഇളം മഞ്ഞ­യോ നി­റ­ത്തി­ലു­ള്ള ധൂ­ളീ­വാല്‍ മി­ക്ക­വാ­റും അതി­ന്റെ ഓര്‍­ബി­റ്റില്‍ തന്നെ അല്പം വള­ഞ്ഞ­താ­യി­ട്ടാ­കും കാ­ണ­പ്പെ­ടു­ക. ഇവി­ടെ ഒരു കാ­ര്യം മന­സ്സി­ലാ­ക്കി­ക്കാ­ണു­മ­ല്ലോ, വാല്‍­ന­ക്ഷ­ത്ര­ത്തി­ന്റെ വാല്‍ എപ്പോ­ഴും അതി­ന്റെ പി­ന്നില്‍ തന്നെ ആയി­രി­ക്ക­ണം എന്നി­ല്ല. അവ എപ്പോ­ഴും സൂ­ര്യ­ന് പ്ര­തി­മു­ഖ­മാ­യി­രി­ക്കും എന്ന­തി­നാല്‍, സൂ­ര്യ­നില്‍ നി­ന്നും അക­ന്ന്‍ പോ­കു­ന്ന ഒരു വാല്‍­ന­ക്ഷ­ത്ര­ത്തി­ന് മുന്‍­പി­ലാ­യി­രി­ക്കും വാല്‍ കാ­ണ­പ്പെ­ടു­ക!


നീ­ളം കൂ­ടിയ ദീര്‍­ഘ­വൃ­ത്താ­കൃ­തി ഉള്ള­താ­ണ് മി­ക്ക­വാ­റും ധൂ­മ­കേ­തു­ക്ക­ളു­ടെ ഓര്‍­ബി­റ്റ്. അതു­കൊ­ണ്ട് തന്നെ സ്വ­ന്തം പ്ര­ദ­ക്ഷി­ണ­കാ­ല­ത്തി­ന്റെ വള­രെ കു­റ­ച്ചു സമ­യ­ത്തേ­ക്ക് മാ­ത്ര­മേ അവ സൂ­ര്യ­നോ­ട് അടു­ത്ത് വരു­ന്നു­ള്ളൂ. അപ്പോള്‍ മാ­ത്ര­മാ­ണു അവര്‍­ക്ക് കോമ രൂ­പം കൊ­ള്ളു­ന്ന­തും നമു­ക്ക് കാ­ണാന്‍ കഴി­യു­ന്ന­തും. അങ്ങ­നെ­യാ­ണ് അവര്‍ നമ്മു­ടെ വീ­ട്ടില്‍ വല്ല­പ്പോ­ഴും മാ­ത്രം വി­രു­ന്ന്‍ വരു­ന്ന വി­ശി­ഷ്ടാ­തി­ഥി­കള്‍ ആവു­ന്ന­ത്.


