ആസ്ട്രോ തിരുവനന്തപുരം പ്രതിമാസക്ലാസ് നവംബര്‍ ലക്കം -'പ്രപഞ്ചം ഇന്ന്'

ആസ്ട്രോ തിരുവനന്തപുരം ഘടകം  പ്രതിമാസ ജ്യോതിശാസ്ത്ര പ്രഭാഷണപരമ്പരയുടെ പുതിയ സീസണ്‍ ആദ്യ ക്ലാസ് നവംബര്‍ 1, വ്യാഴാഴ്ച 5.30 നു പ്ലാനെറ്റേറിയത്തില്‍ വെച്ചു നടന്നു. 'പ്രപഞ്ചം ഇന്ന്' എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി വൈശാഖന്‍ തമ്പി ക്ലാസിന് നേതൃത്വം നല്കി. അരിസ്ടോട്ടില്‍ മുതല്‍  പ്രപഞ്ച മാതൃകകളില്‍ വന്ന പരിഷ്കരണങ്ങളും ന്യൂട്ടന്‍, ഐന്‍സ്റ്റീന്‍, ഹബിള്‍ തുടങ്ങിയവര്‍ അതില്‍ നല്കിയ നാഴികക്കല്ലുകളായ സംഭാവനകളും അവതരിപ്പിക്കപ്പെട്ടു. ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍  തുടങ്ങി ഡാര്‍ക്ക്  മാറ്റര്‍  വരെയുള്ള ആകാശവസ്തുക്കളിലെ വൈവിധ്യം, ഭൂമിയ്ക്ക് പ്രപഞ്ചത്തില്‍ ഉള്ള സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പ്രഭാഷണത്തില്‍  വിശദീകരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍, ശാസ്ത്രജ്ഞര്‍, മറ്റ് ശാസ്ത്രപ്രചാരകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീ. ഡി. കൃഷ്ണ വാര്യര്‍, ശ്രീ. കിരണ്‍ മോഹന്‍ തുടങ്ങിയവര്‍ ഈ വിഷയത്തിലുള്ള തങ്ങളുടെ അറിവുകളും നുറുങ്ങുകളും പങ്കു വെച്ചു. സ്ഥലകാല സമന്വയം, ഗുരുത്വതരംഗങ്ങള്‍ തുടങ്ങിയവ മനസില്‍ ചിത്രീകരിച്ച് കാണുവാനുള്ള പരിമിതികള്‍ വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന ആസ്ട്രോ ജില്ലാകമ്മിറ്റി യോഗത്തില്‍ കോളേജുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂളുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് വാനനിരീക്ഷണപരിപാടികള്‍, ക്ലാസുകള്‍, ക്വിസ് മല്‍സരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ശാസ്ത്ര - ജ്യോതിശാസ്ത്ര പ്രചാര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും  ആസ്ട്രോ മാഗസീന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനും തീരുമാനമായി.

No comments:

Post a Comment