ശുക്രന്‍ സൂര്യനു പൊട്ടുകുത്തി.....

ഈ നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണം ദൃശ്യമായി.മേഘാവൃതമായ മാനത്ത് ഒളിഞ്ഞും തെളിഞ്ഞും ചെറിയ ഇടവേളകളിലും ഒക്കെയായി കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിനാളുകള്‍ ഈ അപൂര്‍വ ജ്യോതിശാസ്ത്ര പ്രതിഭാസം ദര്‍ശിച്ചു. സൂര്യോദയ സമയത്ത്  പലയിടങ്ങളിലും ആകാശം മേഘാവൃതമായിരുന്നെങ്കിലും പിന്നീട് പല തവണ തെളിഞ്ഞ  ഇടവേളകളില്‍ ശുക്രന്‍ സൂര്യനു മുന്നിലെ കറുത്ത പൊട്ടായി നീങ്ങുന്നത് വ്യക്തമായി കാണുവാന്‍ കഴിഞ്ഞു. പത്തു മണിക്ക് ശേഷം കരിന്തുള്ളി പ്രതിഭാസത്തോടെ ശുക്രന്‍ സൂര്യ മുഖത്ത് നിന്ന് നീങ്ങിപ്പോയത് കേരളത്തില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ദര്‍ശിക്കുവാന്‍ കഴിഞ്ഞുള്ളു.

[caption id="attachment_1410" align="aligncenter" width="964" caption="ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിനും 2012 ജൂൺ 6 നും ദൃശ്യമായ ഈ ആകാശവിസ്മയം ഇനി 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും കാണാനാവുക."][/caption]

 

ശുക്ര സംതരണത്തോട് അനുബന്ധിച്ച്  ആസ്ട്രോ സംഘടിപ്പിച്ച പൊതു ജന ശാസ്ത്ര പ്രചാരണ ശിബിരത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ പരിശീലനങ്ങള്‍ മുതല്‍ സ്കൂള്‍-പ്രാദേശിക കേന്ദ്രങ്ങളില്‍ നടന്ന ശുക്രസംതരണദര്‍ശനം വരെ വരെ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളായി. തങ്ങളുടെ ജീവിത കാലത്ത്  ദര്‍ശിക്കാന്‍ സാധ്യമായ അവസാന ശുക്ര സംതരണം വീക്ഷിക്കുവാനും അതിനു പിന്നിലെ ശാസ്ത്രം മനസിലാക്കുവാനും ഏവരും അത്യധികം ആകാംക്ഷയോടെയാണ്  ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും അതില്‍ പങ്കാളികളായതും.

തിരുവനന്തപുരത്ത് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ആസ്ട്രോയുടെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ശുക്ര സംതരണം ദര്ശിക്കുന്നതിനു വിപുലമായ സൌകര്യങ്ങള്‍ ആണ് ഒരുക്കിയിരുന്നത്.വലിയ ടെലിസ്കോപ്പുകള്‍, ബിഗ്‌ സ്ക്രീന്‍ പ്രോജക്ഷനുകള്‍ തുടങ്ങിയവ ഉപയോഗിച്ച്  ഒട്ടനവധി ആളുകള്‍ ശുക്ര സംതരണം കണ്ടു.ആസ്ട്രോ റിസോഴ്സ്  ഗ്രൂപ്പ്‌ അംഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ശുക്ര സംതരണത്തിന്റെ ശാസ്ത്രം വിശദീകരിച്ചു.ആസ്ട്രോ വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ ശുക്ര സംതരണവുമായി ബന്ധപ്പെടുത്തി പ്രത്യേക പ്ലാനറ്റേറിയം ഷോ തയ്യാറാക്കി അവതരിപ്പിച്ചു.

കൊല്ലം ജില്ലാതല പരിശീലനം മെയ്‌ 29ന് കൊട്ടാരക്കര പഠന കേന്ദ്രത്തിൽ വച്ചു നടന്നു.ജൂൺ ആറിന് രാവിലെ കൊട്ടാരക്കര ബോയ്സ് സ്കൂൾ മൈതാനത്ത് നിരവധി വിദ്യാർഥികളും പൊതുജനങ്ങളും ശുക്ര സംതരണം ദർശിച്ചു.താഴത്തുകുളക്കട, ശാസ്താംകോട്ട,കരുനാഗപ്പള്ളി,കൊല്ലം,ചടയമംഗലം,പുനലൂര്‍ തുടങ്ങി ഒട്ടനവധി കേന്ദ്രങ്ങളിലും വിവിധ സ്കൂളുകളിലും പരിപാടികള്‍ നടന്നു.

