ലോകമെമ്പാടുമുള്ള അനേകം മനുഷ്യരുടെ ക്യൂരിയോസിറ്റി ക്കൊടുവില്‍ സംഭ്രമത്തിന്‍റെ ഏഴു നിമിഷങ്ങള്‍ (Seven Minutes of Terror) പിന്നിട്ട് നാസയുടെ ക്യുരിയോസിറ്റി പര്യവേഷണ വാഹനം വിജയകരമായി ചൊവ്വയുടെ മണ്ണിലിറങ്ങി.   നമ്മുടെ അതേ വ്യക്തിത്വമുള്ള ക്യുരിയോസിറ്റി ചെന്നിറങ്ങിയതേ വിവരം ട്വീറ്റ് ചെയ്തു, ക്യാമറയുടെ ലെന്‍സ് കവര്‍ പോലും മാറ്റാതെ ഒരു ചിത്രമെടുത്ത് അയക്കുകയും ചെയ്തു. ജെറ്റ് പ്രൊപ്പെല്‍ഷന്‍ ലാബോറട്ടറിയിലെ ശാസ്ത്രസംഘത്തിന്‍റെ ആനന്ദാശ്രുക്കള്‍ നാസ ടിവിയില്‍ തല്‍സമയം കണ്ടു നിര്‍വൃതിയടഞ്ഞു. 10 വര്‍ഷമായി ആ ശാസ്ത്രജ്ഞര്‍ പണിയെടുക്കുന്ന ഒരു പദ്ധതിയുടെ വിജയമാണിത്, ചരിത്രവിജയം.   നാസയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പരീക്ഷണമാണ് ഇത്. ലോകത്തൊരു ബഹിരാകാശ ഗവേഷണ കേന്ദ്രവും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ നാസ സഞ്ചരിക്കുകയാണ്. ഇതുവരെ സാങ്കേതികപ്പിഴവില്ലാതെ, കൃത്യമായ ഇടവേളകളില്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവിധ ഘട്ടങ്ങളായി നിയന്ത്രിച്ച് ബഹിരാകാശത്തേക്ക് അയച്ചിരുന്ന വാഹനങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ടയര്‍ ചുംബിച്ചിറങ്ങാന്‍ സാധ്യതയുള്ള പര്യവേഷണവാഹനം ക്യുരിയോസിറ്റി. വിജയിച്ചാല്‍ അത് 100 ശതമാനം, പരാജയപ്പെട്ടാല്‍ അതും 100 ശതമാനം. ക്യുരിയോസിറ്റിയെ ചൊവ്വയിലെത്തിക്കുന്നതിലെ അവസാന മിനിറ്റുകളെ സെവന്‍ മിനിറ്റ്സ് ഓഫ് ടെറര്‍ എന്നു നാസ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. ഇതുവരെ നടത്താത്ത പരീക്ഷണം. ഒറ്റനോട്ടത്തില്‍ പ്രാകൃതമെന്നു തോന്നാവുന്ന ലൊടുക്കുവിദ്യ ഉപയോഗിച്ചാണ് നാസ ക്യുരിയോസിറ്റിയെ ചൊവ്വയിലിറക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ബഹിരാകാശത്തു നിന്ന് കയറില്‍ കെട്ടിയിറക്കുന്ന പരിപാടി. പക്ഷെ, ചൊവ്വയാണ് കക്ഷി. ഗുരുത്വാകര്‍ഷണം മുതല്‍ ഒരായിരം ഘടകങ്ങളില്‍ സാധനങ്ങള്‍ കയറില്‍ കെട്ടിയിറക്കി ശീലിച്ചിട്ടുള്ള നമ്മള്‍ അതേ വിദ്യ ചൊവ്വയില്‍ പരീക്ഷിക്കുമ്പോള്‍ അതിന്‍റെ റിസ്ക് 101 ശതമാനമാണ്. മറ്റു പദ്ധതികളില്‍ നിന്നു വ്യത്യസ്തമായി തികച്ചും ഉദ്വേഗജനകമായി ഇത് മാറുന്നതും അല്‍പമെങ്കിലും താല്‍പര്യമുളളവരെ സസ്പെന്‍സിന്‍റെ മുള്‍മുനയിലാക്കുന്നതും ഈ ഘടകങ്ങളാണ്. ചൊവ്വയെ അരച്ചുകലക്കി കുടിക്കാനുള്ള