വരുന്നൂ ആസ്ട്രോ മാഗസിന്‍..... !!!

ഏറണാകുളം : ആസ്ട്രോ കേരള  പ്രസിദ്ധീകരണ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. ആസ്ട്രോയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന  ത്രൈമാസികയുടെ ആദ്യലക്കം ഒക്ടോബറോടെ പുറത്തിറങ്ങും.

എറണാകുളം മഹാരാജാസ്‌ കോളേജില്‍ വച്ചു ചേര്‍ന്ന ആസ്ട്രോ എക്സിക്യൂട്ടീവ്‌ - പ്രസിദ്ധീകരണ സമിതി യോഗത്തില്‍ സംസ്ഥാന  പ്രസിഡന്‍റ് ശ്രീ.എം .പി. സി. നമ്പ്യാര്‍, സെക്രട്ടറി ശ്രീ.വൈശാഖന്‍ തമ്പി, പ്രൊഫ. കെ പാപ്പൂട്ടി, ഡോ. എന്‍ ഷാജി, പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍, ഡോ. അജിത്‌ പ്രസാദ്‌, ഡോ. ശോഭന്‍,ഡോ.അജിത്‌ പ്രസാദ്‌, ഡോ. ടൈറ്റസ്‌ മാത്യു, ഡോ. ശിവകുമാര്‍,സര്‍വശ്രീ കൃഷ്ണവാര്യര്‍, കെ പി ശ്രീനിവാസന്‍, വി എസ്  ശ്രീജിത്ത്‌,രാമചന്ദ്രന്‍,കെ . വിജയന്‍,കെ വി എസ് കര്‍ത്താ,എന്‍ സാനു,വി എസ് ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.

സംഘടനയുടെ മുഖപ്പത്രം എന്ന നിലയിലും  അതിന്‍റെ ജില്ലാഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്രേരക ശക്തി എന്ന നിലയിലും കൂടിയാണ് മാഗസീന്‍ വിഭാവനം ചെയ്യപ്പെടുന്നത്. വാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്യുന്ന ഇടം എന്നതിനപ്പുറം ഒരു ഗ്രന്ഥമായി പരിഗണിപ്പെടാന്‍ കഴിയുന്ന വിധമാണ് ഉള്ളടക്കം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തന വാര്‍ത്തകള്‍ക്കൊപ്പം നിരീക്ഷണ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള ട്യൂട്ടോറിയല്‍ സെക്ഷനുകള്‍, ജ്യോതിശാസ്ത്രത്തിലെയും മറ്റ് അനുബന്ധ വിഷയങ്ങളിലെയും രസകരമായ വസ്തുതകള്‍, മേഘങ്ങള്‍, മഴവില്ല് തുടങ്ങി ആകാശത്തിലെ മറ്റ് കൌതുകങ്ങള്‍, ശാസ്ത്രത്തിലെ മറ്റ് ദാര്‍ശനിക വശങ്ങള്‍, പുസ്തക - വെബ്സൈറ്റ് റിവ്യൂകള്‍, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍,ചിത്രങ്ങള്‍,വായനക്കാരുടെ സംശയനിവാരണം, വായനക്കാരന് സ്വയം ചെയ്യാവുന്ന ജ്യോതിശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരിക്കും മാഗസീന്‍റെ മുഖ്യ ഉള്ളടക്കം. എല്ലാ തരം വായനക്കാര്‍ക്കും ഉതകുന്ന രീതിയിലുള്ള വൈവിധ്യം ഉള്ളടക്കത്തില്‍ ഉണ്ടാകും.

കേരളത്തിനകത്തും പുറത്തുമുള്ള  ജ്യോതിശാസ്ത്ര രംഗത്തെ വിദഗ്ധര്‍, ശാസ്ത്രഞ്ജര്‍, അധ്യാപകര്‍, ശാസ്ത്ര എഴുത്തുകാര്‍ തുടങ്ങിയവര്‍ ഉപദേശക സമിതിയിലും പത്രാധിപ സമിതിയിലും ഉണ്ട്..മാഗസീന്‍റെ എഡിറ്റര്‍ ആയി ശ്രീ.ഡി.കൃഷ്ണവാര്യരും മാനേജിങ് എഡിറ്റര്‍ ആയി ശ്രീ.എം.പി.സി.നമ്പ്യാരും പ്രവര്‍ത്തിക്കും.എഡിറ്റോറിയല്‍ ബോര്‍ഡില്‍ ശ്രീ.കെ.പി.ശ്രീനിവാസന്‍, ഡോ.അജിത് പ്രസാദ്, ശ്രീ.ശ്രീജിത് വി.എസ്, ശ്രീ.കെ.വി.എസ്.കര്‍ത്താ, ശ്രീ.കെ.വിജയന്‍, ഡോ.ടൈറ്റസ് കെ മാത്യൂ, ശ്രീ കിരണ്‍ മോഹന്‍, ശ്രീ വി.എസ്.ശ്യാം, പ്രൊഫ.കെ.പാപ്പുട്ടി, ശ്രീ. എം.പി.സി.നമ്പ്യാര്‍, ഡോ.എന്‍.ഷാജി, പ്രൊഫ.ബാലകൃഷ്ണന്‍ നായര്‍, ഡോ.ശിവകുമാര്‍ എന്നിവര്‍ ഉണ്ടാകും.ശ്രീ.രാമചന്ദ്രന്‍, ശ്രീ.കെ.പി.ശ്രീനിവാസന്‍, ശ്രീ.കെ.വിജയന്‍ എന്നിവര്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ ചുമതല വഹിക്കും.ഒരു മാസത്തെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ ചര്‍ച്ചകള്‍ക്കായി  ഓഗസ്റ്റ് ആദ്യ വാരം പ്രസിദ്ധീകരണ സമിതിയുടെ അടുത്ത യോഗം ചേരും.

ആസ്ട്രോ എറണാകുളം ചാപ്റ്ററിന്‍റെ ഔദ്യോഗിക  ഉദ്ഘാടനം ജൂലൈയില്‍ നടക്കും. ആസ്ട്രോ സംസ്ഥാന സമിതി യോഗം ഓഗസ്റ്റ്‌ ആദ്യവാരം തൃശൂരില്‍ വച്ച് ചേരും.

 

 

 

No comments:

Post a Comment