എ­ന്നാല്‍ ഇവര്‍ ചു­മ്മാ ഇവി­ടെ വന്ന്‍ സു­ഖ­സ­ന്ദര്‍­ശ­നം കഴി­ഞ്ഞു മട­ങ്ങു­ക­യാ­ണ് പതി­വ് എന്ന്‍ കരു­ത­രു­ത് കേ­ട്ടോ. സൌ­ര­യൂ­ഥ­ത്തി­ലെ പല ഗ്ര­ഹ­ങ്ങ­ളു­ടെ­യും സഞ്ചാ­ര­പ­ഥ­ങ്ങ­ളെ മു­റി­ച്ച് കട­ക്കും വി­ധ­മാ­ണ് ഇവ­യു­ടെ സഞ്ചാ­രം. മാ­ത്ര­മ­ല്ല ഗ്ര­ഹ­ങ്ങ­ളു­ടെ പരി­ക്ര­മ­ണ­ത­ല­ത്തില്‍ (Orbital plane) ആയി­രി­ക്കി­ല്ല താ­നും ഇവ­യില്‍ മി­ക്ക­തി­ന്റെ­യും പരി­ക്ര­മ­ണം. സൂ­ര്യ­ന്റേ­യും മറ്റ് ഗ്ര­ഹ­ങ്ങ­ളു­ടെ­യും ഗു­രു­ത്വ­മ­ണ്ഡ­ല­ങ്ങ­ളു­മാ­യു­ള്ള മല്‍­പ്പി­ടു­ത്ത­ത്തില്‍ ഓരോ വര­വി­ലും സ്വ­ന്തം ഭാ­ര­ത്തി­ന്റെ 1-2% വരെ വാ­ത­ക­ങ്ങ­ളും ശി­ലാ­ധൂ­ളി­ക­ളും ഇവര്‍­ക്ക് നഷ്ട­മാ­കും. ഇത് ആവര്‍­ത്തി­ക്കുക വഴി ചി­ല­പ്പോള്‍ ­ധൂ­മ­കേ­തു­ മൊ­ത്ത­ത്തില്‍ ശി­ഥി­ല­മാ­യി എന്നും വരാം. ഇങ്ങ­നെ വാല്‍­ന­ക്ഷ­ത്ര­ങ്ങള്‍ കൈ­വി­ടു­ന്ന പദാര്‍­ഥ­ങ്ങ­ളാ­ണ് പല­പ്പോ­ഴും ഗ്ര­ഹാ­ന്ത­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ തങ്ങി­നി­ന്ന് ഉള്‍­ക്കാ­വര്‍­ഷ­ത്തി­ന് (Meteor shower) കാ­ര­ണ­മാ­കു­ന്ന­ത്. ഉദാ­ഹ­ര­ണ­ത്തി­ന് വർ­ഷം­തോ­റും ആഗ­സ്റ്റ് 9-നും 13-നും ഇട­യ്ക്ക് ഉണ്ടാ­കാ­റു­ള്ള പെ­ഴ്സീ­ഡ് (Perseid) ഉൽ­ക്കാ­വർ­ഷ­ത്തി­ന്റെ ഉറ­വി­ടം 2007 ആഗ­സ്റ്റില്‍ വന്നു­പോയ സ്വി­ഫ്റ്റ്-ടട്ടിൽ (Swift-Tuttle) ധൂ­മ­കേ­തു­വാ­ണ്.


­ധൂ­മ­കേ­തു­ക്ക­ളു­ടെ ഉറ­വി­ട­ത്തെ കു­റി­ച്ച് ഇന്നും കൃ­ത്യ­മായ ഒരു ചി­ത്രം നമു­ക്കി­ല്ല. സൌ­ര­യൂ­ഥ­ത്തി­ന്റെ വരാ­ന്ത എന്ന്‍ വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന വി­ധ­ത്തില്‍ നെ­പ്റ്റ്യൂ­ണി­ന്റെ ഓര്‍­ബി­റ്റി­നും പി­ന്നില്‍ 30 AU മു­തല്‍ 50 AU (ഭൂ­മി­യ്ക്കും സൂ­ര്യ­നും ഇട­യി­ലു­ള്ള ശരാ­ശ­രി ദൂ­ര­മാ­ണ് Astronomical Unit അല്ലെ­ങ്കില്‍ AU എന്ന ദൂര അള­വാ­യി ജ്യോ­തി­ശാ­സ്ത്ര­ത്തില്‍ ഉപ­യോ­ഗി­ക്കു­ന്ന­ത്) വരെ­യു­ള്ള ഭാ­ഗ­ത്ത് കാ­ണു­ന്ന കു­യ്പ്പര്‍ ബെല്‍­റ്റില്‍ (Kuiper belt) നി­ന്നും സൂ­ര്യ­നില്‍ നി­ന്നും ഏതാ­ണ്ട് ഒരു പ്ര­കാ­ശ­വര്‍­ഷം ദൂ­രെ സൌ­ര­യൂ­ഥ­ത്തെ പൊ­തി­ഞ്ഞു നില്‍­ക്കു­ന്ന മേ­ഘ­പ­ട­ല­മായ ഊര്‍­ട്ട് മേ­ഘ­ങ്ങ­ളില്‍ (Oort Cloud) നി­ന്നു­മാ­ണ് ഇവ വരു­ന്ന­ത് എന്ന ആശ­യ­ത്തി­നാ­ണ് ഇന്ന്‍ പര­ക്കെ അം­ഗീ­കാ­രം കി­ട്ടി­യി­ട്ടു­ള്ള­ത്.