കോപ്പുമായാണ് ക്യുരിയോസിറ്റിയെ അയച്ചിരിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍, ഒരു പര്യവേഷണവാഹനമല്ല, നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയിലെ ശാസ്ത്രജ്ഞന്മാരുടെ പൂര്‍ണനിയന്ത്രത്തിലുള്ള ലോകത്തെ ആദ്യത്തെ മൊബൈല്‍ സയന്‍സ് ലാബോറട്ടറിയാണ് ക്യുരിയോസിറ്റി. ഒരു മിനി നാസ !മനുഷ്യന്‍ ഭൂമിക്കു പുറത്തേക്കയക്കുന്നവയില്‍ വച്ച് ഏറ്റവും നൂതനം. ആണവോര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന ക്യുരിയോസിറ്റിയിലെ പ്രധാന ആകര്‍ഷണം ചുറ്റുമുള്ള കാര്യങ്ങളും ഉള്ളിലെ വിശേഷങ്ങളും എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സ്ഥാപിച്ചിരിക്കുന്ന 17 ഹൈ ഡെഫനിഷന്‍ ക്യാമറകളാണ്. ഭൂമിയിലിരുന്നു കൊണ്ട് അത് നിയന്ത്രിക്കുന്ന ശാസ്ത്രജ്ഞര്‍ ചൊവ്വയില്‍ നിന്നുള്ള ഹൈ റെസലൂഷല്‍ ചിത്രങ്ങളും എച്ച്ഡി വിഡിയോകളും നമുക്ക് ലഭ്യമാക്കും. കഴിഞ്ഞ നവംബറിലാണ് സാധനം നാസ ഭൂമിയില്‍ നിന്ന് അയച്ചത്. വിജയകരമായി ചൊവ്വയിലിറങ്ങിയാല്‍ രണ്ടുവര്‍ഷം നീളുന്ന കൂലങ്കഷമായ ഗവേഷണപര്യവേഷണ പരിപാടികളില്‍ ക്യുരിയോസിറ്റി മുഴുകും, ഒപ്പം ഊണും ഉറക്കവുമില്ലാതെ ജെപിഎല്ലിലെ ശാസ്ത്രജ്ഞരും. ക്യൂരിയോസിറ്റിയുടെ ലാന്‍ഡിങ് കാണാന്‍ ക്യുരിയോസിറ്റിയുള്ളവരെ ആരെയും നാസ നിരാശപ്പെടുത്തില്ല. ഇക്കുറി ആദ്യമായി ചൊവ്വയില്‍ നടക്കുന്ന കാര്യങ്ങള്‍ നാസ തല്‍സമയം ലോകത്തിനു കാട്ടിക്കൊടുക്കുകയാണ്.               ക്യൂരിയോസിറ്റിയെ ചുവന്ന ഗ്രഹത്തില്‍ എത്തിക്കാനായത് ശാസ്ത്രലോകത്തിന്റെ ഏറ്റവും മികച്ച നേട്ടമാണ്. ഇന്ത്യന്‍ സമയം രാവിലെ 11:02 ആയിരുന്നു പേടകം ചൊവ്വയെ തൊട്ടത്. അപ്പോള്‍ ചൊവ്വയില്‍ സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണി. ഗ്രഹമധ്യരേഖയോടു ചേര്‍ന്നുള്ള 'ഗേല്‍ ക്രേറ്റര്‍' എന്ന പടുകൂറ്റന്‍ കുഴിയുടെ അടിത്തട്ടിലാണ് പേടകം ഇറങ്ങിയത്. മുന്‍കാല ചൊവ്വാപര്യവേക്ഷക പേടകങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതുകൊണ്ടാണ് ക്യൂരിയോസിറ്റിക്ക് വേണ്ടി സങ്കീര്‍ണ്ണമായ ലാന്‍ഡിങ് രീതി പരീക്ഷിക്കേണ്ടി വന്നത്. സ്പിരിറ്റ്, ഓപ്പര്‍ച്യുണിറ്റി തുടങ്ങിയ മുന്‍പേടകങ്ങള്‍ എയര്‍ബാഗുകളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയതെങ്കില്‍ ആകാശ ക്രെയിന്‍ സംവിധാനമാണ് ക്യൂരിയോസിറ്റിക്കായി ഉപയോഗിച്ചത്.   