[caption id="attachment_1411" align="aligncenter" width="692" caption="ഈ കാഴ്ച ആയുസ്സിലൊരിക്കല്‍ മാത്രം ; ആലപ്പുഴയില്‍ നിന്ന് "][/caption]

ആലപ്പുഴയിൽ 15 - ൽപ്പരം കേന്ദ്രങ്ങളിലാണ് ശുക്രസംതരണം വീക്ഷിക്കാൻ സൌകര്യമൊരുക്കിയിരുന്നത്. പരിപാടികള്‍ക്ക് മുന്നോടിയായി  ഏഴായിരത്തോളം സൌരക്കണ്ണടകൾ  നിർമ്മിച്ച് വിതരണം നടത്തി. 250 സ്കൂളുകളിലെ അദ്ധ്യാപകർക്ക് നിരീക്ഷണത്തിനുള്ള പരിശീലനം നൽകി. ചേർത്തല എൻ.എസ്.എസ്, എസ്.എൻ.കോളേജ്, അമ്പലപ്പുഴ ഗവൺമെന്റ് കോളേജ് എന്നീ സ്ഥലങ്ങളിൽ  "ശുക്രസംതരണം : ചരിത്രവും പ്രാധാന്യവും" എന്ന വിഷയത്തിൽ ക്ലാസ്സുകൾ നടത്തി.

എറണാകുളം,തൃശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ അഞ്ചിലേറെ പ്രധാന  കേന്ദ്രങ്ങളിലും നിരവധി സ്കൂള്‍-കോളേജുകളിലും ഒട്ടനവധി പേര്‍ ശുക്രസംതരണം നിരീക്ഷിച്ചു.ആസ്ട്രോ കോഴിക്കോട് മലപ്പുറം ജില്ലാ ഘടകങ്ങള്‍ വലിയ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് ശുക്ര സംതരണം പ്രോജക്ഷന്‍ ചെയ്യുകയുണ്ടായി. റീജിയണല്‍ ശാസ്ത്ര കേന്ദ്രത്തില്‍ വിപുലമായ പരിപാടികള്‍ നടന്നു.അന്‍പതിലേറെ സ്കൂളുകളില്‍ ശാസ്ത്ര ക്ലാസ്സുകള്‍ നടന്നു.

വയനാട് അമ്പലവയല്‍ സ്കൂള്‍ ഗ്രൌണ്ടിലും മറ്റു വിവിധ കേന്ദ്രങ്ങളിലും നടത്തിയ പരിപാടികളില്‍ ഒട്ടനവധി ആളുകള്‍ പങ്കു ചേര്‍ന്നു.കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ ശുക്ര സംതരണം വീക്ഷിക്കുവാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.

മണ്‍സൂണ്‍ ആരംഭ ദശയില്‍ ആയതിനാല്‍ മേഘാവൃതമായ ആകാശവും ചെറിയ മഴയും മൂലം പലയിടങ്ങളിലും ശാസ്ത്ര കുതുകികള്‍ക്ക് നിരാശരാവേണ്ടി വന്നു.എന്നാല്‍ മിക്കവാറും സ്ഥലങ്ങളില്‍ ഭാഗികമായോ മുഴുവനായോ ഈ അപൂര്‍വ ജ്യോതി ശാസ്ത്ര പ്രതിഭാസം ദൃശ്യമായി. ജ്യോതിശാസ്ത്ര പ്രചാരണ രംഗത്ത്  വലിയ ചലനങ്ങള്‍ ഉണ്ടാക്കുവാനും ശാസ്ത്ര പ്രചാരത്തിന്റെയും യുക്തി ബോധത്തിന്റെയും വഴിയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടെത്തിക്കുവാനും ആസ്ട്രോ ശുക്ര സംതരണം കാംപെയ്നുകള്‍ക്ക് കഴിഞ്ഞു.

വി എസ്

No comments:

Post a Comment