­മ­ഞ്ഞും പാ­റ­ക്ക­ഷ­ണ­ങ്ങ­ളും പൊ­ടി­പ­ട­ല­ങ്ങ­ളും ചേര്‍­ന്ന അനേ­ക­കോ­ടി ആകാ­ശ­വ­സ്തു­ക്ക­ളു­ടെ തറ­വാ­ടാ­ണു കു­യ്പ്പര്‍ ബെല്‍­റ്റും ഊര്‍­ട്ട് മേ­ഖ­ല­യും. ഇവി­ട­ങ്ങ­ളില്‍ സ്വ­സ്ഥ­മാ­യി അല­ഞ്ഞു­തി­രി­ഞ്ഞു­കൊ­ണ്ടി­രു­ന്ന വസ്തു­ക്ക­ളില്‍ ചി­ല­ത് സൌ­ര­യൂ­ഥ­ത്തി­ലെ ഭീ­മന്‍ ഗ്ര­ഹ­ങ്ങ­ളു­ടെ­യോ സമീ­പ­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ­യോ സൂ­ര്യ­ന്റെ തന്നെ­യോ ഗു­രു­ത്വാ­കര്‍­ഷ­ണ­ത്തി­ന് വി­ധേ­യ­മാ­യി സൂ­ര്യ­ന്റെ നേര്‍­ക്ക് തള്ള­പ്പെ­ടാം. ഇങ്ങ­നെ വഴി തെ­റ്റി സൌ­ര­യൂ­ഥ­ത്തി­ന്റെ ഉള്ളി­ലേ­യ്ക്ക് കട­ക്കു­ന്ന ഇവ മറ്റ് ഗ്ര­ഹ­ങ്ങ­ളു­ടെ ഗു­രു­ത്വ­പ്ര­ഭാ­വം കാ­ര­ണം വീ­ണ്ടും പഥ­വ്യ­ത്യാ­സ­ത്തി­ന് വി­ധേ­യ­മാ­വു­ക­യും സൂ­ര്യ­നില്‍ പതി­ക്കാ­തെ അതി­നെ ദീര്‍­ഘ­വൃ­ത്താ­കാ­ര­മായ ഓര്‍­ബി­ട്ടില്‍ ചു­റ്റാന്‍ തു­ട­ങ്ങു­ക­യും ചെ­യ്യു­ന്നു. ഇങ്ങ­നെ­യാ­ണ് ധൂ­മ­കേ­തു­ക്കള്‍ നമ്മു­ടെ അടു­ത്തേ­ക്ക് വരു­ന്ന­ത് എന്നാ­ണ് ഇതു­വ­രെ­യു­ള്ള നി­ഗ­മ­നം­.


­പ്ര­ദ­ക്ഷി­ണ­കാ­ല­ത്തി­ന്റെ ദൈര്‍­ഘ്യം കണ­ക്കി­ലെ­ടു­ത്ത് ഇവ­യെ ഹ്ര­സ്വ­കാല ധൂ­മ­കേ­തു­ക്കള്‍ (200 വര്‍­ഷ­ത്തില്‍ താ­ഴെ) എന്നും ദീര്‍­ഘ­കാല ധൂ­മ­കേ­തു­ക്കള്‍ (200 വര്‍­ഷ­ത്തില്‍ കൂ­ടു­തല്‍) എന്നും രണ്ടാ­യി തി­രി­ക്കാ­റു­ണ്ട്. ഹ്ര­സ്വ­കാ­ല­ധൂ­മ­കേ­തു­ക്ക­ളു­ടേ­ത് താ­ര­ത­മ്യേന ശരാ­ശ­രി ദീര്‍­ഘ­വൃ­ത്താ­കൃ­തി­യു­ള്ള ഓര്‍­ബി­റ്റു­കള്‍ ആണ്. ഇവ കു­യ്പ്പര്‍ ബെല്‍­റ്റില്‍ നി­ന്നും വരു­ന്ന­താ­യി കണ­ക്കാ­ക്ക­പ്പെ­ടു­ന്നു. മറി­ച്ച് ദീര്‍­ഘ­കാല ധൂ­മ­കേ­തു­ക്ക­ളു­ടെ ഉറ­വി­ട­മാ­യി കണ­ക്കാ­ക്ക­പ്പെ­ടു­ന്ന­ത് ഊര്‍­ട്ട് മേ­ഖ­ല­യാ­ണ്. ഇവ­യ്ക്ക് വള­രെ നീ­ണ്ട ദീര്‍­ഘ­വൃ­ത്ത ഓര്‍­ബി­റ്റു­കള്‍ ആണു­ള്ള­ത്. പൊ­തു­വേ മൂ­ന്നേ­കാല്‍ വര്‍­ഷം മു­തല്‍ 10,00,000 വർ­ഷം വരെ പ്ര­ദ­ക്ഷി­ണ­കാ­ലം ഉള്ള ധൂ­മ­കേ­തു­ക്കള്‍ ഉണ്ടെ­ങ്കി­ലും ഒരി­ക്കല്‍ മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ട്ട് എന്നെ­ന്നേ­ക്കു­മാ­യി പോ­യി മറ­യു­ന്ന ധൂ­മ­കേ­തു­ക്ക­ളും ഉണ്ട്. അത്ത­ര­ത്തില്‍ ഒന്നാ­ണ് C/2011 L4 (PANSTARRS).