ലാന്‍ഡിങ്ങിന് ഏഴു മിനുട്ട് മുന്‍പ് വിക്ഷേപണവാഹനത്തില്‍ നിന്ന് വേര്‍പെടുന്ന പേടകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. ആകാശക്രെയിനാണ് പിന്നീട് പേടകത്തെ താങ്ങുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ അതിവേഗമാര്‍ജിക്കുന്ന പേടകം പിന്നീട് വേഗം കുറച്ച് വളഞ്ഞ് പുളഞ്ഞ് ഇറങ്ങുന്നു. പേടകത്തിന്റെ ആറ് ചക്രങ്ങളും ചൊവ്വയുടെ പ്രതലത്തില്‍ മുട്ടുന്നതോടെ ആകാശ ക്രെയിനുമായി അതിനെ ബന്ധിപ്പിച്ചിരുന്ന നൈലോണ്‍ ചരടുകള്‍ വിച്ഛേദിക്കപ്പെടും. ക്രെയിന്‍ പറന്നകലുകയും സുരക്ഷിതമായ ദൂരത്തെത്തിയശേഷം തകര്‍ന്നുവീഴുകയും ചെയ്യും. ചൊവ്വയില്‍ എന്നെങ്കിലും ജീവന്റെ സാനിധ്യമുണ്ടായിരുന്നോ എന്നതിന്റെ തെളിവുകള്‍ ചൊവ്വയിലെ കുഴിയില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കുള്ളത്. അതിനാവശ്യമായ ഉപകരണങ്ങള്‍ വഹിച്ചാണ് 566 ദശലക്ഷം കിലോമീറ്റര്‍ പറന്ന് ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയത്.

[caption id="attachment_1482" align="aligncenter" width="635" caption="ക്യൂരിയോസിറ്റി ഭൂമിയിലേക്കയച്ച ആദ്യ ചിത്രം "][/caption]

2011 നവംബര്‍ 26-നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 56.6 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ക്യൂരിയോസിറ്റി ഇപ്പോള്‍ ചൊവ്വയെ സ്പര്‍ശിച്ചിരിക്കുന്നത്. നാസയുടെ മറ്റ് ചൊവ്വ പര്യവേഷണങ്ങളിലൊന്നും പരീക്ഷിയ്ക്കാത്ത സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു വാഹനം ചൊവ്വയില്‍ ഇറങ്ങിയത്. ആകാശ ക്രെയ്ന്‍ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചത്. ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യത്തെക്കുറിച്ചാ‍ണ് ക്യൂരിയോസിറ്റി പ്രധാനമായും പഠിക്കുക. ചൊവ്വയില്‍ എന്നെങ്കിലും ജീവാണുസാന്നിധ്യമുണ്ടായിരുന്നോ എന്നതിന്റെ തെളിവുകള്‍ ഈ ഗേല്‍ ക്രേറ്ററില്‍ നിന്നും ലഭിക്കും എന്ന പ്രതീക്ഷയിലാണ് നാസ. രണ്ട് വര്‍ഷം നീളുന്ന ദൗത്യമാണ് ക്യൂരിയോസിറ്റിയുടേത്. നാസ നടത്തുന്ന ഏഴാമത്തെ ചൊവ്വാ പര്യവേഷണമാണ്. ഈ ദൌത്യത്തിന് ഏതാണ്ട് 250 കോടി ഡോളര്‍ (13,750 കോടി രൂപ ) ആണ് ചെലവ്. ചൊവ്വയിലെ ജലത്തിന്റെയും ജീവന്റെയും സാന്നിദ്ധ്യത്തെക്കുറിച്ചറിയാന്‍ ലോകം 'ക്യൂരിയോസിറ്റി' യിലാണിപ്പോള്‍. .

No comments:

Post a Comment