­പാന്‍­സ്റ്റാ­ഴ്സ് - ഈ മാ­സ­ത്തെ അതിഥി


ഈ മാര്‍­ച്ചില്‍ നമ്മ­ളെ സന്ദര്‍­ശി­ക്കു­ന്ന വി­ശി­ഷ്ട­നായ ധൂ­മ­കേ­തു­വാ­ണ് C/2011 L4 എന്ന ഔദ്യോ­ഗി­ക­നാ­മ­ത്തില്‍ അറി­യ­പ്പെ­ടു­ന്ന ­പാന്‍­സ്റ്റാ­ഴ്സ് (PANSTARRS). ഇത് ഒരി­ക്കല്‍ മാ­ത്രം പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഒന്നാ­ണ്, ഇനി ഒരു വര­വു­ണ്ടാ­കി­ല്ല. ഹവാ­യി­യി­ലെ മൌ­യീ ദ്വീ­പില്‍ സജ്ജീ­ക­രി­ച്ചി­രി­ക്കു­ന്ന Panoramic Survey Telescope and Rapid Response System (Pan-STARRS) എന്ന ടെ­ലി­സ്കോ­പ്പ് സം­വി­ധാ­നം ഉപ­യോ­ഗി­ച്ച് 2011 ജൂണ്‍ മാ­സ­ത്തി­ലാ­ണ് ഇതി­നെ ആദ്യ­മാ­യി കണ്ടെ­ത്തി­യ­ത്. ഒരു വര്‍­ഷം കൊ­ണ്ട് ഇതി­ന്റെ തി­ള­ക്കം ഏതാ­ണ്ട് 150 മട­ങ്ങ് വര്‍­ദ്ധി­ക്കു­ക­യു­ണ്ടാ­യി. 2012 ജനു­വ­രി ആയ­പ്പോ­ഴേ­ക്കും അതി­ന്റെ തി­ള­ക്കം വീ­ണ്ടും ശ്ര­ദ്ധേ­യ­മാ­യി വര്‍­ദ്ധി­ച്ചി­രു­ന്നു എങ്കി­ലും പി­ന്നീ­ട് അപ്ര­തീ­ക്ഷി­ത­മാ­യി അതി­ന്റെ തി­ള­ക്കം കു­റ­യാന്‍ തു­ട­ങ്ങി­യ­ത് വാ­ന­നി­രീ­ക്ഷ­ക­രെ അല്പ്പം നി­രാ­ശ­രാ­ക്കി എന്ന്‍ തന്നെ പറ­യ­ണം­.


­പ­ക്ഷേ ഈ വി­രു­ന്നു­കാ­ര­ന്റെ വര­വ് എന്നി­ട്ടും നമു­ക്ക് സന്തോ­ഷി­ക്കാന്‍ വക നല്കു­ന്നു­ണ്ട്. അങ്ങ് ദൂ­രെ ഊര്‍­ട്ട് മേ­ഖ­ല­യില്‍ നി­ന്നും ലക്ഷ­ക്ക­ണ­ക്കി­നു വര്‍­ഷ­ങ്ങള്‍ യാ­ത്ര ചെ­യ്തു വരു­ന്ന ഇദ്ദേ­ഹം ഇപ്പൊ­ഴും നഗ്ന­നേ­ത്ര­ങ്ങള്‍­ക്ക് ദൃ­ശ്യ­മാ­ണ് എന്ന­ത് തന്നെ കാ­ര­ണം. അത് സൂ­ര്യ­നോ­ട് ഏറ്റ­വും അടു­ത്ത് ചെ­ന്ന മാര്‍­ച്ച് 10-നാ­യി­രു­ന്നു ഇതി­ന് ഏറ്റ­വും തി­ള­ക്കം. പക്ഷേ അത് സൂ­ര്യ­ന്റെ പ്ര­ഭ­യില്‍ മു­ങ്ങി­പ്പോ­യി­രു­ന്നു. സൂ­ര്യ­നില്‍ നി­ന്നും ഇത് പതി­യെ അക­ന്ന്‍ തു­ട­ങ്ങു­ന്ന­തോ­ടെ, മാര്‍­ച്ച് 12­നു് ഇത് പര­മാ­വ­ധി പ്ര­ഭ­യോ­ടെ നമു­ക്ക് ദൃ­ശ്യ­മാ­കും എന്നാ­ണ് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. താ­ഴെ കൊ­ടു­ക്കു­ന്ന, NASA പ്ര­സി­ദ്ധീ­ക­രി­ച്ച ചി­ത്ര­ത്തില്‍ ചന്ദ്ര­നെ അടി­സ്ഥാ­ന­മാ­ക്കി പടി­ഞ്ഞാ­റന്‍ ചക്ര­വാ­ള­ത്തില്‍ പാന്‍­സ്റ്റാ­ഴ്സി­നെ കണ്ടു­പി­ടി­ക്കാ­നു­ള്ള സൂ­ച­ന­കള്‍ കാ­ണാം­.ക­റു­ത്ത വാ­വി­നോ­ട് അടു­ത്ത ദി­വ­സ­ങ്ങ­ളില്‍ ചന്ദ്രന്‍ സൂ­ര്യന്‍ അസ്ത­മി­ച്ച് അല്പ നേ­രം കഴി­യു­മ്പോള്‍ തന്നെ അസ്ത­മി­ക്കു­മെ­ന്നും പി­ന്നീ­ടു­ള്ള ദി­വ­സ­ങ്ങ­ളില്‍ ചന്ദ്രാ­സ്ത­മ­യം വൈ­കി­യാല്‍ പോ­ലും പാന്‍­സ്റ്റാ­ഴ്സ് സൂ­ര്യ­നില്‍ നി­ന്നും അക­ലു­ന്ന­തി­നാല്‍ തി­ള­ക്കം കു­റ­ഞ്ഞു­വ­രു­മെ­ന്നും ഓര്‍­ക്കു­മ­ല്ലോ. പടി­ഞ്ഞാ­റന്‍ ചക്ര­വാ­ളം കാ­ണാന്‍ കഴി­യും വി­ധം ഉയ­ര­മു­ള്ള ഒരു സ്ഥ­ലം നി­രീ­ക്ഷ­ണ­ത്തി­ന് കൂ­ടു­തല്‍ അനു­യോ­ജ്യ­മാ­യി­രി­ക്കും. മാ­ത്ര­മ­ല്ല, ധൂ­മ­കേ­തു­വി­ന്റെ വാല്‍ ഒരു ബൈ­നോ­ക്കു­ല­റി­ന്റെ­യോ ചെ­റിയ ടെ­ലി­സ്കോ­പ്പി­ന്റെ­യോ സഹാ­യ­ത്തോ­ടെ മാ­ത്ര­മേ വ്യ­ക്ത­മാ­യി കാ­ണു­വാന്‍ കഴി­യൂ എന്ന­തും ശ്ര­ദ്ധി­യ്ക്കു­ക. മാര്‍­ച്ച് മാ­സം അവ­സാ­ന­ത്തോ­ടെ പാന്‍­സ്റ്റാ­ഴ്സ് കാ­ണാന്‍ കഴി­യാ­ത്ത വി­ധം സൂ­ര്യ­നില്‍ നി­ന്നും അക­ന്ന്‍ പോ­യി­രി­ക്കും. ഈ അപൂര്‍വ അവ­സ­രം എല്ലാ­വ­രും പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ ശ്ര­മി­ക്കു­മ­ല്ലോ­.


(PS: മറ്റേ­തൊ­രു ആകാ­ശ­ക്കാ­ഴ്ച­യെ­യും പോ­ലെ തെ­ളി­ഞ്ഞ ആ­കാ­ശം­ ഇതി­നും ഒരു അവ­ശ്യ­ഘ­ട­ക­മാ­ണെ­ന്ന് പ്ര­ത്യേ­കം പറ­യേ­ണ്ട­തി­ല്ല­ല്ലോ­.)


||വൈശാഖന്‍ തമ്പി ഡി. എസ്.|| AASTRO ||

മാര്‍ച്ച് മാസത്തെ ആകാശം

[caption id="attachment_1726" align="aligncenter" width="834"] 2013 മാർച്ച് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8.30ന് കാണുന്ന ആകാശദൃശ്യം.[/caption]